എംടി അനശ്വര സാഹിത്യകാരൻ: ലാന അനുസ്മരണം

Mail This Article
ന്യൂയോർക്ക്∙ എംടി എന്ന രണ്ടക്ഷരം മലയാളത്തിന്‍റെ പര്യായമായി ലോകം മുഴുവൻ വ്യാപിച്ചിട്ട് ഏഴ് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ . എഴുതിത്തുടങ്ങിയ കാലം മുതൽ ലോകമെമ്പാടുമുള്ള മലയാളികൾ ഹൃദയത്തോട് ചേർത്തുവായിച്ച എഴുത്തുകാരനാണ് എംടി നാല് തലമുറകളുടെ ഹൃദയത്തിൽ ഒരേ വികാരതീവ്രതയോടെ ആധിപത്യം ഉറപ്പിച്ച ഒരെഴുത്തുകാരൻ. മരണശേഷവും ജനഹൃദയങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന വ്യക്തിത്വമാണ് എംടി അദ്ദേഹത്തിന്‍റെ നിര്യാണത്തോടെ ഭാഷയുടെ വംശവൃക്ഷം വീണതുപോലെയുള്ള ഒരനുഭവമാണ് ഉണ്ടായയത്. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക - ലാനയുടെ 2025 വർഷത്തെ പ്രവർത്തനോദ്ഘാടനവും എംടി അനുസ്മരണവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എന്‍റെ " എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ എംടി പറഞ്ഞ കഥകളൊക്കെ ഓരോരുത്തരുടെയും സ്വന്തമായി തീർന്നു. വായിച്ചവർ കഥാപാത്രങ്ങളെ അവരവർ തന്നെയായി കരുതി.മലയാള കവിതയിൽ ചങ്ങമ്പുഴ അനുഷ്ഠിച്ച ധർമം മലയാള കഥയിലും നോവലിലും എംടി സാക്ഷാൽകരിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
∙പുരോഗമന പ്രസ്ഥാനം ലോകത്തിലെ സർവ്വ വൈവിധ്യങ്ങളെയും ഉൾക്കൊള്ളണം: കെ.എം. നരേന്ദ്രൻ
പുരോഗമന പ്രസ്ഥാനം എന്നത് ലോകത്തിലെ സർവ്വ വൈവിധ്യങ്ങളെയും കയ്യിൽ ഒതുക്കാൻ പറ്റുന്ന തരത്തിലുള്ള ഹൃദയവിശാലതയുള്ളവർക്ക് മാത്രം പറഞ്ഞിട്ടുള്ള ഒരു മാർഗമാണെന്ന് പ്രശസ്ത നിരൂപകനും എഴുത്തുകാരനും ആകാശവാണിയുടെയും ദൂരദർശന്‍റെയും ഡയറക്ടറുമായിരുന്ന കെ.എം. നരേന്ദ്രൻ. എം. ഗോവിന്ദൻ, ഇടശ്ശേരി, വൈലോപ്പിള്ളി എന്നിവർ അതിന്‍റെ പൂർണാർത്ഥത്തിൽ ഉൾക്കൊണ്ട വ്യക്തികളാണെന്ന് കെ.എം. നരേന്ദ്രൻ ഓർമിപ്പിച്ചു. ലാനയുടെ 2025 വർഷത്തെ പ്രവർത്തനോത്ഘാടന സമ്മേളനത്തിന് ആശംസ നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യന്താധുനിക കവിതകൾ ഉണ്ടായിട്ടുപോലും ഇന്ന് നാം മോഹിക്കുന്ന ചലച്ചിത്ര ഗാനങ്ങൾ മുഴുവൻ കാല്പനികമാണ്. പഴയ കാല്പനിക കവിതകളും ചലച്ചിത്രഗാനങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. നമുക്കത് ഇഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി
ലാന പ്രസിഡന്‍റ് ശങ്കർ മന അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ലാന വൈസ് പ്രസിഡന്‍റ് ഹരിദാസ് തങ്കപ്പൻ സ്വാഗതം പറഞ്ഞു. ലാന ജോയിന്‍റ് ട്രഷറർ നിർമല ജോസഫ് കൃതജ്ഞത പ്രകാശിപ്പിച്ചു. ലാന പ്രോഗ്രാം കമ്മിറ്റി ചെയർ ജേക്കബ് ജോൺ എം.സി. ആയി പ്രവർത്തിച്ചു. ചർച്ചയിൽ രാജീവ് പഴുവിൽ, ഡോ. സുകുമാർ കാനഡ എന്നിവർ പങ്കുചേർന്നു.
പരിപാടിയുടെ വിഡിയോ ലിങ്ക്: https://lanalit.org/video-gallery
(വാർത്ത : അമ്പഴയ്ക്കാട്ട് ശങ്കരൻ)