കുടിയേറ്റ നിയന്ത്രണ നടപടികളിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ തെരുവിലിറങ്ങി

Mail This Article
ഡാലസ് ∙ കുടിയേറ്റ നിയന്ത്രണ നടപടികളിൽ പ്രതിഷേധിച്ച് നോർത്ത് ടെക്സസിലെ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ വിദ്യാർഥികൾ ഇറങ്ങിപ്പോയി. കുടിയേറ്റ നിയന്ത്രണ റെയ്ഡുകളിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ വെള്ളിയാഴ്ച തെരുവിലിറങ്ങിയത്.
40 ഓളം വിദ്യാർഥികൾ ഇർവിങ് ഹൈസ്കൂളിൽ നിന്ന് സിറ്റി ഹാളിലേക്ക് മാർച്ച് നടത്തി. പലരും മെക്സിക്കോയുടെയും ഹോണ്ടുറാസിന്‍റെയും പതാകകൾ വീശിയാണ് മാർച്ചിൽ പങ്കെടുത്തത്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്താനുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പദ്ധതികളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭയമുണ്ടെന്നും ക്ലാസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു.
നിയമവിരുദ്ധമായ കുടിയേറ്റത്തിനെതിരെ കർശന നടപടിയാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. സ്‌കൂളുകൾ, ആശുപത്രികൾ, പള്ളികൾ എന്നിവയുൾപ്പെടെയുള്ള സെൻസിറ്റീവ് സ്ഥലങ്ങൾക്ക് സമീപമുള്ള ഫെഡറൽ ഇമിഗ്രേഷൻ അറസ്റ്റുകൾ പരിമിതപ്പെടുത്തുന്ന ബൈഡൻ ഭരണകൂടത്തിന്‍റെ മാർഗ്ഗനിർദ്ദേശം ട്രംപ് ഭരണകൂടം പിൻവലിച്ചിരുന്നു.