വാഷിങ്ടനിലെ വിമാന അപകടത്തിൽ മരിച്ചവരിൽ ക്യാപ്റ്റൻ റെബേക്കയും; ബൈഡൻ ഭരണകാലത്ത് വൈറ്റ് ഹൗസ് സഹായി

Mail This Article
വാഷിങ്ടൻ ഡിസി∙ വാഷിങ്ടനിലെ റൊണാൾഡ് റെയ്ഗൻ നാഷനൽ എയർപോർട്ടിൽ യാത്രാ വിമാനം ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച 67 പേരിൽ മൂന്ന് യുഎസ് സൈനികരും ഉൾപ്പെട്ടതായി സൈന്യം അറിയിച്ചു. ഇതിൽ ക്യാപ്റ്റൻ റെബേക്ക എം. ലോബാച്ചിനെ (28) സൈന്യം തിരിച്ചറിഞ്ഞു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റ് രണ്ട് സൈനികരെ തിരിച്ചറിയാനുള്ള നടപടികൾ നടന്നുവരികയാണ്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ഹെലികോപ്റ്ററിലെ സൈനികരും കൊല്ലപ്പെട്ടു.
നോർത്ത് കാരോലൈനയിലെ ഡർഹാമിൽ നിന്നുള്ള ലോബാച്ച് ലാൻഡിങ്ങിനായി അടുത്തെത്തിയപ്പോഴാണ് യാത്രാ വിമാനത്തിൽ ഇടിച്ചത്. കുടുംബത്തിന്റെ അഭ്യർഥന മാനിച്ച് ആദ്യം ലോബാച്ചിന്റെ പേര് പുറത്ത്വിടാൻ വിസമ്മതിച്ചിരുന്നെങ്കിലും പിന്നീട് കുടുംബവുമായി ആലോചിച്ച് പേര് പുറത്തുവിടുകയായിരുന്നുവെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു.

ബൈഡൻ ഭരണകൂടത്തിൽ വൈറ്റ് ഹൗസ് സഹായിയായും 2019 ജൂലൈ മുതൽ 2025 ജനുവരി വരെ സൈന്യത്തിൽ വ്യോമയാന ഉദ്യോഗസ്ഥയായും ലോബാച്ച് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദയ, ഔദാര്യം, ബുദ്ധി, നർമ്മം, അഭിനിവേശം, ശക്തി എന്നിവയുള്ള വ്യക്തിയായാണ് കുടുംബം ലോബാച്ചിനെ വിശേഷിപ്പിച്ചത്. ആർമി കമൻഡേഷൻ മെഡൽ, ആർമി അച്ചീവ്‌മെൻ്റ് മെഡൽ, നാഷനൽ ഡിഫൻസ് സർവീസ് മെഡൽ, ആർമി സർവീസ് റിബൺ എന്നിവ ലോബാച്ചിന് ലഭിച്ചിട്ടുണ്ട്.
ക്യാപ്റ്റൻ പദവി നേടിയ ലോബാച്ച്, 12-ാമത് ഏവിയേഷൻ ബറ്റാലിയനിൽ രണ്ട് തവണ പ്ലാറ്റൂൺ ലീഡറായും കമ്പനി എക്സിക്യൂട്ടീവ് ഓഫിസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 450 മണിക്കൂറിലധികം സമയം വിമാന പറത്തിയ അവർ ബറ്റാലിയനിലെ ഏറ്റവും മുതിർന്നതും പരിചയസമ്പന്നരുമായ പൈലറ്റുമാരുടെ വിപുലമായ പരിശോധനയ്ക്ക് ശേഷം പൈലറ്റ്-ഇൻ-കമാൻഡ് സർട്ടിഫിക്കേഷൻ നേടി.
വൈറ്റ് ഹൗസ് റിപ്പോർട്ടർ ഡേവിസ് വിങ്കി ക്യാപ്റ്റൻ ലോബാച്ചിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. താനും ലോബാച്ചും ഒരുമിച്ചാണ് പരിശീലനം നടത്തിയതെന്നും, ലോബാച്ച് തന്റെ സുഹൃത്തായിരുന്നെന്നും വിങ്കി പറഞ്ഞു. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് അറിയിക്കുന്നതാണെന്ന് സൈന്യം വ്യക്തമാക്കി.