ADVERTISEMENT

യുഎസ് ∙ എല്ലാ ദിവസവും വാർത്തകളിലുണ്ട് ശതകോടീശ്വരൻ ഇലോൺ മസ്ക്. യുഎസ് സർക്കാർ സർവീസിലെ ഉദ്യോഗസ്ഥരെ ‘മര്യാദ’ പഠിപ്പിക്കാൻ പ്രസിഡന്റ്  ഡോണൾഡ് ട്രംപ് ഹ്യൂമൻ റിസോഴ്സസ് ഏജൻസിയുടെ നിയന്ത്രണം മസ്കിനെ ഏൽപിച്ചിരുന്നു. സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയെന്നത് മസ്കിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതുപോലെ തന്നെ കഴിഞ്ഞ ദിവസം അദ്ദേഹം പഴ്സനൽ മാനേജ്മെന്റ് ഓഫിസിൽ തന്റെ ഇഷ്ടക്കാരെ സ്ഥാപിക്കുകയും പല മുതിർന്ന ഉദ്യോഗസ്ഥരുടെയും കംപ്യൂട്ടർ പ്രവേശനം നിഷേധിക്കുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. ജീവനക്കാരുമായുള്ള ഇലോൺ മസ്കിന്റെ ട്രാക് റെക്കോർഡ് പലപ്പോഴും ചർച്ചയായിട്ടുണ്ട്. ട്വിറ്ററിലും മറ്റും അദ്ദേഹം പൊടുന്നനെ നടത്തിയ പിരിച്ചുവിടലുകൾ ഇതിനു കാരണമായിരുന്നു.

എന്നാൽ ഒരുകാലത്ത് ഇലോൺ മസ്കിനെ അദ്ദേഹത്തിന്റെ തൊഴിലാളികൾ മുട്ടുകുത്തിച്ചിട്ടുണ്ട്. 2002ൽ തുടങ്ങിയ മസ്ക് കമ്പനിയായ സ്‌പേസ് എക്‌സിന് ആരംഭഘട്ടത്തിൽ ഒരുപാടു തിരിച്ചടികൾ പറ്റി. അതിലൊന്നായിരുന്നു ഒരു വിക്ഷേപണത്തറ കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട്. യുഎസ് എയർഫോഴ്‌സ് കമ്പനിക്കു തുരങ്കം വച്ചതിനാൽ കലിഫോർണിയയിലെ പരമ്പരാഗത ലോഞ്ചിങ് പാഡുകളൊന്നും സ്‌പേസ് എക്‌സിന് ഉപയോഗിക്കാൻ പറ്റിയില്ല.തുടർന്നുള്ള അന്വേഷണങ്ങൾ ശാന്ത സമുദ്രത്തിലെ മാർഷൽ ഐലൻഡുകളുടെ ഭാഗമായ ഓമലെക് എന്ന ദ്വീപിലേക്കു നയിച്ചു. അമേരിക്കൻ ഭരണകൂടത്തിനു കീഴിലുള്ള ഈ ദ്വീപിലെ കാര്യങ്ങൾ അവരുടെ ആർമിയാണ് നിയന്ത്രിച്ചിരുന്നത്. ആർമിക്ക് മസ്‌കിനോടും കമ്പനിയോടും നല്ല ചങ്ങാത്തമായിരുന്നു. ഭൂമധ്യരേഖയ്ക്കു സമീപമായതിനാൽ ഇവിടെ ലോഞ്ചിങ് പാഡ് സ്ഥാപിച്ചാൽ വിക്ഷേപണം കൂടുതൽ സുഗമമാകുകയും ചെയ്യും.

ഇതെല്ലാം കണക്കിലെടുത്ത് ഓമെലെക് ദ്വീപിൽ ഒരു വിക്ഷേപണത്തറ പണിയുവാനുള്ള പ്രവർത്തനങ്ങൾ സ്‌പേസ് എക്‌സ് തുടങ്ങി. ഇതിനായി സ്‌പേസ് എക്‌സിന്റെ ഒരു സംഘത്തെയും ഇവിടെ അയച്ചു. എന്നാൽ വിദൂരമേഖലയിലുള്ള ഈ ദ്വീപിൽ സ്‌പേസ് എക്‌സ് സംഘത്തിനു നല്ല കഷ്ടപ്പാടായിരുന്നു. ബോട്ടിലായിരുന്നു ദ്വീപിലേക്ക് ഭക്ഷണ പദാർഥങ്ങളും പാനീയങ്ങളും ഇടയ്ക്കിടെ ഇവിടെ എത്തിച്ചിരുന്നത്. എന്നാൽ പലകാരണങ്ങളാലും ഇതിനു തടസ്സങ്ങൾ വന്നതിനാൽ പലപ്പോഴും ഭക്ഷണത്തിനു മുട്ടുണ്ടായി. ഒഴിഞ്ഞ വയറുമായിട്ടാണ് എൻജിനീയർമാരും ജീവനക്കാരും പലപ്പോഴും പണിയെടുത്തത്. ഇത് അവർക്കിടയിൽ അസ്വസ്ഥതയും ഉണ്ടാക്കിയിരുന്നു.

Image Credit: X/elonmusk
Image Credit: X/elonmusk

2005. സ്‌പേസ് എക്‌സ് അതിന്റെ ആദ്യ വിക്ഷേപണത്തിനു തയാറെടുക്കുന്ന കാലം. അന്നൊരിക്കൽ കമ്പനിയുടെ മാനേജർമാരും ദ്വീപിലെ എൻജിനീയർമാരും തമ്മിൽ ചില്ലറ കശപിശ ഉടലെടുത്തു. ഇതു വരെയില്ലാത്ത ചില റിപ്പോർട്ടുകളും ക്ലറിക്കൽ ജോലികളുമൊക്കെ മാനേജർമാർ ഏൽപിച്ചതോടെ എൻജിനീയർമാർ അമർഷത്തിലായി. അന്നു ഭക്ഷണവുമായി ബോട്ട് എത്തിയതുമില്ല. പട്ടിണിയും ദേഷ്യവുമായതോടെ ജോലി നിർത്തിയ എൻജിനീയർമാർ സമരം പ്രഖ്യാപിച്ചു. തങ്ങളുടെ തീരുമാനം അവർ സ്‌പേസ് എക്‌സ് ഉന്നത ഉദ്യോഗസ്ഥനും ലോഞ്ച് ഡയറക്ടറുമായ ടിം ബുസയെ വിളിച്ചറിയിച്ചു.

ബഹിരാകാശരംഗത്തെ ഒരു വലിയ വിദഗ്ധനും മികച്ച തന്ത്രജ്ഞനുമായ ടിം ബുസ സ്‌പേസ് എക്‌സിന്‌റെ നട്ടെല്ലായിരുന്നു.കാര്യത്തിന്‌റെ ഗൗരവം അദ്ദേഹം പെട്ടെന്നു മനസ്സിലാക്കി. എൻജിനീയറിങ് മികവാണ് സ്‌പേസ് എക്‌സിന്‌റെ ഏറ്റവും വലിയ ആയുധം. സമയചിന്തയില്ലാതെ പൂർണ ആത്മാർഥതയോടെ പണിയെടുക്കുന്ന തങ്ങളുടെ എൻജിനീയറിങ് വിഭാഗം സമരം പ്രഖ്യാപിച്ചാൽ അതു വലിയ ഇടിവായിരിക്കും സ്‌പേസ് എക്‌സിനു വരുത്തുകയെന്നു മനസ്സിലാക്കിയ അദ്ദേഹം എത്രയും പെട്ടെന്നു ഭക്ഷണമെത്തിക്കാനായി യുഎസ് ആർമിയുടെ സഹായം തേടി.

ഒരു ആർമി ഹെലിക്കോപ്റ്റർ പൊരിച്ച ചിക്കനടക്കമുള്ള ഭക്ഷണപദാർഥങ്ങളും ബീയറും സിഗററ്റുകളുമായി ദ്വീപിലേക്ക് ഉടനടി പറന്നു. എന്നാൽ ഹെലിക്കോപ്റ്ററിന് ഇറങ്ങാൻ നല്ല സ്ഥലമില്ല എന്നു പറഞ്ഞ് ആർമി കോപ്റ്ററിന്‌റെ പൈലറ്റ് ഉടക്കുണ്ടാക്കി. തിരികെയെത്തുമ്പോൾ കൂടിയ ഇനം മദ്യം നൽകാമെന്നൊക്കെ പറഞ്ഞ് ബുസ പൈലറ്റിനെ ഒരു തരത്തിൽ സമ്മതിപ്പിച്ചു. ഓമലെക് ദ്വീപിലുള്ളവർക്ക് അങ്ങനെ ഭക്ഷണം കിട്ടി. സമരം അവസാനിപ്പിച്ച് അവർ ജോലിക്കും പോയി. അതു കഴിഞ്ഞ് കുറച്ചു മാസങ്ങൾ പിന്നിട്ടപ്പോൾ സ്‌പേസ് എക്‌സ് ദ്വീപിലെ പുതുതായി പണിത വിക്ഷേപണത്തറയിൽ നിന്നു തങ്ങളുടെ ആദ്യ ഫാൽക്കൺ റോക്കറ്റ് പരീക്ഷിച്ചു. പരാജയമായിരുന്നു ഫലം. എന്നാൽ ഇതിന്‌റെ പേരിൽ മസ്‌ക് തന്‌റെ ജീവനക്കാരെ ശകാരിച്ചില്ല. മറിച്ച് അവർക്ക് കൂടുതൽ ആനുകൂല്യങ്ങളും വിനോദസഞ്ചാര ട്രിപ്പുകളുമൊക്കെ നൽകി. പിന്നെയും രണ്ടു വർഷങ്ങളുടെ കഠിനാധ്വാനം. ഒടുവിൽ സ്‌പേസ് എക്‌സിന്‌റെ ഫാൽക്കൺ റോക്കറ്റ് വിജയകരമായി വിക്ഷേപിക്കപ്പെട്ടു. അപ്പോഴേക്കും ദ്വീപിൽ എല്ലാ സൗകര്യങ്ങളുമുള്ള ഒരടുക്കള സ്‌പേസ് എക്‌സ് പണിതിരുന്നു. ജീവനക്കാർക്ക് ഭക്ഷണത്തിനു പിന്നീട് മുട്ടു വന്നിട്ടേയില്ല.

Elon Musk. Image Credit: X/@elonmusk.
Elon Musk. Image Credit: X/@elonmusk.

 ഇന്നു സ്‌പേസ് എക്‌സ് ബ്ലൂ ഓറിജിനെയും, വിർജിൻ ഗലാറ്റിക്കിനെയുമൊക്കെ പിന്തള്ളി ലോകത്തെ ഒന്നാം നമ്പർ   ബഹിരാകാശ വിക്ഷേപണ സ്ഥാപനമായി മാറിയിട്ടുണ്ട്. സ്റ്റാർലിങ്ക് ഇന്‌റർനെറ്റ് മുതൽ ചൊവ്വാക്കോളനി വരെ  അതിബൃഹത്തായ പദ്ധതികൾ അവർ ഏറ്റെടുത്തു നടത്തുന്നുമുണ്ട്. ഓമലെക് ദ്വീപിലെ വിക്ഷേപണത്തറ ഇപ്പോൾ  സ്‌പേസ് എക്‌സ് ഉപയോഗിക്കുന്നില്ല. ടെക്‌സസിലെ ബോക്ക ചിക്ക എന്ന പ്രദേശം വിലയ്ക്കു വാങ്ങി അവിടെയാണ് സ്‌പേസ് എക്‌സിന്‌റെ പുതിയ പ്രവർത്തനങ്ങളെല്ലാം അവിടെയാണ് .

English Summary:

Pacific island mutiny brought Elon Musk to his knees by the workers.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com