മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

Mail This Article
ഹൂസ്റ്റൺ ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്റ്റാഫ്‌ഫോർഡിലെ കേരള ഹൗസിൽ നടന്ന ചടങ്ങിൽ ഒട്ടറെ പ്രമുഖ പേർ പങ്കെടുത്തു.

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിൽ, ജുഡീഷ്യൽ ജഡ്ജിമാരായ സുരേന്ദ്രൻ കെ. പട്ടേൽ, ജൂലി മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാഗ് സെക്രട്ടറി രാജേഷ് വർഗീസ് സ്വാഗതം പറഞ്ഞു. ട്രസ്റ്റി സുജിത് ചാക്കോ നന്ദി പ്രസംഗം നടത്തി.
അമേരിക്കൻ ദേശീയഗാനം ആലപിച്ചതിനു ശേഷം, മേയർ കെൻ മാത്യു മറ്റ് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം അമേരിക്കൻ പതാക ഉയർത്തി. തുടർന്ന് മാഗ് പ്രസിഡന്റ് ജോസ് കെ. ജോൺ ഇന്ത്യൻ പതാക ഉയർത്തി. പ്രോഗ്രാം കോഓർഡിനേറ്റർമാരായ രേഷ്മയുടെയും രേണുവിന്റെയും നേതൃത്വത്തിൽ ദേശഭക്തി നൃത്തം അരങ്ങേറി. മാഗ് പ്രസിഡന്റിന്റെ പ്രസംഗവും മുഖ്യാതിഥി ജഡ്ജ് കെ.പി. ജോർജിന്റെ പ്രഭാഷണവും ഉണ്ടായിരുന്നു. മാഗ് ട്രസ്റ്റി ബോർഡ് അംഗം ജോജി ജോസഫ് സ്നേഹോപഹാര പ്രസംഗം നടത്തി.

മലയാളി അസോസിയേഷൻ ചരിത്രത്തിൽ ആദ്യമായി ഈ വർഷം മാഗ് നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഗുഡ് സമാരിറ്റൻ പുരസ്കാരം അവതരിപ്പിച്ചു. തുയെറ്റ് വിൻ, അജിത് പിള്ള എന്നിവർക്കാണ് പുരസ്കാരം. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്ജ് തുയെറ്റ് വിന്നും മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിൽ അജിത് പിള്ളയ്ക്കും പുരസ്കാരം കൈമാറി.
മാഗ് മുൻ പ്രസിഡന്റുമാർ, ബോർഡ് അംഗങ്ങൾ, ഫോമ, ഫൊക്കാന, ഡബ്ല്യുഎംസി എന്നീ സംഘടനകളുടെ നേതാക്കൾ തുടങ്ങിവരും ചടങ്ങിൽ പങ്കെടുത്തു.