7 കോടി അമേരിക്കക്കാർ കണ്ട അഭിമുഖത്തിലെ ‘വിവാദ താരം’; ജീവിതം പറയാൻ മോണിക്ക ലെവിൻസ്കി

Mail This Article
ന്യൂയോർക്ക് ∙ ഒരിക്കൽ ലോകം ഏറെ ചർച്ച ചെയ്ത വിവാദകഥയിലെ മോണിക്ക ലെവിൻസ്കി തന്റെ പിൽക്കാല ജീവിതം വിവരിച്ച് പോഡ്കാസ്റ്റ് ഇറക്കുന്നു. റിക്ലെയിമിങ് വിത് മോണിക്ക ലെവിൻസ്കി എന്നാണു പോഡ്കാസ്റ്റിന്റെ പേര്. അതിഥികളുമായി സംസാരിക്കുന്ന രീതിയിലാണു പോഡ്കാസ്റ്റ് തയാറാക്കുന്നത്.
1973ൽ സാൻ ഫ്രാൻസിസ്കോയിൽ ജനിച്ച മോണിക്ക ലെവിൻസ്‌കി, കോളജിൽ നിന്ന് ബിരുദം നേടിയ ശേഷം 1995 ൽ വൈറ്റ് ഹൗസിൽ ഇന്റേൺഷിപ്പിനായാണ് എത്തിയത്. ഈ സമയത്താണ് പ്രസിഡന്റ് ബിൽ ക്ലിന്റനുമായി പരിചയം ആരംഭിച്ചത്. ഈ ബന്ധം ഒരു അഫയർ ആയി മാറുകയും മാസങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്തു. ലെവിൻസ്കി പ്രസിഡന്റിന്റെ ഓവൽ ഓഫിസിലേക്ക് ഇടയ്ക്കിടെ എത്തുന്നത് ഉന്നത ജീവനക്കാർക്കിടയിൽ മുറുമുറുപ്പിന് ഇടയാക്കി.
അതിനുശേഷം, ലെവിൻസ്കിയെ പെന്റഗണിലേക്ക് സ്ഥലം മാറ്റി, അവിടെവച്ച് മോണിക്ക സഹപ്രവർത്തകയായ ലിൻഡ ട്രിപ്പിനോട് ഈ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞതാണു ലോകത്തെ ഞെട്ടിച്ച ക്ലിന്റൻ–ലെവിൻസ്കി വിവാദത്തിനു തുടക്കമിട്ടത്. ലിൻഡ ട്രിപ്പ്, മോണിക്കയുമായുള്ള സംഭാഷണങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്തു. ഇതിനിടെ ലിൻഡ ഈ വിവരം ക്ലിന്റൻ വിരുദ്ധയായ ലൂസിയാൻ ഗോൾഡ്ബെർഗുമായി പങ്കിട്ടു. ഇത് ക്ലിൻ്റൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് നയിച്ചു.
1991ൽ പൗള ജോൺസ് എന്ന വനിത ക്ലിന്റനെതിരെ ലൈംഗിക ദുരുപയോഗ കേസ് ഫയൽ ചെയ്തിട്ടുണ്ടായിരുന്നു. പൗളയുടെ അഭിഭാഷകരുടെ പക്കലേക്ക് ഈ ടേപ്പുകൾ ലൂസിയാൻ എത്തിച്ചതോടെ വിവാദം കനത്തു.
ക്ലിൻൻ ആദ്യം ബന്ധം നിഷേധിച്ചു, എന്നാൽ പിന്നീട് തെളിവുകൾ പുറത്തുവന്നു.ഒടുവിൽ ലെവിൻസ്‌കി വിവാദം സത്യമാണെന്ന് ക്ലിന്റൻ സ്ഥിരീകരിച്ചു. ഇത് 1998ൽ ക്ലിന്റനെ ഇംപീച്ച് ചെയ്യുന്നതിലേക്കു നയിച്ചു. കള്ളം പറഞ്ഞു ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയെന്ന കുറ്റം അദ്ദേഹത്തിനുമേൽ ഉണ്ടായിരുന്നു.എന്നാൽ 1999ൽ സെനറ്റ് ക്ലിന്റനെ കുറ്റവിമുക്തനാക്കി.
ഈ അഴിമതിയെത്തുടർന്ന് ലെവിൻസ്‌കിയെക്കുറിച്ച് ലോകമെങ്ങും മാധ്യമ റിപ്പോർട്ടുകൾ പരന്നു. ഇതവരെ രാജ്യാന്തര പ്രശസ്തിയിലേക്കു നയിച്ചു. അനേകം ടിവി അഭിമുഖങ്ങളിൽ അവർ പ്രത്യക്ഷപ്പെട്ടു. ബാർബറ വാൾട്ടേഴ്സുമായി അവർ നടത്തിയ ഒരു അഭിമുഖം 7 കോടി അമേരിക്കക്കാർ കണ്ടു. പിന്നീട് ലെവിൻസ്കി ബ്രിട്ടനിൽ പഠനത്തിനായി പോയി. 2014 മുതൽ അവർ ഒരു ആക്ടിവിസ്റ്റുമായി.