ADVERTISEMENT

യുഎസ് നിയന്ത്രണത്തിലുള്ള ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിൽ 30000 ആൾക്കാരെ ഉൾക്കൊള്ളുന്ന ഒരു തടങ്കൽപാളയം അനധികൃത കുടിയേറ്റക്കാർക്കായി ഒരുക്കാൻ ട്രംപ് നിർദേശം നൽകിയിരുന്നു. ക്യൂബയിൽ സ്ഥിതി ചെയ്യുന്ന ഉൾക്കടലാണു ഗ്വാണ്ടനാമോ ബേ. തെക്കൻ ക്യൂബയിലെ ഏറ്റവും വലിയ ഹാർബറാണിത്. 1898ൽ ഈ ഉൾക്കടലിന്റെ തെക്കൻ ഭാഗത്തു യുഎസ് നിയന്ത്രണം സ്ഥാപിച്ചു.

1903ൽ ക്യൂബയും യുഎസും തമ്മിലുള്ള കരാറിലൂടെ ഇവിടെ യുഎസ് സാന്നിധ്യം സ്ഥിരമായി. പിൽക്കാലത്ത് ക്യൂബയിൽ വിപ്ലവം വന്നു. രാജ്യം കമ്യൂണിസ്റ്റ് പാതയിലായി. എന്നാൽ ഗ്വാണ്ടനാമോ ബേ അമേരിക്കൻ നിയന്ത്രണത്തിൽ തന്നെ തുടർന്നു. യുഎസിന്റെ ഒരു നേവൽ ബേസ് ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. എന്നാൽ ഗ്വാണ്ടനാമോ കുപ്രസിദ്ധമായത് മറ്റൊരു സ്ഥാപനം ഇവിടെയുള്ളതിനാലാണ്. ഒരു തടങ്കൽ പാളയം. ഗ്വാണ്ടനാമോ ബേ തടങ്കൽ പാളയം പണ്ടുകാലത്തു ഹെയ്റ്റിയിൽ നിന്നും ക്യൂബയിൽ നിന്നുമുള്ള അഭയാർഥികളെ പാർപ്പിക്കാൻ ഒരുക്കിയ സങ്കേതമാണ്.

എന്നാൽ പിന്നീട് അഫ്ഗാനിസ്ഥാനിൽ യുഎസ് യുദ്ധം തുടങ്ങിയതോടെ താലിബാൻ, അൽക്വയ്ദ ബന്ധമുള്ള പലരെയും തടവുകാരായി ഇവിടെ പാർപ്പിച്ചു. പല ക്യാംപുകളായി തടങ്കൽപാളയം തിരിക്കുകയും ചെയ്തു. ഇക്കൂട്ടത്തിൽ ക്യാംപ് ഡെൽറ്റ കുപ്രസിദ്ധമാണ്. കുടിയേറ്റക്കാരെ തിരച്ചയയ്ക്കാൻ 18ാം നൂറ്റാണ്ടിലെ നിയമം തിരിച്ചുകൊണ്ടുവരാനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നീക്കം നടത്തുന്നുണ്ട്. കുടിയേറ്റക്കാരിൽ ക്രിമിനൽ ഗ്യാങ് അംഗങ്ങൾ എന്നു സംശയിക്കുന്നവരെ കോടതി നടപടികൾക്കൊന്നും കാക്കാതെ ഡീപോർട്ട് ചെയ്യാനുള്ള നിയമമാണ് ഇത്.1798ലെ ഏലിയൻസ് എനിമി ആക്ട് തിരിച്ചുകൊണ്ടുവരാനാണു ശ്രമം. രണ്ടാം ലോകയുദ്ധകാലത്താണ് ഈ നിയമം അവസാനമായി യുഎസിൽ ഉപയോഗിച്ചത്.

കുടിയേറ്റത്തിനെതിരായി ശക്തമായ നടപടികൾ വേണമെന്ന് വാദിക്കുന്ന ട്രംപ് ഇതിനായുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കൂട്ടമായുള്ള തിരിച്ചയയ്ക്കലിനെ സഹായിക്കാൻ സൈന്യത്തിനു നിർദേശമുണ്ട്. സ്കൂളുകളിൽ നിന്നും പള്ളികളിൽ നിന്നും ആശുപത്രികളിൽ നിന്നും പോലും അറസ്റ്റ് നടത്താൻ ഇമിഗ്രേഷൻ അധികൃതർക്ക് കൂടുതൽ അധികാരവും നൽകിയിട്ടുണ്ട്.

എന്നാൽ ട്രംപിന്റെ ഈ നീക്കത്തിനെ സന്നദ്ധ സംഘങ്ങൾ ശക്തമായി എതിർക്കുന്നുണ്ട്.നിലവിൽ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനായി പ്രത്യേക കോടതി നടപടികൾ ആവശ്യമാണ്. ഇതിനു കാലതാമസം എടുക്കുകയും ചെയ്യും. ട്രംപ് ഇതിനിടെ ഫാസ്റ്റ് ട്രാക്ക് ഡീപോർട്ടേഷൻ പ്രോസസ് എന്ന പേരിലൊരു നടപടി കൊണ്ടുവന്നിരുന്നെങ്കിലും രണ്ടു വർഷമോ അതിൽതാഴെയോ കാലം യുഎസിൽ താമസിച്ചവരെ മാത്രമേ ഇതുവഴി തിരിച്ചയയ്ക്കാൻ സാധിക്കുള്ളൂ. ഇങ്ങനെ തിരിച്ചയയ്ക്കൽ നേരിടുന്നവർക്ക് നിയമനടപടി പോകാനും അവസരമുണ്ട്.

എന്നാൽ പുതിയ നിയമം നടപ്പിലായാൽ ഈ പ്രശ്നങ്ങളൊന്നുമില്ല. യുദ്ധസമയത്തിനായി രൂപീകരിക്കപ്പെട്ട ഒരു നിയമം സമാധാനകാലത്ത് ഉപയോഗിക്കുന്നതിലെ വൈരുധ്യം ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ നിയമവിരുദ്ധ കുടിയേറ്റത്തെ അധിനിവേശമായാണു റിപ്പബ്ലിക്കൻ പാർട്ടി വിശേഷിപ്പിക്കുന്നത്. തെക്കേ അമേരിക്കയിൽ നിന്നുള്ള പല ക്രിമിനൽ ഗ്യാങ്ങുകളെയും ലഹരി കാർട്ടലുകളെയും ഭീകരസംഘടനകളായി പ്രഖ്യാപിക്കുമെന്നും ഇടയ്ക്ക് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. വെനസ്വേലയിൽ നിന്നുള്ള ട്രെൻ ഡി അരാഗ്വ പോലുള്ള ഗ്യാങ്ങുകളെല്ലാം ഈ പരിധിയിൽ വരും.

‌ബൈഡൻ ഭരണകാലത്ത് നൂറുക്കണക്കിനു വെനസ്വേലക്കാർ യുഎസിൽ എത്തിയിരുന്നു. ഇതിൽ ചിലരൊക്കെ നിയമവിധേയ വഴികളിലൂടെയാണു വന്നത്. വെനസ്വേലയും യുഎസും തമ്മിലുള്ള ബന്ധം ഇപ്പോൾ ഉലച്ചിലിലാണ്. എന്നാൽ അവിടെനിന്നു വന്ന എല്ലാ കുടിയേറ്റക്കാരെയും വെനസ്വേല തിരിച്ചെടുക്കണമെന്നു ശനിയാഴ്ച ട്രംപ് ആവശ്യപ്പെട്ടിരുന്നു.

English Summary:

Guantanamo Bay Detention Camp Trump Moves to House 30000 Migrants

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com