സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത് കാണാതായ ഷൂവിന് വേണ്ടി; കണ്ടെത്തിയത് ഡേ കെയർ ജീവനക്കാരിയുടെ ക്രൂരത

Mail This Article
ടെക്‌സസ്∙ ടെക്‌സസിലെ ഡേകെയർ ജീവനക്കാരി കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസിൽ അറസ്റ്റിൽ. ജെറാലിൻ ബ്രൗണിങ് (46) ആണ് സിസിടിവി ദൃശ്യങ്ങളിൽ കുട്ടികളെ ഉപദ്രവിക്കുന്നതായി കണ്ടതിനെ തുടർന്ന് പിടിയിലായത്.
പ്ലഗ്ഗർവില്ലെയിലെ നോർത്ത് വെസ്റ്റ് എലിമെന്ററി സ്കൂളിലെ വൈഎംസിഎ ചൈൽഡ് കെയർ ഡെവലപ്‌മെന്റ് സെന്ററിലാണ് സംഭവം നടന്നത്. കുട്ടികളുടെ കാണാതായ ഷൂവിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് സ്കൂൾ അധികൃതർ ബ്രൗണിങ് കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ കണ്ടത്.ഫെബ്രുവരി 21ലെ ദൃശ്യങ്ങളിൽ ബ്രൗണിങ് ഒരു കുട്ടിയുടെ കയ്യ്ക്കു പിടിച്ചു വലിക്കുകയും പിന്നീട് കഴുത്തിൽ പിടിച്ചു കുലുക്കുകയും ചെയ്യുന്നത് കാണാം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റു കുട്ടികളെയും ബ്രൗണിങ് ഉപദ്രവിക്കുന്ന നിരവധി ദൃശ്യങ്ങൾ കണ്ടെത്തി.
ഫെബ്രുവരി 7ലെ ദൃശ്യങ്ങളിൽ ബ്രൗണിങ് ഒരു കുട്ടിയുടെ കഴുത്തിലും നെഞ്ചിലും പിടിച്ച് വലിച്ചിഴച്ച്, മുഖം കുത്തി നിലത്ത് കിടത്തുന്നതായി കാണാം. ഫെബ്രുവരി 12ന് ഒരു കുട്ടിയുടെ കഴുത്തിൽ പിടിച്ചു ആറ് സെക്കൻഡ് നേരം ശകാരിക്കുന്ന ദൃശ്യവും പുറത്തുവന്നു. ഫെബ്രുവരി 20ന് ബ്രൗണിങ് ഒരു കുട്ടിയുടെ കഴുത്തിൽ പിടിച്ച് കറക്കി നിലത്തേക്ക് തള്ളിയിടുന്ന ദൃശ്യവും അതേ ദിവസം തന്നെ, മറ്റൊരു ദൃശ്യത്തിൽ കുട്ടിയെ കഴുത്തിൽ തോളിലും പിടിച്ചു നിലത്തേക്ക് എറിയുകയും പിന്നീട് കസേരയിലേക്ക് ബലമായി ഇരുത്തുന്നതും കാണാം.
മറ്റൊരു ദൃശ്യത്തിൽ ബ്രൗണിങ് കുട്ടിക്ക് നേരെ നടന്നുപോകുമ്പോൾ കുട്ടി നിലത്തേക്ക് വീഴുകയും തല കാബിനറ്റിൽ ഇടിക്കുകയും ചെയ്തു. പിന്നീട് കുട്ടിക്ക് എന്തെങ്കിലും പറ്റിയോ എന്ന് പോലും നോക്കാതെ ബ്രൗണിങ് അവിടെ നിന്ന് പോകുന്നതായും ദൃശ്യങ്ങളിൽ കാണാം.
ഈ സംഭവങ്ങളെ തുടർന്ന് ബ്രൗണിങ്ങിനെതിരെ കുട്ടികളെ ഉപദ്രവിച്ചതിന് കേസ് ഫയൽ ചെയ്തു. മൂന്ന് കുട്ടികളുടെ കുടുംബങ്ങൾ വൈഎംസിഎ ഓഫ് സെൻട്രൽ ടെക്‌സസിനെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വൈഎംസിഎയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെന്നും, പൊലീസിൽ പരാതി നൽകുന്നത് വരെ ബ്രൗണിങ്ങിനെ പിരിച്ചുവിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.
എന്നാൽ വൈഎംസിഎ ഈ ആരോപണം നിഷേധിച്ചു. വിവരം ലഭിച്ച ഉടൻ ബ്രൗണിങ്ങിനെ സസ്പെൻഡ് ചെയ്തതായി വൈഎംസിഎ അറിയിച്ചു.