മോദിയുടെ യുഎസ് സന്ദർശനം: കയ്യാമവും ചങ്ങലയും അജണ്ട മാറ്റുമോ?

Mail This Article
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയാഴ്ച യുഎസ് സന്ദർശിക്കും. ഇന്ത്യയും യുഎസും തമ്മിലുള്ള മികച്ച ബന്ധവും പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി മോദിക്കുള്ള ചങ്ങാത്തവും കണക്കിലെടുക്കുമ്പോൾ, സഹകരണം പുതിയൊരു തലത്തിലേക്ക് ഉയർത്താൻ കഴിയുന്ന നിർണായക ചർച്ചകൾ ഈ സന്ദർശനത്തിനിടെ നടക്കുമെന്നു പ്രതീക്ഷിക്കാം. രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ വിഷയങ്ങൾ അവർ ചർച്ച ചെയ്യും. ഇവയിൽ പലതും 4 വർഷം മുൻപ് ട്രംപ് അധികാരമൊഴിഞ്ഞപ്പോൾ നിർത്തിയ സ്ഥാനത്തുനിന്ന് തുടങ്ങേണ്ടിവരും.
നാടകീയവും ആധികാരികവുമായ വിജയത്തിനു ശേഷം ട്രംപ് നടത്തിയ പ്രസ്താവനകളും അധികാരമേറ്റതിനു പിന്നാലെ പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവുകളും ഈ കൂടിക്കാഴ്ചയുടെ അജണ്ട മാറ്റിയിട്ടുണ്ടാവാമെന്ന് അനുമാനിക്കാം. യുഎസിന്റെ പരമ്പരാഗത സഖ്യരാജ്യങ്ങളുടെ നേതാക്കളെ സ്വാഗതം ചെയ്യും മുൻപ് ഇന്ത്യയുടെ പ്രധാനമന്ത്രിയെ ക്ഷണിച്ചതും സ്ഥാനാരോഹണ ചടങ്ങിലേക്ക് വിളിക്കാത്തതും ഇതിനകംതന്നെ പല അഭ്യൂഹങ്ങൾക്കും കാരണമായിക്കഴിഞ്ഞു.
ജോ ബൈഡൻ സർക്കാരിന്റെ അവസാന നാളുകളിലും ട്രംപ് അധികാരമേറ്റ് ആദ്യ ദിവസങ്ങളിലും നമ്മുടെ വിദേശകാര്യമന്ത്രി യുഎസിൽ പോയി നടത്തിയ ചർച്ചകൾ അത്തരം അഭ്യൂഹങ്ങൾക്ക് കൂടുതൽ പ്രചാരം നൽകി. യുഎസിലേക്ക് അനധികൃതമായി കുടിയേറിയവരെ തിരികെ സ്വീകരിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയും അസാധാരണമായിരുന്നു.

അടിയന്തരമായി പരിഗണിക്കേണ്ടതെന്ന് യുഎസ് പ്രസിഡന്റ് കരുതുന്ന പല വിഷയങ്ങളും ഉഭയകക്ഷി ബന്ധം പുനരവലോകനം ചെയ്യാൻ മറ്റു രാജ്യങ്ങളെ നിർബന്ധിതരാക്കുന്നവയാണ്. ഇക്കാര്യത്തിൽ ഇന്ത്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ട്രംപിന്റെ ശാസനകൾ പലതും മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഓർമിപ്പിച്ചേ തീരൂ. കാനഡ അമേരിക്കയുടെ അമ്പത്തിയൊന്നാമത്തെ സംസ്ഥാനമാകണമെന്നും ഗ്രീൻലൻഡ് വിലയ്ക്കു നൽകണമെന്നും ഗാസയും പാനമ കനാലും വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടത് രാജ്യാന്തര ബന്ധങ്ങളിൽ സ്വീകാര്യമാവില്ല. ഇത്തരം പ്രസ്താവനകൾ ആഗോള സമാധാനത്തിനും ലോകക്രമത്തിനും ഭീഷണിതന്നെയാണ്.

റഷ്യ– യുക്രെയ്ൻ യുദ്ധം ആഗോള സമാധാനത്തിനു ഭീഷണിയായ ഘട്ടത്തിൽ, ഇതു യുദ്ധത്തിന്റെ സമയമല്ലെന്ന് നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ ഓർമിപ്പിച്ചിരുന്നു. അതുപോലെ, നിങ്ങൾ അമേരിക്കയുടെ മാത്രം പ്രസിഡന്റാണെന്നും ലോകത്തിന്റെ മൊത്തം ഭരണാധികാരിയല്ലെന്നും ട്രംപിനോടു പറയാൻ നമ്മുടെ പ്രധാനമന്ത്രിക്കു കഴിയുമോ? യുഎസ് മുൻകയ്യെടുത്തു സ്ഥാപിച്ച ഐക്യരാഷ്ട്രസംഘടന (യുഎൻ) എന്ന സ്ഥാപനം അവിടെത്തന്നെയുണ്ടെന്നും ട്രംപിനെ ഓർമിപ്പിക്കേണ്ടതല്ലേ ?
യുഎന്നിന്റെ ആകെ വരുമാനത്തിൽ 22 ശതമാനം സംഭാവന നൽകുന്നത് യുഎസാണ്. എന്നാൽ, രാജ്യാന്തര നീതിന്യായ കോടതിയിൽ യുഎസ് കക്ഷിയല്ലെന്ന് ട്രംപ് ഓർമിക്കണം. അദ്ദേഹത്തിന്റെ ഉപരോധഭീഷണി ആ സ്ഥാപനത്തിന്റെ നടത്തിപ്പിൽ ഒരു സ്വാധീനവും സൃഷ്ടിക്കാനിടയില്ലെന്നും അറിഞ്ഞിരിക്കണം. ഒരു രാജ്യത്തിന്റെ പ്രസിഡന്റ് പുറപ്പെടുവിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവുകൾ ലോകക്രമത്തെ മാറ്റിമറിക്കുമെന്ന് അദ്ദേഹം കരുതുന്നുണ്ടാവുമോ ? ക്ഷമയോടെയുള്ള നയതന്ത്ര ചർച്ചകളും സന്ധി സംഭാഷണങ്ങളുമാണ് ഒത്തുതീർപ്പിലേക്ക് വഴിതുറക്കുന്നത്.

നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരായ ട്രംപിന്റെ നടപടികളെ ന്യായീകരിക്കാനും അംഗീകരിക്കാനും മോദിക്കു കഴിയുമെന്നു തോന്നുന്നില്ല. കയ്യാമം വച്ച് കാലിൽ ചങ്ങലയിട്ട ജനങ്ങളെ സൈനിക വിമാനത്തിൽ കൊണ്ടിറിക്കിയതിനെതിരായ രോഷം നമ്മുടെ പ്രധാനമന്ത്രി പാർലമെന്റിൽ നേരിട്ടു കണ്ടതാണല്ലോ. ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാടിനെ യുഎസ് അൽപം തെറ്റിദ്ധരിച്ചുവെന്നു തോന്നുന്നു. നിയമവിരുദ്ധമായി എത്തിയവരെ തിരികെ സ്വീകരിക്കാമെന്ന നിലപാടിനെ, അത്തരക്കാരുടെ സുരക്ഷയിലും ക്ഷേമത്തിലും താൽപര്യമില്ലായ്മയായി വ്യാഖ്യാനിച്ചുവെന്ന് കരുതേണ്ടിയിരിക്കുന്നു.

നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരികെ കൊണ്ടുചെന്ന അമേരിക്കയുടെ സൈനികവിമാനം കൊളംബിയ തിരിച്ചയച്ചതും അതേത്തുടർന്ന് ട്രംപ് അവർക്കു കൂടുതൽ തീരുവ ചുമത്തിയതും വിഷലിപ്തമായ രൂപത്തിലേക്കു യുഎസ് നയം വഴിമാറുന്നതിന്റെ സൂചനയാണ്. ഇക്കാര്യത്തിൽ ഇന്ത്യ ഭാവിയിൽ നിബന്ധന വച്ചേക്കും. എന്നാൽ, ഇപ്പോൾ യുഎസിൽ അവശേഷിക്കുന്നവരുടെ കാര്യത്തിൽ ഇത്തരം നിബന്ധനകൾ ഒന്നും വിലപ്പോവുമെന്നു തോന്നുന്നില്ല. ഇക്കാര്യം ട്രംപും മോദിയും ചർച്ച ചെയ്യുമോ എന്നും വ്യക്തമല്ല.
ട്രംപിന്റെ നയംമാറ്റത്തെ തുടർന്നുണ്ടായ സംഭവങ്ങൾ മോദി– ബൈഡൻ ഉച്ചകോടിയുടെ അജണ്ട മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സമാകാൻ സാധ്യതയുണ്ട്. ഇന്ത്യയ്ക്ക് അതിനൂതനമായ ചില സാങ്കേതിക വിദ്യകൾ നൽകാമെന്ന് ബൈഡൻ സർക്കാർ സമ്മതിച്ചിരുന്നതാണ്. എന്നാൽ, ഇറക്കുമതി തീരുവ ചുമത്തി വാണിജ്യ അസന്തുലനം പരിഹരിക്കാമെന്ന ട്രംപിന്റെ കാഴ്ചപ്പാട് അതിനുള്ള അന്തരീക്ഷം ഇല്ലാതാക്കിയേക്കും.

ട്രംപ്– മോദി കൂടിക്കാഴ്ചയിൽ ചൈന മുഖ്യ ചർച്ചാവിഷയമാകുമെന്നതിൽ സംശയമില്ല. ചൈനയോടുള്ള ട്രംപിന്റെ നിലപാട് ഇന്ത്യയുടെയും താൽപര്യത്തിന് അനുസൃതമാണ്. ഇക്കാര്യം അദ്ദേഹം അധികാരമേറ്റയുടൻ വാഷിങ്ടനിൽ ചേർന്ന ചതുർരാഷ്ട്ര സഖ്യത്തിന്റെ (ക്വാഡ്) യോഗത്തിൽ വ്യക്തമാവുകയും ചെയ്തു. ക്വാഡിന്റെ അടുത്ത യോഗം ഈ വർഷമവസാനം ഇന്ത്യയിൽ ചേരും. ഒരുപക്ഷേ , ചൈനയോടുള്ള സമീപനമാകാം ഇന്ത്യ–യുഎസ് ബന്ധത്തിന്റെ ഗതി നിർണയിക്കുന്നത്.
റഷ്യയുടെ കാര്യത്തിൽ, യുക്രെയ്നുമായുള്ള യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നായിരിക്കും ട്രംപ് ആഗ്രഹിക്കുക. റഷ്യയോടുള്ള ഇന്ത്യയുടെ നിലപാട് അദ്ദേഹം കണക്കിലെടുക്കുമെന്നു തോന്നുന്നില്ല. റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡോയിൽ വാങ്ങുന്നത് യുഎസ്– ഇന്ത്യ ബന്ധം മെച്ചപ്പെടുന്നതിനു തടസ്സമാകില്ല.