ഓരോ വർഷവും കൊടുക്കുന്നത് 20,000 കോടി, നഷ്ടം തുടരാൻ അനുവദിക്കില്ല; കാനഡയെ കൂട്ടിച്ചേർക്കുമെന്ന് വെറുതേ പറഞ്ഞതല്ല: ട്രംപ്

Mail This Article
വാഷിങ്ടൻ ∙ യുഎസിന്റെ 51–ാമത്തെ സംസ്ഥാനമായി കാനഡയെ കൂട്ടിച്ചേർക്കുമെന്നു പറഞ്ഞതു ഗൗരവമായിത്തന്നെയാണെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഓരോ വർഷവും 20,000 കോടി ഡോളറാണു കാനഡയ്ക്ക് കൊടുക്കുന്നത്. ഈ നഷ്ടം തുടരാൻ താൻ അനുവദിക്കില്ലെന്ന് ട്രംപ് ടിവി അഭിമുഖത്തിൽ വ്യക്തമാക്കി.
കാനഡയിൽനിന്നുള്ള ഇന്ധന ഇറക്കുമതിയാണ് അമേരിക്കയ്ക്ക് ഏറ്റവും നഷ്ടമുണ്ടാക്കുന്നത്. കാനഡയ്ക്കു നൽകുന്ന സൈനികസഹായം അവസാനിപ്പിക്കേണ്ട സമയമായെന്നും ട്രംപ് പറഞ്ഞു. ട്രംപ് ഉയർത്തിയ ഭീഷണി യഥാർഥമാണെന്നും ഇതു രാജ്യവിഭവങ്ങൾ കൈവശപ്പെടുത്താനാണെന്നും വെള്ളിയാഴ്ച ബിസിനസ് പ്രമുഖരും തൊഴിലാളിനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരുന്നു.
ഗൾഫ് ഓഫ് മെക്സിക്കോയെ ഗൾഫ് ഓഫ് അമേരിക്കയായി പുനർനാമകരണം ചെയ്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഫെബ്രുവരി 9 ഗൾഫ് ഓഫ് അമേരിക്ക ദിനം ആയി പ്രഖ്യാപിച്ചു. എല്ലാ അലുമിനിയം, സ്റ്റീൽ ഇറക്കുമതിക്കും 25% തീരുവ ഏർപ്പെടുത്തുന്ന ട്രംപിന്റെ ഉത്തരവ് ഇന്നലെ നിലവിൽ വന്നു. മുഖ്യ വ്യാപാര പങ്കാളികളായ കാനഡയ്ക്കും മെക്സിക്കോയ്ക്കും തീരുവ ബാധകമാണ്.

അതിനിടെ, ജന്മാവകാശ പൗരത്വം റദ്ദാക്കിയ ട്രംപിന്റെ ഉത്തരവു തടഞ്ഞ് ന്യൂ ഹാംഷർ കോടതി ഉത്തരവിട്ടു. ഇതോടെ ട്രംപിന്റെ നടപടി തടഞ്ഞുള്ള കോടതി വിധികൾ മൂന്നായി. അതേസമയം, നാഷനൽ ഫുട്ബോൾ ലീഗിന്റെ ന്യൂഓർലിയൻസിൽ നടക്കുന്ന വാർഷിക ചാംപ്യൻഷിപ്പായ സൂപ്പർ ബൗളിൽ ട്രംപ് പങ്കെടുത്തു.
ഇതാദ്യമായാണു യുഎസ് പ്രസിഡന്റ് സൂപ്പർ ബൗളിൽ നേരിട്ടെത്തുന്നത്. കഴിഞ്ഞ വർഷം ജോ ബൈഡനെയും ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം പോയില്ല. സ്പോർട്സ് രാഷ്ട്രീയ പ്രചാരണത്തിനു വേദിയാക്കുന്നതിനെതിരെ മുൻപു പലവട്ടം വലിയ വിവാദമുയർന്നിട്ടുണ്ട്. ഇക്കാരണത്തിലാണു മറ്റു പ്രസിഡന്റുമാർ പോകാതിരുന്നത്. ഇന്നലെ സൂപ്പർബൗൾ മത്സരത്തിനിടെ പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നു.