ഡാലസ് ക്നാനായ കാത്തലിക് അസോസിയേഷൻ പ്രവർത്തന ഉദ്ഘാടനവും വാലന്റൈൻസ് ഡേ ആഘോഷവും ഫെബ്രുവരി 22ന്

Mail This Article
ഡാലസ് ∙ ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ഡാലസ് ഫോർട്ട് വർത്തിന്റെ (കെസിഎഡിഎഫ്ഡബ്ല്യു) 2025 -2026 കാലയളവിലേക്കുള്ള ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനവും വാലന്റൈൻസ് ഡേ ആഘോഷവും ഫെബ്രുവരി 22ന് വൈകുന്നേരം 6 മണിക്ക് ഫാർമേഴ്‌സ് ബ്രാഞ്ചിലെ ക്നായി തൊമ്മൻ ഹാളിൽ നടത്തപ്പെടും.
ചടങ്ങിൽ നടിയും എഴുത്തുകാരിയും തിരക്കഥാകൃത്തുമായ ലെന മുഖ്യാതിഥിയായി പങ്കെടുക്കും, കെസിസിഎൻഎ പ്രസിഡന്റ് ഷാജി എടാട്ട്, കെസിസിഎൻഎ സെക്രട്ടറി അജിഷ് പോത്തൻ താമറത്ത്, ജോയിന്റ് സെക്രട്ടറി ജോബിൻ കക്കാട്ടിൽ, കെസിസിഎൻഎ ട്രഷറർ സാമോൻ പല്ലാട്ടുമഠം, ക്രൈസ്റ്റ് ദി കിങ് ക്നാനായ കാത്തലിക് ഇടവക വികാരി റവ. ഫാ.അ ബ്രഹാം കളരിക്കൽ തുടങ്ങിയവരും അതിഥികളായി പങ്കെടുക്കും.
ബൈജു ആലപ്പാട്ടിന്റെ നേതൃത്വത്തിലുള്ള കെസിഎഡിഎഫ്ഡബ്ല്യു എക്‌സിക്യുട്ടീവ് കമ്മിറ്റി പുതുവത്സര തലേന്നാണ് സത്യപ്രതിജ്ഞ ചെയ്ത് അടുത്ത രണ്ട് വർഷത്തേക്ക് അധികാരമേറ്റത്. മുപ്പത്തി അഞ്ച് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഡാലസ് ഫോർട്ട് അസോസിയേഷൻ ഈ മെട്രോപ്ലെക്സിലെയും പരിസരപ്രദേശങ്ങളിലെയും അഞ്ഞൂറോളം വരുന്ന ക്നാനായ കുടുബങ്ങളെ ചേർത്തുനിർത്തിക്കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
യോഗത്തിൽ കെസിഎഡിഎഫ്‌ഡബ്ല്യുവിന്റെയും അതിന്റെ ഉപസംഘടനകളായ വിമൻസ് ഫോറം, കെസിവൈഎൽ, യുവജനവേദി, കിഡ്‌സ് ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി ഡാലസ് വിമൻസ് ഫോറം യുവജനവേദി, കിഡ്‌സ് ക്ലബ്, കെസിവൈഎൽ എന്നിവയുടെ സഹകരണത്തോടെ വിവിധ വിനോദ ഗെയിമുകളും പരിപാടികളും ഉൾക്കൊള്ളുന്ന വാലന്റൈൻസ് ഡേ ആഘോഷങ്ങൾ സംഘടിപ്പിക്കും. കൂടാതെ, കെസിഎഡിഎഫ്ഡബ്ല്യുവിന്റെ മുൻ പ്രസിഡന്റുമാർ, കെസിസിഎൻഎ എക്സിക്യൂട്ടീവുകൾ, ഈ ടേമിനും വരാനിരിക്കുന്ന ടേമിനും ദേശീയ തലത്തിലുള്ള സ്ഥാനങ്ങൾ വഹിക്കുന്ന കെസിഎഡിഎഫ്ഡബ്ല്യു അംഗങ്ങൾ എന്നിവരെ ആദരിക്കുന്ന ചടങ്ങും നടക്കുന്നതാണ്.
(വാർത്ത: ബിജോയ് തെരുവത്ത്)