'ഒടുവിൽ എല്ലാം കോംപ്ലിമെന്റ്സായി': ഇഷ്ടതാരത്തെ വേദിയിൽ ചുംബിച്ച യുവതിക്ക് മാപ്പ് നൽകി ഭർത്താവ്

Mail This Article
ബ്രോങ്ക്സ് ∙ അമേരിക്കയിലെ പ്രശസ്ത ഗായകൻ റോമിയോ സാന്റോസിന്റെ സംഗീത പരിപാടിക്കിടെ ഒരു യുവതി വേദിയിൽ കയറി അദ്ദേഹത്തെ ചുംബിച്ച സംഭവം കഴിഞ്ഞമാസം ലോകമെങ്ങും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ വാർത്തയാണ്. റോമിയോയുടെ ആരാധികയായ മിറിയം ക്രൂസാണു വേദിയിൽ കയറി റോമിയോയെ ചുംബിച്ചത്.
മിറിയത്തിന്റെ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ റോമിയോ സംഗീതപരിപാടി അവതരിപ്പിക്കാനായി ടൂർ നടത്തുന്നതിനിടെയായിരുന്നു ഈ സംഭവം. ഭർത്താവും കുട്ടികളുമുള്ള മിറിയത്തിന്റെ പത്തുവർഷം നീണ്ട ദാമ്പത്യജീവിതം ഇതോടെ പ്രതിസന്ധിയിലായി. വിഡിയോ പലവഴിയിൽ പ്രചരിച്ച് ഒടുവിൽ മിറിയത്തിന്റെ ഭർത്താവിന്റെ പക്കലുമെത്തി.
വിഡിയോ കണ്ട് ക്ഷുഭിതനായ ഭർത്താവ് മിറിയത്തിനെതിരെ ഡിവോഴ്സ് പെറ്റീഷൻ നൽകിയിരുന്നു. എന്നാൽ ഈ പ്രതിസന്ധി ഇപ്പോൾ മാറിയെന്നാണു മിറിയം ഇൻസ്റ്റഗ്രാമിലൂടെ നൽകുന്ന സൂചന. ഭർത്താവുമൊത്തു നിൽക്കുന്ന ചിത്രങ്ങളും വിവാഹവാർഷിക ആശംസകളുമൊക്കെ മിറിയം പോസ്റ്റ് ചെയ്തിട്ടുണ്ട്. ലൂയിസ് ക്രെസ്പോ എന്നയാളാണു മിറിയത്തിന്റെ ഭർത്താവ്.
ന്യൂയോർക്കിലെ ബ്രോങ്ക്സിൽ രൂപപ്പെട്ട ഡൊമിനിക്കൻ സംഗീത ബാൻഡായ അവഞ്ചുറയിലെ അംഗമായിരുന്നു റോമിയോ. ഇന്ന് ഈ ബാൻഡ് ഇല്ല. എന്നാൽ ബാൻഡ് അംഗങ്ങൾ കുറച്ചുകാലത്തേക്ക് പുനസംഘടിച്ച് നടത്തിയ റിയൂണിയൻ ടൂറിലാണു വിവാദ ചുംബനം ഉണ്ടായത്. ധാരാളം ആരാധകരുള്ള ഒരു ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറാണു മിറിയം. ഡെയ്ഷ ഒഫീഷ്യൽ എന്ന സ്ക്രീൻ നാമത്തിലാണ് ഇവർ ഇൻസ്റ്റഗ്രാമിലുള്ളത്.
വിവാദസമയത്ത് പൊടുന്നനെ ഇവരുടെ ഫോളോവേഴ്സിന്റെ എണ്ണം കൂടിയിരുന്നു. ഭർത്താവിനോട് ക്ഷമാപണം നടത്തി മിറിയം ഒരു വിഡിയോ അന്നേ പുറത്തിറക്കി. എന്നാൽ ചുംബനം നൽകിയതിൽ തനിക്കു വിഷമമോ പശ്ചാത്താപമോ ഇല്ലെന്നും റോമിയോ സാന്റോസിനെ താൻ അത്രയ്ക്ക് ആരാധിക്കുന്നുണ്ടെന്നും മിറിയം പറഞ്ഞിരുന്നു.
സമൂഹമാധ്യമ ഉപയോക്താക്കളും വിഷയത്തിൽ അന്നു പല നിലപാടുകൾ സ്വീകരിച്ചു. മിറിയം ചെയ്തത് വിവാഹത്തിന് ആഘാതമേൽപിക്കുന്ന കാര്യമാണെന്നു ചിലർ അഭിപ്രായപ്പെട്ടപ്പോൾ ഭർത്താവ് അമിതമായി പ്രതികരിക്കുകയാണെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം. കാര്യങ്ങൾ രമ്യമായി പറഞ്ഞു തീർക്കണമെന്നു മറ്റു ചിലരും അഭിപ്രായം പറഞ്ഞു. ഏതായാലും ഒടുവിൽ എല്ലാം കോംപ്ലിമെന്റ്സായി, ഭാര്യയും ഭർത്താവും ഒരുമിച്ചു.