ADVERTISEMENT

അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന അടിമയും സാമൂഹിക പരിഷ്കർത്താവുമായിരുന്നു ഫ്രെഡറിക് ഡഗ്ലസ് (1818-1895). അടിമത്തത്തെയും വിവേചനത്തെയും വെല്ലുവിളിച്ച് പൗരാവകാശങ്ങൾക്കായി അദ്ദേഹം ശക്തമായി വാദിച്ചു. പ്രശസ്തനായ പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ഡഗ്ലസ്, അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ട് ഇതിഹാസമായി വളർന്നു.

19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം ചിത്രം എടുക്കപ്പെട്ട അമേരിക്കക്കാരിൽ ഒരാളായിരുന്നു ഡഗ്ലസ്. "സന്തോഷവാനായ അടിമ" എന്ന മിഥ്യാധാരണയെ പൊളിച്ചെഴുതാൻ അദ്ദേഹം ഒരു ചിത്രത്തിൽ പോലും പുഞ്ചിരിച്ചില്ല. മേരിലാൻഡിൽ അടിമയായി ജനിച്ച ഡഗ്ലസ്, 12 വയസ്സിൽ തന്റെ ഉടമയുടെ ഭാര്യയിൽ നിന്ന് അക്ഷരമാല പഠിച്ചു. പിന്നീട് ബൈബിൾ വായിക്കാനും പകർത്താനും തുടങ്ങിയ അദ്ദേഹം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു. എന്നാൽ, സ്വാതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ ആഗ്രഹം തിരിച്ചറിഞ്ഞ ഉടമ, പഠനം തടഞ്ഞു. എങ്കിലും, ഡഗ്ലസ് രഹസ്യമായി പഠനം തുടർന്നു, മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു.

സമരമില്ലെങ്കിൽ പുരോഗതിയില്ല.എന്റെ ഉള്ളിലുള്ള ആത്മാവിന് അധഃപതിക്കാനാവില്ല. സ്വേച്ഛാധിപതികളുടെ അതിരുകൾ അവർ അടിച്ചമർത്തുന്നവരുടെ സഹിഷ്ണുതയാൽ നിർണ്ണയിക്കപ്പെടുന്നു

16-ാം വയസ്സിൽ, ക്രൂരനായ അടിമ ഉടമയായ എഡ്വേർഡ് കോവിയുടെ കീഴിൽ ഡഗ്ലസിന് ജോലി ചെയ്യേണ്ടിവന്നു. പതിവായ മർദ്ദനത്തിലൂടെ കോവി ഡഗ്ലസിന്റെ ശരീരത്തെയും മനസ്സിനെയും തളർത്തി. എന്നാൽ, ഒരിക്കൽ ഡഗ്ലസ് തിരിച്ചടിച്ചു, കോവിയെ പരാജയപ്പെടുത്തി. ഈ സംഭവം ഡഗ്ലസിന്റെ ജീവിതത്തിൽ വഴിത്തിരിവായി. പിന്നീട് കോവി അദ്ദേഹത്തെ ഉപദ്രവിക്കാൻ ധൈര്യപ്പെട്ടില്ല.

1838ൽ, നിരവധി ശ്രമങ്ങൾക്കുശേഷം, ഡഗ്ലസ് ന്യൂയോർക്ക് നഗരത്തിലേക്ക് പലായനം ചെയ്തു. അടിമത്തത്തിൽ നിന്ന് മോചനം നേടി. രക്ഷപ്പെടുന്നതിന് തൊട്ടുമുന്‍പ്, ബാൾട്ടിമോറിൽ വെച്ച് അന്ന മുറെയെ കണ്ടുമുട്ടുകയും അവർ പ്രണയത്തിലാവുകയും ചെയ്തു. ഡഗ്ലസിന്റെ രക്ഷപ്പെടലിന് അന്ന സഹായിച്ചു. ന്യൂയോർക്ക് നഗരം ആദ്യമായി കണ്ടതിനെക്കുറിച്ച് ഡഗ്ലസ് പിന്നീട് എഴുതി: "ഒരു പുതിയ ലോകം എനിക്കായി തുറന്നിരിക്കുന്നു. എന്റെ അടിമ ജീവിതത്തിലെ ഒരു വർഷത്തേക്കാൾ കൂടുതൽ ഞാൻ ഒരു ദിവസം കൊണ്ട് ജീവിച്ചു."

" ക്രിസ്തുമതത്തെ ഞാൻ സ്നേഹിക്കുന്നു; എന്നാൽ ഈ നാട്ടിലെ അടിമത്തത്തെയും മറ്റ് അനീതികളെയും ഞാൻ വെറുക്കുന്നു" എന്ന് ഡഗ്ലസ് തന്റെ വിശ്വാസത്തെക്കുറിച്ച് പറഞ്ഞു. 1840ൽ അദ്ദേഹം ഒരു പ്രസംഗം നടത്തി.പിന്നീട് ഭൂഗർഭ റെയിൽറോഡിലെ ഒരു സ്റ്റേഷനായിരുന്നു, അതിൽ വർഷങ്ങൾക്ക് ശേഷം കറുത്തവർഗക്കാർക്കുള്ള  സഭ രൂപീകരിക്കുകയും 1940 ഓടെ മേഖലയിലെ ഏറ്റവും വലിയ പള്ളിയായി മാറുകയും ചെയ്തു.  ഡഗ്ലസിന്റെ ഏറ്റവും പ്രശസ്തമായ കൃതി അദ്ദേഹത്തിന്റെ ആത്മകഥയായ "നരേറ്റീവ് ഓഫ് ദി ലൈഫ് ഓഫ് ഫ്രെഡറിക് ഡഗ്ലസ്" ആണ്. 1845-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം ബെസ്റ്റ് സെല്ലറായി, ആയിരക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞു.

1848ൽ, ഡഗ്ലസ് തന്റെ മുൻ ഉടമയായ തോമസ് ഓൾഡിനെ അഭിസംബോധന ചെയ്തുകൊണ്ട്  തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. "ഓ! സർ, എന്റെ പ്രിയപ്പെട്ട മക്കളെക്കുറിച്ച് ഓർക്കുമ്പോൾ, ഒരു അടിമ ഉടമയെ നരകത്തിലെ പ്രതിനിധിയായി ഞാൻ കാണുന്നു. അടിമത്തത്തിന്റെ ഭീകരതയും ദശലക്ഷക്കണക്കിന് ആളുകളുടെ ദുരിതവും എന്റെ ഹൃദയത്തെ തളർത്തുന്നു" എന്ന് അദ്ദേഹം എഴുതി.

ഇന്നും ഫ്രെഡറിക് ഡഗ്ലസ് അടിമത്തത്തിനും അനീതിക്കുമെതിരെ പോരാടുന്നവർക്ക് പ്രചോദനമാണ്.

English Summary:

Frederick Douglass: An American Icon of Freedom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com