ADVERTISEMENT

ന്യൂ മെക്സിക്കോ ∙ ഓസ്കാർ ജേതാവായ നടൻ ജീൻ ഹാക്​മാൻ, പിയാനിസ്റ്റ് ആയ ഭാര്യ ബെറ്റ്സി അരകാവ എന്നിവരെ ന്യൂ മെക്സിക്കോയിലെ സ്വവസതിയിൽ  മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ വളർത്തു നായയേയും മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.  ബുധനാഴ്ചയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 

ന്യൂ മെക്സിക്കോയുടെ തലസ്ഥാന നഗരമായ സാന്താ ഫെയ്ക്ക് പുറത്തെ  ഗേറ്റഡ് കമ്മ്യൂണിറ്റിയിലാണ് ദമ്പതികളുടെ വീട്.

ഇരുവരുടെയും  മരണ കാരണം അധികൃതർ പുറത്തുവിട്ടിട്ടില്ല, അന്വേഷണം പുരോഗമിക്കുകയാണ്.   95 കാരനായ ഹാക്​മാൻ അഞ്ച് തവണ ഓസ്കാർ നോമിനിയായിരുന്നു. ഡസൻ കണക്കിന് സിനിമകളിൽ അഭിനയിച്ച ഹാക്​മാന് ദി ഫ്രഞ്ച് കണക്ഷൻ, അൺഫോർഗിവൻ എന്നീ ചിത്രങ്ങൾക്കാണ് 21 വർഷത്തെ ഇടവേളയിൽ ഓസ്കാർ ലഭിച്ചത്. ഈ വർഷത്തെ അക്കാദമി അവാർഡ് ദാന ചടങ്ങിന് നാല് ദിവസം മുൻപാണ് അദ്ദേഹത്തിന്റെ മരണവാർത്ത വരുന്നത്.

ആക്ഷൻ സിനിമകളിലും ത്രില്ലറുകളിലും പ്രത്യക്ഷപ്പെട്ട ഹാക്​മാൻ അനവധി വ്യത്യസ്ത  വേഷങ്ങൾ ചെയ്തു. കൂടാതെ യങ് ഫ്രാങ്കൻസ്റ്റൈൻ എന്ന സിനിമയിലെ ഹാസ്യ കഥാപാത്രവും ശ്രദ്ധേയമായിരുന്നു. അവാർഡ് ഷോകളിൽ പ്രത്യക്ഷപ്പെട്ടതിനു പുറമേ, ഹോളിവുഡ് സോഷ്യൽ സർക്യൂട്ടിൽ അദ്ദേഹത്തെ വളരെ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂ. 70 കളുടെ മധ്യത്തിലാണ് സിനിമാഭിനയം നിർത്തിയത്. 

1980 കളിലാണ് ഹാക്​മാൻ ന്യൂ മെക്സിക്കോയിലേക്ക് താമസം മാറിയത്.  1990 കളിൽ ജോർജിയ ഒ'കീഫ് മ്യൂസിയത്തിന്റെ ബോർഡ് അംഗമായി സേവനമനുഷ്ഠിച്ചിരുന്നതായി പ്രാദേശിക പത്രമായ ദി ന്യൂ മെക്സിക്കന്റെ റിപ്പോർട്ടിൽ പറയുന്നു. 

English Summary:

Oscar-winning actor Gene Hackman and his wife, classical pianist Betsy Arakawa were found dead on Wednesday in their home in New Mexico. Police starts investigation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com