വൈറ്റ് ഹൗസിൽ മലയാളി സാന്നിധ്യം; നിർണായക ചുമതലയിലേക്ക് പത്തനംതിട്ട സ്വദേശിയെ നിയമിച്ച് ട്രംപ്

Mail This Article
ന്യൂയോർക്ക് ∙ അമേരിക്കൻ വൈറ്റ് ഹൗസ് ഓഫിസ് ഓഫ് ഇന്റർ ഗവൺമെൻറ് അഫയേഴ്‌സ് കോ ഓർഡിനേറ്ററായി മലയാളി യുവാവും പത്തനംതിട്ട സ്വദേശിയുമായ ഫിൻലി വർഗീസിന് നിയമനം ലഭിച്ചു. വൈറ്റ് ഹൗസ് ഓഫിസ് ഓഫ് ഇന്റർ ഗവൺമെൻറ് അഫയേഴ്സിലേക്കുള്ള നിയമനങ്ങൾ പ്രസിഡന്റ് ട്രംപ് ആണ് പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റിയിൽ പ്രോഗ്രാമിങ് ആൻഡ് പൊളിറ്റിക്കൽ മാനേജരായും റീജനൽ പൊളിറ്റിക്കൽ കോർഡിനേറ്ററായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഫിൻലി വർഗീസ്.
വൈറ്റ് ഹൗസ് ഓഫിസ് ഓഫ് ഇന്റർ ഗവൺമെന്റൽ അഫയേഴ്സ് (ഐ.ജി.എ) പ്രസിഡന്റിന്റെ അസിസ്റ്റന്റിനും വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ജെയിംസ് ബ്ലെയറിനുമാണ് ഡ്യൂട്ടികൾ റിപ്പോർട്ട് ചെയ്യേണ്ടത്. പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റും ഐ.ജി.എ ഡയറക്ടറുമായ അലക്സ് മേയറാണ് ഓഫിസിന്റെ നിയന്ത്രണം. വൈറ്റ് ഹൗസ് ഓഫിസ് ഓഫ് ഇന്റർ ഗവൺമെന്റൽ അഫയേഴ്‌സ് എന്നത് സംസ്ഥാന - പ്രാദേശിക സർക്കാരുകളിലേക്കുള്ള വിവിധ അഡ്മിനിസ്ട്രേഷന്റെ പ്രധാന ചുമതലകൾ നിർവഹിക്കുന്നതിനായി പ്രവർത്തിക്കുകയും ഭരണപരമായ മുൻഗണനകളും പരസ്പര ഏകോപനവും മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ഫ്ലോറിഡ സൗത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദ പഠനം പൂർത്തിയാക്കിയ ഫിൻലി, റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റിയുടെ നോർത്ത് കാരോലൈന, ജോർജിയ തുടങ്ങിയ സ്റ്റേറ്റുകളുടെ ഫീൽഡ് ഓർഗനൈസറായും പ്രവർത്തിച്ചിട്ടുണ്ട്. പസഫിക് വെസ്റ്റ് റീജനൽ ഡയറക്ടറുടെ കീഴിൽ പൊളിറ്റിക്കൽ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്ന ഫിൻലി 2023 മുതൽ 2025 ജനുവരി വരെ വാഷിങ്ടനിൽ പ്രോഗ്രാമിങ് ആൻഡ് പൊളിറ്റിക്കൽ മാനേജറായി പ്രവർത്തിച്ചു വരവെയാണ് പുതിയ നിയമനം തേടിയെത്തിയത്.
ഫ്ലോറിഡയിലെ ലാൻഡ് ഐ.പി.സി സഭാംഗമാണ്. 2018 ലെ ഐ.പി.സി ഫാമിലി കോൺഫറൻസിന്റെ യൂത്ത് കോർഡിനേറ്ററായും 2019 ലെ കോൺഫറൻസിന്റെ സെൻട്രൽ ഫ്ലോറിഡ പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. പത്തനംതിട്ട ഇലന്തൂർ ചിറക്കടവിൽ കുടുംബാഗം ചേറ്റുകടവിൽ വർഗീസ് സി. വർഗീസിന്റെയും ജെസിമോൾ വർഗീസിന്റെയും മകനാണ് ഫിൻലി വർഗീസ്.
(വാർത്ത ∙ നിബു വെള്ളവന്താനം)