ലോകം നടുങ്ങിയ നിമിഷം: ഫസ്റ്റ് ലേഡിയെ രക്ഷിക്കാൻ ലീമോസിനിലേക്കു ചാടി; ജോലിയിൽ വീഴ്ച വരുത്തിയെന്ന് വിശ്വസിച്ച് രാജി

Mail This Article
തന്റെ ജോലിയിൽ താൻ വീഴ്ച വരുത്തിയെന്ന് വിശ്വസിച്ച് ജീവിതത്തിന്റെ നല്ലൊരുകാലം ദുഃഖിച്ച ഒരു മനുഷ്യൻ, അപാകതകൾ സംഭവിച്ചിട്ടില്ലായെങ്കിലും കുറ്റബോധം താങ്ങാനാകാതെ രാജിവച്ച ഉദ്യോഗസ്ഥൻ. ആത്മാർഥത കൈമോശം വരുന്ന കാലത്ത് ജ്വലിക്കുന്ന ഒരുദാഹരണമാണു ക്ലിന്റ് ഹില്ലെന്ന് അമേരിക്കക്കാർ അദ്ദേഹത്തെക്കുറിച്ച് സംഘടിപ്പിച്ച വിവിധ അനുസ്മരണങ്ങളിൽ പറയുന്നു. യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ മരണം നേരിട്ടുകണ്ട യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണു കഴിഞ്ഞദിവസം അന്തരിച്ച ക്ലിന്റ് ഹിൽ(93).
1963 നവംബർ 22ന് ടെക്സസിലെ ഡാലസിൽ ഇലക്‌ഷൻ പ്രചാരണ റാലിയിൽ തുറന്ന ലീമോസീൻ കാറിൽ നിന്നു മോട്ടർ റാലി നയിക്കുന്നതിനിടെയാണു കെന്നഡി വെടിയേറ്റു കൊല്ലപ്പെട്ടത്. അദ്ദേഹത്തോടൊപ്പം ഭാര്യ ജാക്വിലിനുമുണ്ടായിരുന്നു. ജാക്വിലിന്റെ സുരക്ഷാച്ചുമതലയുള്ള ക്ലിന്റ് ലീമോസിനു തൊട്ടടുത്തായി മറ്റൊരു വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു. കെന്നഡി വെടിയേറ്റു വീണ ശേഷം ജാക്വിലിനെ രക്ഷിക്കാനായി ലീമോസിനിലേക്കു ചാടിക്കയറുന്ന ക്ലിന്റിന്റെ ചിത്രം പിന്നീട് ലോകപ്രശസ്തമായി.
താൻ കുറച്ചുകൂടി ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ കെന്നഡിയെ രക്ഷിക്കാമായിരുന്നെന്നു ക്ലിന്റിനു പിന്നീട് കുറ്റബോധം ഉടലെടുത്തു. ഇതുകാരണമുണ്ടായ ആത്മനിന്ദയിൽ അദ്ദേഹം 43ാം വയസ്സിൽ ഉദ്യോഗത്തിൽ നിന്നു വിരമിച്ചു. പിൽക്കാലത്ത് ക്ലിന്റ് തന്റെ ഓർമകൾ പുസ്തകമാക്കുകയും വൻവിജയമാകുകയും ചെയ്തിരുന്നു. ജീവിതത്തിന്റെ അവസാനകാലത്താണ് അദ്ദേഹം കെന്നഡിമരണം നൽകിയ കുറ്റബോധത്തിൽ നിന്നു മുക്തനായത്. എത്ര ശ്രമിച്ചിരുന്നെങ്കിലും തനിക്ക് അദ്ദേഹത്തെ രക്ഷിക്കാൻ കഴിയുമായിരുന്നില്ലെന്ന തിരിച്ചറിവ് അക്കാലത്ത് അദ്ദേഹത്തിനു വന്നു.
ഡാലസിലെ ഡീലി പ്ലാസയിലെ ടെക്സസ് ബുക് ഡിപ്പോസിറ്ററി എന്ന കെട്ടിടത്തിനു സമീപമെത്തിയപ്പോഴായിരുന്നു കെന്നഡിക്കു വെടിയേറ്റത്. ടെക്സസ് ബുക് ഡിപ്പോസിറ്ററിയുടെ തെക്കുകിഴക്കൻ മൂലയിലെ ആറു നില കെട്ടിടത്തിൽ നിന്ന് ഒരു അക്രമി മൂന്നു തവണ വെടിയുതിർത്തു.
തലയ്ക്കും പുറത്തും വെടിയേറ്റ് പ്രസിഡന്റ് പിന്നിലേക്കു വീണു. ഉടനടി അടുത്തുള്ള ആശുപത്രിയിലേക്ക് അദ്ദേഹത്തെ എത്തിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഉച്ചയ്ക്ക് ഒരുമണിയോടെ ലോകമെമ്പാടുമുള്ള വാർത്താ ഏജൻസികൾ ജോൺ എഫ് കെന്നഡി വെടിയേറ്റു മരിച്ച വാർത്ത പുറത്തുവിട്ടു. ലോകം നടുങ്ങിയ നിമിഷം. വിവിധ രാജ്യങ്ങളിൽ ആ വാർത്ത അലയൊലികൾ സൃഷ്ടിച്ചു.
വെറും 46 വയസ്സുള്ളപ്പോഴാണ് യുഎസ്സിന്റെ ചുറുചുറുക്കുള്ള പ്രസിഡന്റായ കെന്നഡി മരിക്കുന്നത്. കെന്നഡിയുടെ ഭാര്യ ജാക്വിലിൻ, ടെക്സസ് ഗവർണറായ ജോൺ ബി കോണെലി ജൂനിയർ എന്നിവർക്കും വെടിയേറ്റിരുന്നു. പരുക്കുകളോടെ അവർ രക്ഷപ്പെട്ടു. കൊല്ലപ്പെടുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റായിരുന്നില്ല കെന്നഡി. ഏബ്രഹാം ലിങ്കൺ, ജെയിംസ് ഗാർഫീൽഡ്, വില്യം മക്കിൻലി എന്നിവരൊക്കെ നേരത്തെ വെടിയേറ്റു കൊല്ലപ്പെട്ടിട്ടുണ്ട്. എങ്കിലും അവരുടെ മരണത്തിനൊന്നും കിട്ടാത്ത രാജ്യാന്തര പ്രാധാന്യമാണു കെന്നഡി വധത്തിനു കിട്ടിയത്. അതിനൊരു കാരണമുണ്ടായിരുന്നു.
അന്ന് ശീതയുദ്ധ കാലമായിരുന്നു. അമേരിക്ക നയിക്കുന്ന മുതലാളിത്ത ചേരിയും സോവിയറ്റ് റഷ്യ നയിച്ച സോഷ്യലിസ്റ്റ് ചേരിയും തമ്മിൽ വലിയ കിടമത്സരവും സംഘർഷ മനോഭാവവും നില നിന്നു. മുതലാളിത്ത ചേരിയുടെ ഏറ്റവും പ്രമുഖ നേതാവും ചാംപ്യനുമായിരുന്നു കെന്നഡി.
ക്യൂബയിലെ കാസ്ട്രോ ഭരണത്തെ അട്ടിമറിക്കാന്‍ നടത്തിയ ‘ബേ ഓഫ് പിഗ്സ്’ ആക്രമണം പോലുള്ള ശ്രമങ്ങളും, ക്യൂബയിൽ റഷ്യ മിസൈൽ താവളം സ്ഥാപിക്കുന്നതിനെതിരെ നാവിക ഉപരോധം ഏർപ്പെടുത്തിയതും മറ്റു നയങ്ങളുമൊക്കെ കെന്നഡിയെ രാജ്യാന്തര തലത്തില്‍ പ്രശസ്തനാക്കിയിരുന്നു.
അതിനാൽ തന്നെ ശീതയുദ്ധം നിലനിൽക്കുന്ന സമയത്തു സംഭവിച്ച കെന്നഡി വധം ലോകം വീണ്ടും പ്രശ്നങ്ങളിലേക്കു പോകുമോയെന്ന ആശങ്ക ഉടനടി ഉയർത്തി. ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യത വരെ ചുരുങ്ങിയ സമയത്തിൽ പലരും ചർച്ച ചെയ്തു.
എന്നാൽ കുറച്ചു മണിക്കൂറുകൾക്കുള്ളില്‍ തന്നെ കെന്നഡിയുടെ കൊലയാളിയെ അറസ്റ്റ് ചെയ്തു. ലീ ഹാർവി ഓസ്‌വാൾഡ് എന്ന ഇരുപത്തിനാലുകാരനായിരുന്നു അത്. കെന്നഡിയുടെ കൊലപാതകത്തിനു പിന്നിൽ ഓസ്‌വാൾഡ് മാത്രമല്ലെന്നും മറ്റേതോ ശക്തികളുണ്ടെന്നും ഇന്നും പ്രബലമായ അഭ്യൂഹം അമേരിക്കക്കാർക്കിടയിലുണ്ട്.