‘താരിഫ് യുദ്ധ’വുമായി ട്രംപ്; മറുപടിയുമായി ചൈന

Mail This Article
ഹൂസ്റ്റണ്‍∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘താരിഫ് യുദ്ധം’ പ്രഖ്യാപിച്ചിരിക്കുകയാണ്. എതിരാളികള്‍ മാത്രമല്ല സഖ്യ രാജ്യങ്ങള്‍ വരെ ട്രംപിന്റെ ഈ നിലപാടിൽ അകപ്പെട്ടു വലയുകയാണ്. ഗത്യന്തരമില്ലാതെ കാനഡ വരെ യുഎസ് ഉത്പന്നങ്ങള്‍ക്കും ട്രംപ് ചാര്‍ത്തിയ അതേ തീരുവ ചുമത്തി തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ്. അതിനിടെയാണ് ചൈനയും ട്രംപിനെ വെല്ലുവിളിച്ചു രംഗത്തു വന്നിരിക്കുന്നത്. ഏതു യുദ്ധമായാലും, അത് സൈനിക നീക്കമോ വ്യാപാര ഉപരോധമോ താരിഫ് യുദ്ധമോ എന്തായാലും ചൈന സജ്ജമാണെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപിന് പ്രിയപ്പെട്ട ചില കമ്പനികളെ തിരഞ്ഞു പിടിച്ച് കനത്ത തീരുവ ചുമത്തിയും ബെയ്ജിങ് ഏഷ്യയില്‍ നിന്ന് യുദ്ധപ്രഖ്യാപനം നടത്തുകയും ചെയ്തു.
ചൈനീസ് ഇറക്കുമതിക്ക് ഇരട്ടി തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനത്തെത്തുടര്‍ന്നാണ് ചൈനയുടെ തിരിച്ചടി. അമേരിക്ക വ്യാപാര യുദ്ധം തുടര്‍ന്നാല്‍ 'അവസാനം വരെ' പോരാടുമെന്നാണ് ചൈന പ്രഖ്യാപിച്ചിരിക്കുകയാണ്.
'അമേരിക്ക... ഒരു താരിഫ് യുദ്ധം, വ്യാപാര യുദ്ധം അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള യുദ്ധം നടത്തുന്നതില്‍ തുടരുകയാണെങ്കില്‍, ചൈനീസ് പക്ഷം അവരോട് അവസാനം വരെ പോരാടും.' ന്യൂയോര്‍ക്ക് ടൈംസിന്റെ ചോദ്യത്തിന് മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. ട്രംപ് ഭരണകൂടം എല്ലാ ചൈനീസ് ഇറക്കുമതികളുടെയും തീരുവ 10 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തിയതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
യുഎസ് ചിക്കന്‍, ഗോതമ്പ്, ധാന്യം, പരുത്തി എന്നിവയ്ക്ക് 15 ശതമാനം തീരുവ ചുമത്തിയതിനൊപ്പം സോര്‍ഗം, സോയാബീന്‍, പന്നിയിറച്ചി, ബീഫ്, സീഫുഡ്, പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 10 ശതമാനം തീരുവ ചുമത്തിയതായും സ്റ്റേറ്റ് കൗണ്‍സില്‍ താരിഫ് കമ്മീഷന്‍ അറിയിച്ചു. സാമ്പത്തിക നടപടികളിലൂടെ ചൈനയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചതിന് ലിന്‍ തന്റെ പ്രസ്താവനയില്‍ യുഎസ് നടപടിയെ വിമര്‍ശിച്ചു.
‘‘ഞങ്ങളുടെ ശ്രമങ്ങളെ തിരിച്ചറിയുന്നതിനുപകരം, ചൈനയെ കുറ്റപ്പെടുത്താനാണ് യുഎസ് ശ്രമിക്കുന്നത്. കൂടാതെ താരിഫ് വർധനയിലൂടെ ചൈനയെ സമ്മര്‍ദ്ദത്തിലാക്കാനും ബ്ലാക്ക് മെയില്‍ ചെയ്യാനും ശ്രമിക്കുകയാണ്. അവരെ സഹായിച്ചതിന് അവര്‍ ഞങ്ങളെ ശിക്ഷിച്ചുവരികയാണ്. ഇത് യുഎസിന്റെ പ്രശ്‌നം പരിഹരിക്കാന്‍ പോകുന്നില്ല. മാത്രമല്ല ലഹരിമരുന്ന് വിരുദ്ധ സംഭാഷണത്തെയും സഹകരണത്തെയും ദുര്‍ബലപ്പെടുത്തുകയും ചെയ്യും ’’–ലിന്‍ ജിയാന്‍ പറഞ്ഞു
ചൈനീസ് സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അധിക നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഡ്രോണ്‍ നിർമാതാക്കളായ സ്‌കൈഡിയോ ഉള്‍പ്പെടെ 15 സ്ഥാപനങ്ങളെ കയറ്റുമതി നിയന്ത്രണ പട്ടികയില്‍ ചേര്‍ത്തു. ചൈനീസ് കമ്പനികള്‍ ഈ ബിസിനസുകളിലേക്ക് ഇരട്ട ഉപയോഗ സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്നതില്‍ നിന്ന് തടയും.
ട്രംപ് ഭരണകൂടത്തിന്റെ വോട്ടര്‍ അടിത്തറയുമായി ശക്തമായ ബന്ധമുള്ള വ്യവസായങ്ങളെ ബാധിക്കുക എന്നതാണ് ചൈനയുടെ പ്രതിരോധ നടപടികള്‍ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. യുഎസ് സമ്മര്‍ദ്ദത്തിന് വഴങ്ങി ചൈന പിന്മാറില്ലെന്ന് ലിന്‍ വ്യക്തമാക്കുമ്പോള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.