'ഡെസേർട്ട് ഡ്രിഫ്റ്റർ' ഓർമയായി; യൂട്യൂബർ ആൻഡ്രൂ ക്രോസ് കാറപകടത്തിൽ കൊല്ലപ്പെട്ടു

Mail This Article
കൊളറാഡോ ∙ പ്രമുഖ സാഹസിക സഞ്ചാരിയും യൂട്യൂബറുമായ ആൻഡ്രൂ ക്രോസ് (36) കൊല്ലപ്പെട്ടു. കാറപകടത്തെ തുടർന്ന് ഒരു മാസത്തോളമായി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ആൻഡ്രൂ ജീവൻനിലനിർത്തിയിരുന്നത്. യൂട്യൂബിൽ അരലക്ഷത്തിലധികം ആരാധകരുള്ള 'ഡെസേർട്ട് ഡ്രിഫ്റ്റർ' എന്ന ചാനലിലൂടെയാണ് ആൻഡ്രൂ ശ്രദ്ധ നേടിയത്.
വെർജീനിയയിൽ ജനിച്ച ആൻഡ്രൂ സാഹസിക യാത്രകളെ ഇഷ്ടപ്പെട്ടിരുന്നു. ജനുവരി 31ന് ആൻഡ്രൂവിന്റെ നിർത്തിയിട്ടിരുന്ന കാറിനെ പിന്നിൽ നിന്ന് അതിവേഗത്തിൽ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഇതേതുടർന്ന് ഗുരുതരമായ മസ്തിഷ്ക ക്ഷതം ആൻഡ്രൂവിന് സംഭവിച്ചിരുന്നു. കൊളറാഡോയിലെ മെസ കൗണ്ടി കോറോണർ ഓഫിസ് ആൻഡ്രൂവിന്റെ മരണം അപകടത്തിൽ സംഭവിച്ച പരുക്കുകൾ മൂലമാണെന്ന് സ്ഥിരീകരിച്ചു.
അപകടത്തിന് കാരണമായ കാർ ഓടിച്ചിരുന്ന റാഗ്നർ നിക്കോളാസ് ക്രിസ്റ്റലിനെതിരെ അശ്രദ്ധമായ ഡ്രൈവിങ്ങിനും മദ്യലഹരിയിൽ വാഹനം ഓടിച്ചതിനും നരഹത്യയ്ക്കും കേസ് എടുത്തിട്ടുണ്ട്. സ്പീച്ച്-ലാംഗ്വേജ് പാത്തോളജിസ്റ്റായ എവ്‌ലിനാണ് ആൻഡ്രൂവിന്റെ ഭാര്യ.