ഡോണൾഡ് ട്രംപിനും അനുയായികൾക്കും ജോർജിയ നഷ്ട പരിഹാരം നൽകും

Mail This Article
അറ്റ്ലാന്റ ∙ 2020 ലെ പൊതു തിരഞ്ഞെടുപ്പിൽ തങ്ങൾക്കു നീതി ലഭിച്ചില്ല എന്നാരോപിച്ച് പ്രസിഡന്റ് ട്രംപും ഒരു ഡസനിലധികം അനുയായികളും ഫയൽ ചെയ്തിരുന്ന കേസിൽ ജോർജിയ സെനറ്റ് ട്രംപിനും കൂട്ടാളികൾക്കും നഷ്ട പരിഹാരം നൽകാൻ തീരുമാനിച്ചു. കൗണ്ടികൾക്കു നൽകിയ ലീഗൽ ഫീസും മറ്റു ചെലവുകളും അപ്പീൽ വാദികൾക്ക് തിരിച്ച് നൽകും.
ട്രംപിനും അനുയായികൾക്കും എതിരായ ക്രിമിനൽ കേസിൽ വിധി പ്രസ്താവിച്ച ഫുൾട്ടൻ കൗണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഫാനി വില്ലിസിനെതിരെ മുൻപേ തന്നെ നടപടികൾ സ്വീകരിച്ചിരുന്നു. വില്ലിസ് തന്റെ കാമുകൻ സ്പെഷൽ പ്രോസിക്യൂട്ടർ നേഥൻ വേഡിനെ കേസിൽ വാദിക്കാൻ നിയോഗിച്ചിരുന്നത് വിവാദമായിരുന്നു. വില്ലിസും കാമുകനും ചേർന്ന് തെറ്റായ മാർഗത്തിലേക്ക് കേസിനെ വഴി തിരിച്ചു വിട്ടുഎന്നാണ് ആരോപണം. ജോർജിയ സെനറ്റിലെ ന്യൂനപക്ഷ നേതാവിന് ചില വിയോജിപ്പുകൾ ഉണ്ടായിരുന്നെങ്കിലും സെനറ്റ് തീരുമാനം ഏകകണ്ഠമായിരുന്നു.
സംസ്ഥാന സെനറ്റിന്റെ മറ്റൊരു തീരുമാനം സ്റ്റേറ്റിനും സബ് കമ്മിറ്റികൾക്കും ചില പ്രത്യേക അധികാരങ്ങൾ നൽകി. ഒരു പ്രത്യേക കമ്മിറ്റി വില്ലിസിന്റെ നടപടികളെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. വില്ലിസിനെ സബ് പീന ചെയ്യുവാൻ നടത്തിയ ആദ്യ ശ്രമത്തിനു അവർ വഴങ്ങിയില്ല. വീണ്ടും സബ് പീന ചെയ്യുവാനുള്ള ശ്രമം തുടരാമെന്ന് ഒരു കോടതി വിധിയുണ്ടായി. അന്വേഷണ കമ്മിറ്റിക്കു കാര്യമായ പുരോഗതി ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടില്ല. ലെഫ്റ്റനന്റ് ഗവർണർ ബർട് ജോൺസും മറ്റു റിപ്പബ്ലിക്കനുകളും സ്റ്റേസി അബ്‌റാംസിനെയും അന്വേഷണ പരിധിയിൽ കൊണ്ട് വരാനുള്ള ശ്രമത്തിലാണ്. കൂടുതൽ ഗൗരവമുള്ള അന്വേഷണം അബ്‌റാംസിന്റെ ന്യൂ ജോർജിയ പ്രോജക്ടും 2018ലെ അബ്‌റാംസിന്റെ ഗവർണർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെലവുകളും ലക്ഷ്യമാക്കി നീങ്ങും എന്നാണ് അറിയുന്നത്. ഗവർണർ പദവിയിലെത്തുന്ന ആദ്യ കറുത്ത വനിത എന്ന അവരുടെ മോഹം രണ്ടാം തവണയും അട്ടിമറിച്ചു റിപ്പബ്ലിക്കൻ ബ്രയാൻ കെമ്പ് 2022ൽ വീണ്ടും വിജയിച്ചു.
യുഎസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി അഡ്മിനിസ്ട്രേറ്റർ ലീ സിൽഡിന് അബ്‌റാംസിന്റെ മേൽ 2 ബില്യൻ ഡോളറിന്റെ അഴിമതി ആരോപണം ഉന്നയിച്ചു. വിഷ വാതക നിയന്ത്രണം നടപ്പാക്കുക എന്ന ലക്ഷ്യത്തിനായി ചില ഏജൻസികളുമായി ചേർന്ന് ബൈഡൻ ഭരണകൂടത്തിൽ നിന്ന് 2 ബില്യൻ ഡോളർ കൈപറ്റിയെന്നാണ് ആരോപണം. അബ്‌റാംസിനൊപ്പം മറ്റു പലരും അന്വേഷണ പരിധിയിൽ ഉൾപ്പെട്ടേക്കും.
ഫെഡറൽ ഭരണകൂടത്തിന്റെ തീരുമാനങ്ങളും നടപടികളും വെല്ലു വിളിച്ചു കോടതികളിൽ അപ്പീലുമായി പോകുന്നവർ മണി ബോണ്ടുകൾ നൽകാൻ ആവശ്യപ്പെടണമെന്ന് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസിന്റെ അഭിഭാഷകരോട് പ്രസിഡന്റ് ട്രംപ് നിർദേശിച്ചു. ഫെഡറൽ ജഡ്‌ജിമാർ ഈയിടെ നൽകിയ വിധികളിൽ ഫെഡറൽ ഗവർമെന്റിന്റെ വിവിധ പരിപാടികൾക്ക് സ്റ്റേ നൽകുകയോ റദ്ദാക്കുകയോ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പ്രസിഡന്റിന്റെ നിർദേശം.