യുഎസിൽ ഭക്ഷ്യവസ്തുക്കൾക്ക് വില ഉയരുന്നു; വിദേശ ചരക്കുകളിന്മേൽ പ്രഖ്യാപിച്ച താരിഫ് നടപ്പാക്കൽ വൈകും

Mail This Article
വാഷിങ്ടൻ ∙ യു എസിലേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകളിന്മേൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫുകൾ നടപ്പാക്കാൻ കഴിയുമോ എന്ന ചോദ്യം പ്രസക്തമായി കൊണ്ടിരിക്കുകയാണ്. ഈ താരിഫുകൾ ഏപ്രിൽ ഒന്നിന് പകരം രണ്ടിന് നടപ്പിലാകുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആദ്യ പ്രഭാഷണത്തിൽ ട്രംപ് വെളിപ്പെടുത്തിയിരുന്നു. വലിയ വാണിജ്യ സ്ഥാപനങ്ങൾ മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്കു മേൽ 25% താരിഫുകൾ ചുമത്തുന്നതിനു എതിരായി വലിയ രീതിയിൽ ലോബിയിങ്ങ് നടക്കുന്നുണ്ട്.
സമ്മർദ്ദങ്ങൾക്ക് വഴങ്ങി തീരുവ ചുമത്തുന്നത് ഒരു മാസം കഴിഞ്ഞു മതി എന്ന തീരുമാനത്തിലാണ് ഫെഡറൽ ഭരണകൂടം. അതോടൊപ്പം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് പ്രഖ്യാപിച്ച തീരുവകൾ എപ്പോൾ നടപ്പിലാക്കണമെന്ന് പുന:രാലോചന നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ചൈനയുമായി നേരിട്ട് ഒരു വ്യവസായ പോരാട്ടത്തിന് തയ്യാറല്ല എന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടുണ്ട്.
കാനഡയ്ക്കും മെക്സിക്കോയ്ക്കും മേൽ അടിച്ചേൽപ്പിക്കുന്ന തീരുവകൾ ഒരു ഏറ്റുമുട്ടലിന് കളം ഒരുക്കും. രണ്ടു രാജ്യങ്ങളും അമേരിക്കയിൽ നിന്ന് തങ്ങളുടെ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് താരിഫുകൾ ഏർപ്പെടുത്തും എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ രണ്ടു രാജ്യങ്ങളുമായി കൂടിയാലോചനകൾ നടത്തി ഒരു ഒത്തുതീർപ്പിനു ശ്രമിക്കാൻ ട്രംപിന് കഴിഞ്ഞേക്കും. നിരക്കുകൾ കുറയ്ക്കുകയോ പകരം മറ്റു ആനുകൂല്യങ്ങൾ നൽകിയോ ഈ രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തി അവർ വഴങ്ങുന്ന അവസ്ഥയിൽ എത്തിക്കുവാൻ ട്രംപിന് കഴിഞ്ഞേക്കും. എന്നാൽ കാനഡയ്ക്കും മെക്സിക്കോയ്ക്കും നൽകുന്ന ഇളവുകൾ തങ്ങൾക്കും നൽകണമെന്ന് മറ്റു രാജ്യങ്ങളും ആവശ്യപ്പെട്ടേക്കും. പ്രത്യേകിച്ച് ഇന്ത്യക്കു മേൽ ചുമത്തുന്ന തീരുവകൾ വളരെ വലുതാണ്. ചില ഇളവുകൾക്കു ഇന്ത്യൻ പ്രധാന മന്ത്രി ട്രംപിന് മേൽ സമ്മർദ്ദം ചെലുത്തേണ്ടതാണ്. ഇരുവരും തമ്മിൽ ഔദ്യോഗിക തലത്തിനും അപ്പുറം ബന്ധങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ നിലവിലിരിക്കെ ഇത് ഇന്ത്യൻ പ്രധാനമന്ത്രിക്ക് അസാധ്യമാകില്ല.
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന താരിഫുകൾക്കു തിരിച്ചടിയായി മെക്സിക്കോയും കാനഡയും ചുമത്തുന്ന താരിഫുകൾ പ്രാബല്യത്തിൽ വന്നാൽ അമേരിക്കക്കാർക്ക് ഗ്യാസിന് (പെട്രോളിന് ) ഒരു ഗാലന് 20 സെന്റ് കൂടുതൽ നൽകേണ്ടി വരും. മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഓരോ അവക്കാഡോയ്ക്കും 50 സെന്റ് അധികം നൽകേണ്ടതായും വരും. പുതിയ വാഹനങ്ങൾക്ക് ആയിരകണക്കിന് ഡോളർ കൂടുതൽ നൽകേണ്ടി വരും എന്നാണ് വ്യവസായ വിദഗ്ധർ പറയുന്നത്. അതിനനുസരിച്ചു മറ്റു സാധനങ്ങൾക്കും സേവനങ്ങൾക്കും വില ഏറും. 'ഇന്ന് രാത്രിയിൽ വില്പനക്ക് എത്തുന്ന കാറുകൾക്ക് നാളെ മുതൽ കൂടുതൽ വില വാങ്ങേണ്ടിവരും', എന്നാണ് അമ്രില്ലോയിലുള്ള ഒരു കാർ ഡീലർ, ജോൺ ലൂസിയാനോ പറഞ്ഞത്.
പഴ വർഗങ്ങൾക്കും മറ്റു പച്ചക്കറികൾക്കും വില കൂടും എന്ന് ടാർഗറ്റ് സി ഇ ഓ ബ്രയാൻ കോർണെൽ പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി ഭക്ഷണ സാധനങ്ങൾക്ക് വില കൂടുതലാണ്. മുട്ടയ്ക്ക് ഒരു ഡസന് അഞ്ച് ഡോളറിനടുത്താണ് വില. ഇത് പിന്നെയും കൂടാനാണ് സാധ്യത. വിലക്കയറ്റം കൂടുന്നത് പിടിച്ചു നിർത്താൻ കഴിയുന്നില്ലെങ്കിൽ ട്രംപിന്റെ ജനപ്രിയത വീണ്ടും കുറയാൻ കാരണമാവും. ഇപ്പോൾ 50% ൽ താഴെയാണെന്നു സർവേകൾ പറയുന്നു.
കഴിഞ്ഞ ട്രംപ് ഭരണത്തിൽ താരിഫുകൾ കൂടിയെങ്കിലും ചൈന ഇതിനെതിരെ കാര്യമായി പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ 10% ആണ് ചൈനയ്ക്കു മേൽ ചുമത്തുന്ന താരിഫുകൾ. കാനഡയും മെക്സിക്കോയും യു എസിന്റെ സഖ്യകക്ഷികളാണ്. എങ്കിലും താരിഫുകൾ ചുമത്താൻ അവർ സമ്മതിക്കണം എന്നില്ല. ദീർഘ കാല ബന്ധങ്ങളിൽ വിള്ളലുകൾ പലരും പ്രവചിക്കുന്നു. 36,000 ഡോളറിന്റെ വിലയുള്ള കാറിന് ഇനി 42,000 ഡോളർ നൽകേണ്ടി വരുമെന്ന് ചിലർ മുൻകൂട്ടി പറയുന്നു. വൊൽക്‌സ്‌വെഗേന് മെക്സിക്കോയിൽ പല പ്ലാന്റുകൾ ഉണ്ട്. ചാറ്റനൂഗ, ടെന്നീസിയിൽ (യുഎസ്എയിൽ) അവർ നിർമ്മിക്കുന്ന കാറുകളുടെ പല ഭാഗങ്ങളും വിദേശങ്ങളിൽ നിന്ന് വരണം. ഇതിനെല്ലാം താരിഫുകൾ ഉയരും.
പ്രധാനമായും ഇലക്ട്രോണിക് സാധനങ്ങൾ വിൽക്കുന്ന ബെസ്ററ് ബൈ വിതരണ ശൃംഖല തങ്ങൾ വിൽക്കുന്ന സാധനങ്ങളുടെ വില ഉയരുമെന്നാണത്രെ പ്രതീക്ഷിക്കുന്നത്. ഒരു സാധാരണ കുടുംബത്തിന്റെ ബഡ്ജറ്റിൽ 1,200 ഡോളർ പ്രതി വർഷം കൂടാൻ സാധ്യത ഉണ്ടെന്നു ചില സമ്പത്തിക വിദഗ്ധർ പറയുന്നു. ഗ്യാസിന്റെ വില ഗാലന് 20 മുതൽ 40 വരെ സെന്റുകൾ കൂടാനും സാധ്യതയുണ്ട്.