ഡോമിനിക്കൻ റിപ്പബ്ലിക്കിൽ കാണാതായ ഇന്ത്യൻ വംശജയായ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയെന്ന് കുടുംബം; യുവാവിനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

Mail This Article
വെർജീനിയ ∙ പിറ്റ്‌സ്ബർഗ് സർവകലാശാലയിലെ വിദ്യാർഥിനി സുദിക്ഷ കൊണങ്കിയെ കാണാതായ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. 20 കാരിയായ ഇന്ത്യൻ വംശജയായ സുദിക്ഷയെ ഡോമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റാ കാനയിൽ വച്ച് കാണാതാവുകയായിരുന്നു. മാർച്ച് ആറിന് രാവിലെ 4.50 ഓടെ റിയു റിപ്പബ്ലിക്ക റിസോർട്ട് ബീച്ചിൽ വച്ചാണ് സുദിക്ഷയെ അവസാനമായി കണ്ടത്.
സുദിക്ഷയെ തട്ടിക്കൊണ്ടുപോയെന്നാണ് കുടുംബം സംശയിക്കുന്നത്. സുദിക്ഷ കടലിൽ ചാടി മുങ്ങി മരിച്ചതാകാമെന്നാണ് പ്രാദേശിക അധികൃതരുടെ നിഗമനം. എന്നാൽ, തിരച്ചിൽ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിൽ കൂടുതൽ ദുരൂഹതകളുണ്ടെന്ന് പറയുന്നു.
സുദിക്ഷയുടെ മാതാപിതാക്കളും രണ്ട് കുടുംബ സുഹൃത്തുക്കളും വെർജീനിയയിലെ വീട്ടിൽ നിന്ന് മകളെ കാണാതായ വിവരമറിഞ്ഞ് പുന്റാ കാനയിലേക്ക് പറന്നു. അപകടമരണ സാധ്യത മാത്രമല്ല, തട്ടിക്കൊണ്ടുപോകൽ അല്ലെങ്കിൽ ദുരൂഹമായ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കൻ അധികൃതർക്ക് പരാതി നൽകി.
"അവളുടെ ഫോണും വാലറ്റും പോലുള്ള വ്യക്തിപരമായ സാധനങ്ങൾ അവളുടെ സുഹൃത്തുക്കളുടെ പക്കൽ ഉപേക്ഷിച്ച നിലയിലായിരുന്നു. അവൾ എപ്പോഴും ഫോൺ കൊണ്ടുനടക്കുന്നതിനാൽ ഇത് അസാധാരണമാണ്" പരാതിയിൽ പറയുന്നു.
ഡോമിനിക്കൻ റിപ്പബ്ലിക് മാധ്യമമായ ലിസ്റ്റിൻ ഡയറിയോയുടെ റിപ്പോർട്ട് അനുസരിച്ച്, സുദിക്ഷയെ അവസാനമായി കാണുന്നതിന് മുൻപ് യുവതിയുടെ കൂടെ നീന്തുന്നത് കണ്ട "യുവാവിനെ" അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ, ഈ യുവാവ് സുദിക്ഷയുടെ സഹപാഠികളിൽ ഒരാളാണോ എന്ന് വ്യക്തമല്ല. സുദിക്ഷയോടൊപ്പം യാത്ര ചെയ്ത പിറ്റിൽ നിന്നുള്ള സഹപാഠികളെയും യുവാവിന്റെ പറയുന്നത് ശരിയാണോ എന്ന് പരിശോധിക്കാനായി ചോദ്യം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.