പണം കൊണ്ട് മായാജാലം കാട്ടിയ മാന്ത്രികൻ; ട്രംപിന്റെ അവഹേളനത്തിനെതിരെ ആഞ്ഞടിച്ച കാനഡയുടെ 'രക്ഷകൻ'

Mail This Article
ബാങ്ക് ഓഫ് കാനഡ, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയുടെ പ്രസിഡന്റായിരുന്ന മാർക്ക് കാർണിയെ(59) കാനഡയുടെ പുതിയ പ്രധാനമന്ത്രിയായും പ്രധാന ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ നേതാവായും തിരഞ്ഞെടുത്തിരിക്കുകയാണ്. കാനഡ എന്ന രാഷ്ട്രത്തിന്റെ 24ാമത്തെ പ്രധാനമന്ത്രിയാണു കാർണി.
കാനഡയുടെ മുൻ ധനമന്ത്രിയും ക്രിസ്റ്റിയ ഫ്രീലാൻഡിനെയാണു കാർണി തോൽപിച്ചത്. ശ്രദ്ധേയയായ, പേരും പെരുമയുമുള്ള ഒരു രാഷ്ട്രീയക്കാരിയെ വലിയ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കാർണിക്കു തോൽപിക്കാനായത് ലിബറൽ പാർട്ടി അദ്ദേഹത്തിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ്.
ട്രൂഡോയുടെ വിശ്വസ്തനായ കാർണി സാമ്പത്തികവിദഗ്ധനാണ്. കാനഡയിലെ ഫോർട്സ്മിത്തിൽ ജനിച്ച കാർണി ആൽബർട്ടയിലാണു വളർന്നത്. ഹാർവഡ്, ഓക്സ്ഫഡ് സർവകലാശാലകളിൽ സാമ്പത്തികശാസ്ത്രത്തിൽ ഉന്നതപഠനം ചെയ്ത അദ്ദേഹം ഓക്സ്ഫഡിൽ നിന്നു പിഎച്ച്ഡിയും നേടി.

സാമ്പത്തിക രംഗത്തുള്ള കാർണിയുടെ പ്രാഗത്ഭ്യത്തിന്റെ തെളിവാണ് ഉന്നത സർവകലാശാലകളിൽ നിന്ന് അദ്ദേഹം നേടിയ ഈ ബിരുദങ്ങൾ. ഗോൾഡ്മാൻ സാക്സിന്റെ എക്സിക്യൂട്ടീവായി ലണ്ടൻ, ടോക്കിയോ, ന്യൂയോർക്ക്, ടൊറന്റോ നഗരങ്ങളിൽ 13 വർഷം പ്രവർത്തിച്ചു. കാര്യമായ രാഷ്ട‌്രീയ പശ്ചാത്തലമില്ലാത്ത ഒരാൾ കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് ആദ്യമാണ്.

2008ൽ ലോകവ്യാപകമായുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ നിന്നു കാനഡ പെട്ടെന്നു കര കയറിയതിൽ അദ്ദേഹത്തിന്റെ നിർണായക സംഭാവനകളുണ്ടായിരുന്നു. 2013ൽ ബ്രിട്ടിഷുകാരനല്ലാത്ത ആദ്യ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രസിഡന്റായി അദ്ദേഹം സ്ഥാനമേറ്റു. ബ്രെക്സിറ്റിനു ശേഷം ബ്രിട്ടിഷ് സാമ്പത്തിക വ്യവസ്ഥയ്ക്കേറ്റ ആഘാതം കുറയ്ക്കാനും അദ്ദേഹത്തിന്റെ നടപടികൾ സഹായകമായി.

2010ൽ കാലാവസ്ഥ, സാമ്പത്തികം എന്നീ രംഗങ്ങളിലെ പ്രത്യേക യുഎൻ പ്രതിനിധിയായും അദ്ദേഹം നിയമിതനായിരുന്നു. കാനഡ കൂടാതെ ബ്രിട്ടന്റെയും അയർലൻഡിന്റെയും പൗരത്വം കാർണിക്കുണ്ട്. വലിയ ഉത്തരവാദിത്തമാണു കാർണിയെ കാത്തിരിക്കുന്നത്. യുഎസുമായുള്ള വ്യാപാരയുദ്ധം കനത്തിരിക്കുന്ന സമയമാണ്.
അങ്ങോട്ടുമിങ്ങോട്ടും തീരുവകൾ ആയുധം പോലെ ഇരുരാജ്യങ്ങളും പ്രയോഗിക്കുകയാണ്. കാനഡയെ തങ്ങളുടെ അടുത്ത സംസ്ഥാനമാക്കാമെന്നൊക്കെ പറഞ്ഞ ട്രംപിന്റെ മുൻപിൽ മുട്ടുമടക്കില്ലെന്നു കാർണി സ്പഷ്ടമായി ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു. ജസ്റ്റിൻ ട്രൂഡോയുടെ പ്രതാപം ഇടിഞ്ഞതോടെ പരുങ്ങലിലായ ലിബറൽ പാർട്ടി കാർണിയുടെ കരുത്തിൽ തിരികെയെത്തുമോയെന്നാണ് അറിയേണ്ടത്.

ട്രംപിന്റെ അവഹേളനത്തിനെതിരെ വലിയ ദേശീയവികാരം കാനഡയിൽ അലയടിച്ചുതുടങ്ങിയിട്ടുണ്ട്. ഇത് ലിബറൽ പാർട്ടിക്ക് അനുകൂലമാകുമെന്നാണു നിരീക്ഷകർ പറയുന്നത്. ബ്രിട്ടിഷ് സാമ്പത്തികവിദഗ്ധ ഡയാന ഫോക്സാണു കാർണിയുടെ ഭാര്യ.
പാരിസ്ഥിതികമായും സാമൂഹികനീതിപരവുമായ അനേകം മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നയാളാണു ഡയാന. അനേകം പുസ്തകങ്ങളും അവർ എഴുതിയിട്ടുണ്ട്. ദമ്പതികൾക്ക് 4 പെൺകുട്ടികളുണ്ട്. കാർണിയുടെ മൂത്ത പുത്രിയായ ക്ലിയോ പഠിക്കുന്നത് ഹാർവഡ് സർവകലാശാലയിലാണ്.