'11 ലക്ഷം രൂപയുടെ ഉൾവസ്ത്രങ്ങൾ വാങ്ങി, കിടക്ക പങ്കിടാൻ ക്ഷണിച്ചു': ഫെയ്സ്ബുക് മുൻ സിഒഒയ്ക്കെതിരെ വിവാദ ആരോപണം

Mail This Article
ഫെയ്സ്ബുക്കിന്റെ മാതൃകമ്പനി മെറ്റയുടെ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും ഐടി–ടെക് രംഗത്തെ കരുത്തുറ്റ വനിതകളിലൊരാളുമായ ഷെറിൽ സാൻബെർഗിനെതിരെ വിവാദശരങ്ങളുയർത്തി ഫെയ്സ്ബുക് മുൻ ജീവനക്കാരിയുടെ പുസ്തകം. ഷെറിൽ സിഒഒ ആയിരിക്കെ ഫെയ്സ്ബുക്കിൽ എക്സിക്യൂട്ടീവ് ആയിരുന്ന സാറ വിൻ വില്യംസ് എഴുതിയ കെയർലെസ് പീപ്പിൾ: എ കോഷനറി ടെയ്ൽ ഓഫ് പവർ, ഗ്രീഡ് ആൻഡ് ലോസ്റ്റ് ഐഡിയലിസം എന്ന പുസ്തകമാണ് ടെക് രംഗത്തെ ആടിയുലച്ചുകൊണ്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.
2017ൽ മെറ്റയിൽ നിന്നു സാറയെ പുറത്താക്കിയിരുന്നു. ഷെറിലിനെതിരെ മാത്രമല്ല, മെറ്റ സിഇഒ മാർക്ക് സക്കർബെർഗിനെതിരെയും മറ്റു ചില ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും വിമർശനം പുസ്തകത്തിലുണ്ട്. ഷെറിൽ തന്നോട് ഒരു മേലുദ്യോഗസ്ഥയ്ക്കു ചേരാത്ത വിധം പെരുമാറിയെന്നാണു പുസ്തകത്തിൽ സാറ ഉന്നയിക്കുന്ന ആരോപണം.
2016ൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നിന്നു കലിഫോർണിയയിലേക്കു സ്വകാര്യ ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ തന്നോടൊപ്പം കിടക്ക ഉപയോഗിക്കാൻ ഷെറിൽ തുടരെത്തുടരെ ആവശ്യപ്പെട്ടെന്നു സാറ ആരോപണമുന്നയിക്കുന്നു. എന്നാൽ താൻ ആ ആവശ്യം നിരസിച്ചെന്നും അത് ഷെറിലിനെ അലോസരപ്പെടുത്തിയെന്നും സാറ പുസ്തകത്തിൽ പറയുന്നു.
തന്റെ അസിസ്റ്റന്റായിരുന്ന സാദി എന്ന വനിതയോടുള്ള ഷെറിലിന്റെ പെരുമാറ്റവും സംശയകരമായിരുന്നെന്ന് സാറ വാദിക്കുന്നു. ഒരിക്കൽ യൂറോപ്പിലേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്ര ചെയ്തപ്പോൾ ഇരുവർക്കുമായി 11 ലക്ഷം രൂപയിലധികം വിലവരുന്ന ഉൾവസ്ത്രങ്ങൾ ഷെറിൽ വാങ്ങി. പ്രഫഷനൽ രീതികൾ ലംഘിച്ചുകൊണ്ട് ഇരുവരും പരസ്പരം മടിയിലുറങ്ങാറുണ്ടായിരുന്നെന്നും സാറ ആരോപിക്കുന്നു.
ഫെയ്സ്ബുക് ഉപയോക്താക്കളുടെ ഡേറ്റ ചൈനയുമായി ഷെയർ ചെയ്യാൻ സക്കർബർഗ് അലോചിച്ചിരുന്നെന്നും പുസ്തകത്തിലുണ്ട്. ചൈനീസ് മാർക്കറ്റിലേക്കു കടക്കാനായായിരുന്നു ഇത്. സക്കർബർഗ് എല്ലാദിവസവും ഉച്ചയ്ക്കാണു ഉറക്കമെണീറ്റിരുന്നതെന്നും ആരെങ്കിലും തന്നെ ബോർഡ് ഗെയിമുകളിൽ തോൽപിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നെന്നും പുസ്തകത്തിലുണ്ട് .ജോയൽ കപ്ലാൻ എന്ന ഫെയ്സ്ബുക്കിന്റെ പോളിസി ചീഫ് തന്നോട് അശ്ലീല പരാമർശം നടത്തിയെന്നും സാറ ആരോപിക്കുന്നു.
എന്നാൽ തങ്ങളുടെ ഉദ്യോഗസ്ഥർക്കെതിരെ ശരിയല്ലാത്ത ആരോപണങ്ങളാണു സാറ ഉന്നയിക്കുന്നതെന്നാണു മെറ്റയുടെ പ്രതികരണം. മോശം പ്രകടനം, പരുഷമായ പെരുമാറ്റം എന്നിവയുള്ളതിനാലായിരുന്നു ഈ നടപടി, – മെറ്റ അറിയിച്ചു. സാറയ്ക്കെതിരെ അടിയന്തിര നിയമനടപടി സ്വീകരിച്ച മെറ്റ പുസ്തകത്തിന്റെ പ്രമോഷനുകൾ താൽകാലികമായി നിർത്തിവയ്പിച്ചിട്ടുണ്ട്. മെറ്റയിലെത്തുന്നതിനു മുൻപ് ലോകബാങ്കിലും ഗൂഗിളിലും ഷെറിൽ ജോലി ചെയ്തിരുന്നു. കരിയറിൽ അസാമാന്യ വിജയം നേടിയ ഷെറിൽ ലോകപ്രശസ്തയാണ്. 2022ൽ അവർ മെറ്റയിൽ നിന്നു പടിയിറങ്ങി.