ന്യൂജഴ്‌സിയിൽ മതസൗഹാർദ ഇഫ്താർ; ആതിഥേയനായി മലയാളി വ്യവസായി

Mail This Article
ന്യൂജഴ്‌സി∙ യുഎസിൽ ക്രൈസ്‌തവ ഭവനത്തിൽ മുസ്ലിം കുടുംബങ്ങളെ ആദരിച്ച് റമസാനിൽ ഹിന്ദുക്കളും ക്രിസ്തുമത വിശ്വാസികളും ഒത്തുചേർന്നു സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ശ്രദ്ധേയമായി. ന്യൂജഴ്‌സിയിൽ തൃശൂർ സ്വദേശിയും മലയാളി വ്യവസായിയുമായ അനിൽ പുത്തഞ്ചിറയാണ് മതസൗഹാർദ ഇഫ്താർ സംഘടിപ്പിച്ചത്.
കഴിഞ്ഞ വർഷം അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച ഇന്റർഫെയ്ത്ത് ഇഫ്താർ സംഗമത്തിൽ വച്ചാണ് അനിൽ പുത്തഞ്ചിറ ഇങ്ങനെയൊരു ആശയം പ്രകടിപ്പിച്ചത്. നാട്ടിലെ പരമ്പരാഗത രീതിയിൽ ഇഫ്താർ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. ബാങ്ക് വിളിയും, നോമ്പ് തുറയും, നമസ്‌കാരവും കേരളീയ ഇഫ്താർ വിഭവങ്ങളും ഒരുക്കി. റമസാനോടനുബന്ധിച്ച് അനിലിന്റെ വീട് മുഴുവൻ ദീപാലങ്കാരം നടത്തിയിരുന്നു.
അകത്തെ ചുമരുകൾ റമസാൻ സന്ദേശങ്ങളും വിളക്കുകളും കൊണ്ട് അലങ്കരിച്ചു. നൂറുകണക്കിന് മുസ്ലിം കുടുംബങ്ങൾക്ക് പുറമെ ധാരാളം അമുസ്ലിം കുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഫോമ, ഫൊക്കാന, ഡബ്ലിയുഎംഎഫ്, വേൾഡ് മലയാളി കൗൺസിൽ, കാഞ്ച്, മഞ്ച്, കെഎംസിസി, നന്മ, ഇന്ത്യാ പ്രസ് ക്ലബ്, എംഎംഎൻജെ, എംഎംപിഎ തുടങ്ങിയ സംഘടനകളിലെ നേതാക്കളും മാധ്യമ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മലബാറിലെ വിഭവസമൃദ്ധമായ നോമ്പുതുറക്ക് സമാനമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. അനിലിനും ഭാര്യ റീനയ്‌ക്കും മകൻ അലനും അതിഥികളെ സ്വീകരിച്ചു.
ഇഷാഖ് ഷബീറിന്റെ ഖുർആൻ പാരായണത്തോടെ തുടക്കം കുറിച്ച ഇഫ്താർ ചടങ്ങിൽ അനിൽ പുത്തഞ്ചിറ സ്വാഗതം ആശംസിച്ചു. അബ്ദു സമദ് പൊനേരി റമസാൻ സന്ദേശം നൽകി. യു.എ നസീർ, ഫോമ മുൻ പ്രസിഡന്റ് അനിയൻ ജോർജ്, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി, ഡബ്ലിയുഎംഎഫ് ഗ്ലോബൽ കോഓർഡിനേറ്റർ ഡോ. ആനി ലിബു, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ഇ മലയാളി മാനേജിങ് ഡയറക്‌ടർ സുനിൽ ട്രൈസ്റ്റാർ, ദിലീപ് വർഗ്ഗീസ്, ഹനീഫ് എരഞ്ഞിക്കൽ എന്നിവർ സംസാരിച്ചു. കോഴിക്കോട് സ്വദേശി സ്വപ്ന രാജേഷ് ചടങ്ങ് നിയന്ത്രിച്ചു. ഷാഹിനി ഹനീഫിന്റെ നേതൃത്വത്തിൽ മുസ്ലിം സഹോദരിമാർ അനിലിനും റീനക്കും ഉപഹാരം നൽകി. സിജി ആനന്ദ് ഗസൽ ആലപിച്ചു. ജോർജ് ജോസഫ് യൂ ട്യൂബ് ബ്ലോഗിൽ പരിപാടിയെക്കുറിച്ച് സംസാരിച്ചു.
വാർത്ത: യു.എ നസീർ, ന്യൂയോർക്ക്