മന്ത്രയുടെ രണ്ടാം കൺവൻഷൻ കിക്ക് ഓഫ് ന്യൂയോർക്കിൽ

Mail This Article
ന്യൂയോർക്ക്∙ നോർത്ത് കാരോലൈനയിൽ ജൂലൈ മൂന്നു മുതൽ ആറാം തീയതി വരെ നടക്കുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര)യുടെ രണ്ടാം ഹിന്ദു കൺവൻഷന്റെ ന്യൂയോർക്ക് കിക്ക് ഓഫും കലാസന്ധ്യയും ന്യൂയോർക്കിൽ സംഘടിപ്പിച്ചു. മന്ത്ര പ്രസിഡന്റും സെക്രട്ടറിയും ട്രസ്റ്റി ബോർഡ് ചെയറുമടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു.

റീജനൽ വൈസ് പ്രസിഡന്റുമാരായ പുരുഷോത്തമ പണിക്കർ, അഭിലാഷ് പുളിക്കത്തൊടി, ജയ് കുമാർ, വത്സ തോപ്പിൽ, ഫിനാൻസ് കൺട്രോളർ കൊച്ചുണ്ണി ഇളവൻമഠം എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വരും മാസങ്ങളിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ കിക്ക് ഓഫ് ഉൾപ്പടെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്ര അറിയിച്ചു.

ഭരതനാട്യം, മോഹിനിയാട്ടം, സെമി ക്ലാസിക്കൽ ഡാൻസ്, ബോളിവുഡ് ഡാൻസ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. ന്യൂയോർക്ക്, കനക്‌ടികട്ട്, ന്യൂജഴ്‌സി എന്നീ സംസ്ഥാനങ്ങളിലെ പ്രമുഖ കലാകാരന്മാർ പങ്കെടുത്തു. ന്യൂയോർക്ക് റീജനിലെ മന്ത്രയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പ്രസിഡന്റ് ശ്യാം ശങ്കർ പറഞ്ഞു.

കൺവൻഷൻ റജിസ്‌ട്രേഷനിൽ കൂടുതൽ അംഗങ്ങൾ ഇതിനോടകം തന്നെ പണം നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിൽ സെക്രട്ടറി ഷിബു ദിവാകരൻ അഭിനന്ദിച്ചു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ മന്ത്രയുടെ ഭാഗമാക്കി, അവരുടെ കഴിവുകൾ ഉപയോഗിച്ച് സംഘടനയെ മുന്നോട്ട് നയിക്കുമെന്ന് ട്രസ്റ്റി ചെയർ വിനോദ് കെആർകെയും ട്രസ്റ്റി സെക്രട്ടറി മധു പിള്ളയും പറഞ്ഞു. സംഘടനാ പ്രവർത്തനത്തിലൂടെ ഹൈന്ദവ കുടുംബങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാൻ സാധിച്ചതിൽ നിയുക്ത പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ സന്തോഷം അറിയിച്ചു.


തിയറ്റർ ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ സ്മിത ഹരിദാസ്, കലാ മേനോൻ എന്നിവരുമായി ചേർന്ന് ശബരീനാഥ് നിർമിക്കുന്ന "ചിത്രരാഗം" നാടകത്തിന്റെ പോസ്റ്റർ റിലീസും നടന്നു. ജൂലൈ 3 മുതൽ 6 വരെ നടക്കുന്ന "ശിവോഹം 2025" കൺവൻഷനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.