ADVERTISEMENT

 ബൊഗോട്ട∙ ഷക്കീറയുടെ ജീവിതപങ്കാളികളിൽ ഏറ്റവും പ്രശസ്തൻ ഫുട്ബോൾ താരം ജെറഡ് പീക്കെയാണ്. പീക്കെയ്ക്കു മുൻപ് 4 പേരെയെങ്കിലും ഷക്കീറ പ്രണയിച്ചിട്ടുണ്ട്. ഷക്കീറയുടെ ജീവിതത്തിലെ ഏറ്റവും ദീർഘമായ പ്രണയം അർജന്റീനയുടെ മുൻ പ്രസിഡന്റ് ഫെർണാണ്ടോ ഡി ലാ റുവയുടെ മകൻ അന്റോണിയോ ഡി ലാ റുവയുമായി ആയിരുന്നു. 11 വർഷത്തിലധികം ആ ബന്ധം നീണ്ടു നിന്നു. 2011ൽ ഇരുവരും വേർപിരിഞ്ഞു.

ആ ബന്ധത്തിന്റെ അവസാന നാളുകളിലാണു ഷക്കീറ പീക്കെയുമായി അടുത്തത്. ഷക്കീറയും അന്റോണിയോയുമായുള്ള വേർപിരിയൽ വലിയ കോളിളക്കം സൃഷ്ടിച്ചു. ഒരുപാട് നിയമപ്പോരാട്ടങ്ങൾ അന്റോണിയോ നടത്തി. ഷക്കീറയുടെ വിജയത്തിനു പിന്നിൽ തന്റെ സംഭാവനകൾ ഏറെയുണ്ടെന്നും ഷക്കീറയുടെ സ്വത്തിലും പണത്തിലും തനിക്കും അവകാശമുണ്ടെന്നും പറഞ്ഞുള്ള ആ പോരാട്ടങ്ങൾ പക്ഷേ പരാജയത്തിലാണു കലാശിച്ചത്. നിയമപരമായി വിവാഹം കഴിക്കാത്തതിനാൽ കോടതികൾ ആ വാദങ്ങൾക്ക് വലിയ പ്രാധാന്യം കൊടുത്തില്ല.

ഡി ലാ റുവയും ഷക്കീറയും തമ്മിൽ വീണ്ടും അടുക്കുകയാണെന്നൊക്കെ ഇപ്പോൾ അഭ്യൂഹം പരക്കുകയാണ്. തന്റെ ലോകടൂറിന്റെ ഭാഗമായി ഷക്കീറ അടുത്തിടെ അർജന്റീനയിലെത്തിയിരുന്നു. അന്റോണിയോയുടെ മകളായ സുലു(ഷക്കീറയുമായി വേർപിരിഞ്ഞശേഷം കാമുകിയായ ഡാനിയേല റാമോസിൽ ജനിച്ച കുട്ടി) ബ്യൂനസ് ഐറിസിൽ നടന്ന ഷോയ്ക്കുശേഷം ഷക്കീറയ്ക്കരികിലെത്തുകയും ഇരുവരും സ്നേഹനിമിഷങ്ങൾ പങ്കിടുകയും ചെയ്തു. അന്റോണിയോയുടെ മറ്റു കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തിരുന്നു.

ഷക്കീറ. Image Credit: Instagram/shakira
ഷക്കീറ. Image Credit: Instagram/shakira

കുറച്ചുകാലം മുൻപ് യുഎസിലെ ഒരു ഹോട്ടലിൽ ഷക്കീറയും അന്റോണിയോയും ഡിന്നർ കഴിക്കുകയും ചെയ്തു. ഷക്കീറയുടെ തെക്കേ അമേരിക്കയിലെ ഇത്തവണത്തെ സംഗീതപരിപാടിയുടെ സംഘാടനം നടത്തിയതും അന്റോണിയോയും സഹോദരനുമാണെന്നും അഭ്യൂഹമുണ്ട്. ഇതെല്ലാം ഷക്കീറ പൂർവകാമുകനിലേക്കു തിരികെപ്പോകുന്നോ എന്ന അഭ്യൂഹത്തിന് ഇന്ധനമേകുന്ന സംഗതികളാണ്. വിവാഹം കഴിക്കാൻ വിമുഖത കാട്ടിയിരുന്ന താരമാണ് ഷക്കീറ. വിവാഹം തന്നെ പേടിപ്പിക്കുന്നുവെന്നായിരുന്നു ഷക്കീറ പറഞ്ഞത്.

ഷക്കീറ. Image Credit: Instagram/shakira
ഷക്കീറ. Image Credit: Instagram/shakira

ഏറെക്കാലമായി പീക്കെയുമായി ഒരുമിച്ചു ജീവിച്ചിട്ടും രണ്ട് മക്കൾ ജനിച്ചിട്ടും അതൊരു വിവാഹത്തിലേക്കു നയിക്കാൻ ഷക്കീറയ്ക്കു താൽപര്യമുണ്ടായിരുന്നില്ല.ഓസ്കർ പാർഡോ എന്ന കൊളംബിയക്കാരനുമായായിരുന്നു ഷക്കീറയുടെ ആദ്യ പ്രണയം. എന്നാൽ അതു ശരിയായി പോയില്ല. പാർഡോയ്ക്ക് മറ്റാരുമായോ ബന്ധമുണ്ടായി. അതു തകർന്നു. പിന്നീട് ഓസ്കർ ഉല്ലോവ എന്ന കൊളംബിയക്കാരനെ ഷക്കീറ സ്നേഹിച്ചു. എന്നാൽ തന്റെ കരിയർ മെച്ചപ്പെടുത്താൻ കൊളംബിയയുടെ തലസ്ഥാന നഗരമായ ബൊഗോട്ടയിലേക്കു ഷക്കീറ നീങ്ങിയതോടെ ആ ബന്ധം അവസാനിച്ചു.

പിന്നീട് കുറച്ചുകാലം പോളിഗാമിയ എന്ന കൊളംബിയൻ റോക്ക് ബാൻഡിലെ പാട്ടുകാരനായ ഗുസ്താവോ ഗോർഡിലോയുമായി പ്രണയമായെങ്കിലും അത് ഉടൻ തന്നെ തകർന്നു. പിന്നീട് ഓസ്‌വാൾഡോ റയോസ് എന്ന പ്യൂർട്ടോറിക്കൻ നടനുമായി ഇഷ്ടത്തിലായി. അതിനു ശേഷമാണ് അന്റോണിയോയുമായി അടുത്തത്. വ്യത്യസ്തമായ ശബ്ദവും ആകർഷകമായ നയനങ്ങളും ഇടതൂർന്ന മുടിയും ഹിസ്പാനിക് ആകാരഭംഗിയും, ഇതിനെല്ലാമപ്പുറം ഫ്ലെക്സിബിളായ തന്റെ ശരീരത്തെ ചടുലതാളങ്ങൾക്കൊത്ത് വിന്യസിപ്പിക്കാനുള്ള ശേഷി. ഇതെല്ലാമാണ് ഷക്കീറയെ ലോകത്തിനു മുന്നിൽ പ്രശസ്തയാക്കിയത്

ഷക്കീറ. Image Credit: Instagram/shakira
ഷക്കീറ. Image Credit: Instagram/shakira

ഷക്കീറ ഇസബൽ മെബാറക് എന്ന യഥാർഥപേരുള്ള ഷക്കീറ ലാറ്റിൻ അമേരിക്കൻ രാജ്യം കൊളംബിയയിലെ ബരാൻക്വിലയിലാണു ജനിച്ചത്. ലബനനിൽ നിന്നുള്ളയാളായിരുന്നു അവളുടെ പിതാവ്. മാതാവ് കൊളംബിയക്കാരിയും.കുട്ടിക്കാലം മുതൽ കവിതകളെഴുതുമായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പതിമൂന്നാം വയസ്സിൽ ഷക്കീറ ആദ്യ ആൽബം ഇറക്കി. മാജിയ എന്ന പേരിൽ. ആദ്യത്തെ ആൽബങ്ങൾ പരാജയങ്ങളായിരുന്നു.  പിൽക്കാലത്ത് ബിക്കീനി മോഡലിങ് പോലുള്ള മേഖലകളിലും ഷക്കീറ ഒരു കൈ നോക്കി.

ബെല്ലി ഡാൻസിങ്ങിൽ താൽപര്യം തോന്നി അതു പഠിക്കാൻ ഇറങ്ങിത്തിരിച്ചതും അക്കാലത്താണ്.ഇടയ്ക്ക് കൊളംബിയയിലെ ഒരു ജനപ്രിയ ടിവി പരമ്പരയിലും ഷക്കീറ മുഖം കാണിച്ചിരുന്നു. എന്നാൽ അഭിനയം തന്റെ മേഖലയല്ലെന്ന് അവർ അന്നേ തിരിച്ചറിഞ്ഞിരുന്നു. 

 1995ൽ പീസ് ദേസ്‌കാസോസ് എന്ന ആൽബം പുറത്തിറങ്ങിയതോടെ ഷക്കീറയുടെ രാശി തെളിഞ്ഞു. ലാറ്റിൻ അമേരിക്കൻ മേഖലയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. പിന്നീട് 98ൽ അടുത്ത ആൽബം. ഹിസ്പാനിക് മേഖലയ്ക്കപ്പുറത്തേക്ക് ഷക്കീറയുടെ പ്രശസ്തി വ്യാപിച്ചു തുടങ്ങി. ‘വെൻ എവർ വേർ എവർ’ ,ലോൺട്രി സർവീസ് തുടങ്ങിയ ആൽബങ്ങളുടെ കോടിക്കണക്കിനു കോപ്പികളാണു പിന്നീട് വിറ്റുപോയത്.ഗോൾഡൻ ഗ്ലോബ് , ഗ്രാമികൾ തുടങ്ങി ഒട്ടേറെ അവാർഡുകളും ഷക്കീറ നേടി. ഇന്ന് 300 മില്യൻ യുഎസ് ഡോളർ ആസ്തി ഷക്കീറയ്ക്കുണ്ട്.

കൊളംബിയയിലും ഷക്കീറയ്ക്ക് ആരാധകർ ഏറെയാണ്. അവർക്കായി 16 അടിയുള്ള ഒരു പ്രതിമ തന്നെ അവിടെയൊരുക്കിയിട്ടുണ്ട്.പോർട്ടുഗീസ്, ഇറ്റാലിയൻ, ഇംഗ്ലിഷ്, സ്‌പാനിഷ്, അറബിക് ഭാഷകൾ വശമുള്ള അപൂർവം ഗായകരിൽ ഒരാളാണു ഷക്കീര. തന്റെ ആൽബങ്ങളിലെ ഭൂരിപക്ഷം പാട്ടുകളും സ്വയം എഴുതി അവതരിപ്പിക്കുകയാണു പതിവ്. ലോണ്ടറി സർവീസ് എന്ന ആൽബത്തിലെ ‘ഒബ്‌ജക്ഷൻ’ എന്നതാണു ഷക്കീറ എഴുതിയ ആദ്യ ഇംഗ്ലിഷ് പാട്ട്.

English Summary:

Shakira, a Colombian singer, songwriter, and dancer, is renowned for her distinctive voice, captivating performances, and fusion of Latin, rock, and pop sounds.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com