ഒഹായോയിൽ മലയാളി ഉറക്കത്തിൽ മരിച്ചു; വിട പറഞ്ഞത് മാവേലിക്കര സ്വദേശി

Mail This Article
ഒഹായോ/മാവേലിക്കര∙ യുഎസിലെ ഒഹായോയിൽ മലയാളി ഉറക്കത്തിൽ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര ചെറുകോൽ സ്വദേശിയായ സാജു വർഗീസ് (46) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. ഒഹായോ സ്‌റ്റേറ്റിലെ ഡേറ്റൺ സിറ്റിയിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു.
ദീർഘകാലം കുവൈത്തിൽ ഫാർമസിസ്റ്റായി ജോലിചെയ്തിരുന്ന സാജു ഭാര്യക്ക് ജോലി ലഭിച്ചതിനെത്തുടർന്ന് 2024 ഒക്ടോബറിലാണ് യുഎസിൽ എത്തിയത്. ഡേറ്റണിലെ കെറ്ററിങ് ഹെൽത്തിൽ നഴ്‌സായ ഷൈ ഡാനിയേൽ ആണ് ഭാര്യ. മക്കൾ: അലൻ വി.സാജു, ആൻഡ്രിയ മറിയം സാജു. മാവേലിക്കര ചെറുകോൽ മുള്ളൂറ്റിൽ ചാക്കോ വർഗീസ്, പൊന്നമ്മ എന്നിവരാണ് മാതാപിതാക്കൾ. സന്തോഷ്, ഷെറിൻ എന്നിവർ സഹോദരങ്ങളാണ്.
നാട്ടിൽ ചെറുകോൽ മാർത്തോമ്മാ പള്ളിയിലെ അംഗങ്ങളാണ് സാജുവും കുടുംബവും. സംസ്‌കാരം നാട്ടിൽ നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങൾ സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ഡേറ്റൺ മലയാളി അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരികയാണ്.