സമൂഹമാധ്യമ ഇൻഫ്ലുവൻസർ വലേറിയ മിറെൽസ് അന്തരിച്ചു; 'മിസ് റോഡിയോ' വിടവാങ്ങിയത് 20–ാം വയസ്സിൽ

Mail This Article
ന്യൂവോ ലിയോൺ∙ 'മിസ് റോഡിയോ' എന്നറിയപ്പെടുന്ന മെക്‌സിക്കൻ ഇൻഫ്ലുവൻസർ വലേറിയ മിറെൽസ് (20) വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച രാത്രി വടക്കുകിഴക്കൻ സംസ്ഥാനമായ ന്യൂവോ ലിയോണിൽ വച്ചായിരുന്നു അപകടം. മിറെൽസിന്റെ അമ്മാവൻ ഡേവിഡ് ഗോൺസാലസ് ഫേസ്ബുക്കിൽ അനുശോചനം രേഖപ്പെടുത്തി.
ഇൻസ്റ്റാഗ്രാമിൽ 27,000ത്തിലധികം ഫോളോവേഴ്‌സും ടിക് ടോക്കിൽ 47,000ത്തിലധികം ഫോളോവേഴ്‌സും മിറെൽസിനുണ്ടായിരുന്നു. എട്ടാം വയസ്സിൽ റോഡിയോയിൽ എത്തിയ മിറെൽസ് ന്യൂവോ ലിയോൺ 2020-2021, മിസ് റോഡിയോ മെക്‌സിക്കോ 2021-2022 എന്നീ കിരീടങ്ങൾ നേടിയിരുന്നു. 2021ലെ ദേശീയ പോൾ റേസിൽ രണ്ടാം സ്ഥാനവും 2022ൽ വയോമിങ്ങിൽ നടന്ന റോഡിയോ രാജ്യാന്തര മത്സരത്തിൽ മെക്‌സിക്കോയെ പ്രതിനിധീകരിക്കുകയും ചെയ്തു.
ഗോട്ട് ടൈയിങ്, പോൾ റേസിങ്, ബാരൽ റേസിങ് എന്നിവയുൾപ്പെടെ വിവിധ റോഡിയോ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചിട്ടുണ്ട്. 'വലേറിയ ഒരു റോഡിയോ രാജ്ഞി മാത്രമല്ല, കൗബോയ് സംസ്‌കാരത്തിന്റെ അംബാസഡറും നിരവധി യുവതികൾക്ക് പ്രചോദനവുമായിരുന്നു' എന്ന് മെക്‌സിക്കൻ റോഡിയോ ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.
കാളക്കുട്ടികളെ കയറുകൊണ്ട് ബന്ധിക്കുകയുംകീഴ്‌പ്പെടുത്തുകയും മറ്റും ചെയ്‌ത് കൗബോയ്‌മാർ തങ്ങളുടെ വൈദഗ്‌ധ്യം പ്രദർശിപ്പിക്കുന്ന പ്രദർശനമോ മത്സരമോ ആണ് റോഡിയോ എന്ന് അറിയപ്പെടുന്നത്.