മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് യുഎസ്എ അലമ്നൈ ഉദ്ഘാടനം ചെയ്തു

Mail This Article
ന്യൂയോർക്ക്∙ മാർ അത്തനേഷ്യസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ പൂർവവിദ്യാർഥി സംഘടനയായ മാർ അത്തനേഷ്യസ് കോളേജ് ആർട്സ് ആൻഡ് സയൻസ് യുഎസ്എ അലമ്നൈ (മാക് യുഎസ്എ )ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. എം. എ. കോളജ് അസോസിയേഷൻ സെക്രട്ടറിയും ആർട്സ് ആൻഡ് സയൻസ് കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ. വിന്നി വർഗീസിന്‍റെ അധ്യക്ഷതയിൽ സൂം പ്ലാറ്ഫോമിൽ നടന്ന സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ആണ് അലമ്നൈ ഉദ്ഘാടനം ചെയ്തത്.
മൺമറഞ്ഞ അധ്യാപകരെയും, വിദ്യാർഥികളെയും അനുസ്മരിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കമായത്. ജാനിയ പീറ്റർ പ്രാർഥനാ ഗാനം ആലപിച്ചു. യു. എസ്. എ. ചാപ്റ്റർ പുന:സംഘടിപ്പിക്കാൻ മുൻകൈയെടുത്ത പ്രസിഡന്റ് സാബു സ്കറിയ മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് യു. എസ്. എ. അല മ്നൈ പുന: സംഘടിപ്പിക്കാനുണ്ടായ കാരണങ്ങളും അലമ്നൈയുടെ ഉദ്ദേശലക്ഷ്യങ്ങളും വിവരിച്ചു.
എം.എ.സി. യു.എസ്.എ അലമ്നൈയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുമെന്ന് ഡോ. വർഗീസ് അറിയിച്ചു. വിദ്യാർഥി എക്സ്ചേഞ്ച് പ്രോഗ്രാം പോലെയുള്ള പരിപാടികൾ നടപ്പാക്കുന്നതിനുള്ള സാധ്യതകൾക്ക് വഴി തുറക്കാൻ അലമ്നൈയ്ക്ക് സാധിക്കട്ടെയെന്നും ഡോ. വർഗീസ് ആശംസിച്ചു.
1955 ജൂലൈ 14 ന് 127 വിദ്യാർഥികളോടും 15 അധ്യാപകരോടും കൂടി പ്രവർത്തനമാരംഭിച്ച മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഇന്ന് 13 അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം, 2 വൊക്കേഷനൽ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം, 17 പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം, 1 ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം, 5 ഡോക്ടറൽ പ്രോഗ്രാം ഒക്കെയായി വളർന്നുവെന്നും ഇന്ന് രണ്ടായിരത്തിൽപരം വിദ്യാർഥികളാണ് പഠിക്കുന്നതെന്നും പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ചൂണ്ടിക്കാട്ടി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും പ്രിൻസിപ്പൽ ഓർമപ്പെടുത്തി.
പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി റാങ്ക് ജേതാവാണ്. മികച്ച അധ്യാപികക്കും പ്രിൻസിപ്പലിനുമുള്ള അനവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. നാടിന്‍റെ വിദ്യാഭ്യാസപരവും സാംസ്ക്കാരികവുമായ ഉന്നമനത്തിന് മാർ അത്തനേഷ്യസ് കോളജ് വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് ഇടുക്കി എം. പി. ഡീൻ കുര്യാക്കോസ് ആശംസ പ്രസംഗത്തിൽ പ്രസ്താവിച്ചു.
രാഷ്ട്രീയ ജൈത്രയാത്രയുടെ തുടക്കം എം.എ. കോളജ് ആയിരുന്നെന്നും കലാലയ ജീവിതത്തിൽ നിന്നും പകർത്തിയെടുത്ത മൂല്യങ്ങളാണ് തൻ്റെ ജീവിതവിജയത്തിന് അടിസ്ഥാനമായതെന്നും എം.എ. കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ പൂർവവിദ്യാർഥിയും കോതമംഗലം എം. എൽ. എയുമായ ആന്റണി ജോൺ പ്രസ്താവിച്ചു. മാർ അത്തനേഷ്യസ് കോളജിലെ തൻ്റെ കലാലയ ജീവിതം ഒരു സുവർണ്ണ കാലമായിരുന്നെന്ന് മൂവാറ്റുപുഴ എം. എൽ. എ. മാത്യു കുഴലനാടൻ വിശേഷിപ്പിച്ചു. എം.എ.സി. യു.എസ്. എയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ 4 വർഷത്തെ എം എൽ എ ശമ്പളമായി ലഭിച്ച 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നതായും അറിയിച്ചു.
എം. എ. കോളജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, എം.എ. കോളജ് അലമ്നൈ അസോസിയേഷൻ പ്രസിഡന്റ് റിട്ട. പ്രൊഫസർ കെ. എം. കുര്യാക്കോസ്, അലമ്നൈ അസോസിയേഷൻ സെക്രട്ടറിയും അസിസ്റ്റന്റ് പ്രിൻസിപ്പലുമായ ഡോ. എബി. പി. വർഗീസ്, അലമ്നൈ ഉപദേശകസമിതി ചെയർമാനായ പി. ഒ. ജോർജ്ജ് എന്നിവർ ആശംസകളും അർപ്പിച്ച് പ്രസംഗിച്ചു.
നാഷനൽ കോ-ഓർഡിനേറ്റർ ജിയോ ജോസഫ് അലമ്നൈയുടെ പുതിയ ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തി. സെക്രട്ടറി ജോബി മാത്യു സ്വാഗതവും, ട്രഷറർ ജോർജ്ജ് മാലിയിൽ നന്ദിയും പറഞ്ഞു. എൽസാ ജുബ് പരിപാടികൾ നിയന്ത്രിച്ചു.