വാഹാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട വനിതയുടെ മൃതദേഹം കാടിനുള്ളിലെ കിണറ്റിൽ നിന്നും കണ്ടെത്തി

Mail This Article
ജോർജിയ ∙ യുഎസിൽ കാർ അപകടത്തിൽപ്പെട്ട വനിതയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിക്ക്-ഫിൽ-എ ജീവനക്കാരിയായ ഷേർലി ഒബെർട്ടിനെയാണ് ശനിയാഴ്ച രാവിലെ അറ്റ്ലാന്റയ്ക്ക് പുറത്തുള്ള മൺറോ കൗണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജോലിക്ക് പോകുന്നതിനിടെ രാവിലെ 7 മണിയോടെയാണ് അപകടം സംഭവിച്ചത്. സംഭവസമയം കാറിൽ ഷേർലി ഒറ്റയ്ക്കായിരുന്നു. കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ ഷേർലി ഒബെർട്ടിനെ കാണാതായതായി ഷെരീഫ് ഓഫിസ് അറിയിച്ചു.
അപകട വിവരം അറിഞ്ഞതിനെ തുടർന്ന് ഓക്സ്ഫോർഡ് റോഡിനും അബർക്രോംബി റോഡിനും സമീപം താമസിക്കുന്ന പ്രദേശവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കാർ കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള കാട്ടിലെ ആഴമുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തുന്നത്. വാഹനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഷെർലി സഹായം തേടാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണതാകമെന്നാണ് പൊലീസിന്റെ നിഗമനം.
അപകട സമയം ഷെർലി ഭർത്താവിനെ വിളിച്ചിരുന്നു. അപകട വിവരം ഷെർലി തന്നെയാണ് ഭർത്താവിനെ അറിയിക്കുന്നത്. പക്ഷേ എന്തിനാണ് ഷെർലി കാടിനുള്ളിലേക്ക് പോയതെന്ന് വ്യക്തമല്ല.
ജോർജിയ ഡിപ്പാർട്ട്മെന്റ് ഓഫ് നാച്ചുറൽ റിസോഴ്‌സസ്, ജോർജിയ സ്റ്റേറ്റ് പട്രോൾ ഏവിയേഷൻ, മൺറോ കൗണ്ടി ഫയർ ഡിപ്പാർട്ട്‌മെന്റ്, മക്കോൺ-ബിബ് കൗണ്ടി ഫയർ ഡിപ്പാർട്ട്‌മെന്റ്, ഫോർസിത്ത് പൊലീസ് ഡിപ്പാർട്ട്‌മെന്റ് എന്നിവർ ചേർന്നാണ് ഇവരെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ തിരച്ചിൽ അവസാനിച്ചത് ഞായറാഴ്ച രാവിലെ 11:30 നായിരുന്നു.