ADVERTISEMENT

വാഷിങ്ടൻ ∙ ഓരോ രാജ്യങ്ങളിൽ നീന്നും എത്തുന്ന സാധനങ്ങളുടെ മേൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫുകളുടെ വിശദരൂപം പുറത്തു വരുമ്പോൾ ഇന്ത്യയോടൊ പ്രധാന മന്ത്രി നരേന്ദ്ര മോദിയോടോ ട്രംപിന് പ്രത്യേക മമത ഒന്നും ഇല്ല എന്ന് വ്യക്തമായി.

ഇന്ത്യയിൽ നിന്ന് വരുന്ന സാധനങ്ങൾക്ക് ഇനി മുതൽ തീരുവ 26% ആയിരിക്കും. പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് 3% കൂടുതൽ - 29% ആണ് പ്രഖ്യാപിച്ചിരിക്കുന്നത് . ചിലി, യുകെ, ഓസ്ട്രേലിയ, ടർക്കി, കൊളംബിയ എന്നീ രാജ്യങ്ങളുടെ സാധനങ്ങൾക്ക് ഏറ്റവും കുറഞ്ഞ 10% താരിഫ് ആണ് ചുമത്തുക എന്ന് ട്രംപ് വെളിപ്പെടുത്തി. ഏറ്റവും കൂടുതൽ താരിഫ് ചുമത്തിയിരിക്കുന്നത് കംബോഡിയൻ ചരക്കുകൾക്കു മേലാണ് - 49%. വിയറ്റ്നാം - 46%, ശ്രീലങ്ക-44%, ബംഗ്ലാദേശ് -37% എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ ഇറക്കുമതിക്ക് ചുമത്തുന്ന താരിഫുകൾ.

ഇസ്രായേൽ, ഫിലിപ്പീൻസ് സാധനങ്ങൾക്ക് 17% വും യൂറോപ്യൻ യൂണിയൻ - 20% വും ജപ്പാൻ - 24% നൽകേണ്ടി വരും. ഈ രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങളും സേവനങ്ങളുമാണ് അമേരിക്കൻ വിപണിയിൽ ഏറെ എത്തുന്നത്. ഏറ്റവും അധികം ഇറക്കുമതി ചെയ്യപ്പെടുന്ന രാജ്യങ്ങളിൽ ചൈനക്കും സ്ഥാനമുണ്ട്. ചൈന 34% നൽകേണ്ടി വരും. ഈ താരിഫുകൾ നടപ്പിലായാൽ അമേരിക്കക്ക് ധാരാളം ധനം ശേഖരിക്കുവാൻ കഴിയും. കമ്മി ബജറ്റ് ഒരു വലിയ പരിധി വരെ ഒഴിവാക്കാനും കഴിയും. എന്നാൽ തിരിച്ചടി ഏതെല്ലാം രാജ്യങ്ങളിൽ നിന്ന് ഉണ്ടാവും, അമേരിക്കൻ സാധനങ്ങൾക്ക് മേൽ അവരെല്ലാം എത്ര ശതമാനം തീരുവകൾ ചുമത്തും, അമേരിക്കയിൽ നിന്ന് തങ്ങളുടെ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ എത്ര കുറയ്ക്കും എന്നതിനെ ആശ്രയിച്ചായിരിക്കും മിച്ചം എത്ര തുക അമേരിക്കക്ക് ലാഭിക്കുവാൻ കഴിയുക എന്ന് തീരുമാനിക്കാനാവുക.

താരിഫുകളുടെ പ്രഖ്യാപനം രാജ്യാന്തര വിപണിയെ പിടിച്ചു ഉലച്ചു എന്ന് വാണിജ്യ, വ്യവസായ റിപോർട്ടുകൾ വ്യക്തമാക്കി തുടങ്ങിയിട്ടുണ്ട്. അമേരിക്ക ഉൾപ്പെടിയുള്ള പല രാജ്യങ്ങളുടെയും വിപണികളിൽ പല സാധനങ്ങൾക്കും ലഭ്യതക്കുറവും വിലക്കയറ്റവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളും കൂടുതൽ അനുഭവേദ്യമായിട്ടുണ്ട്. റിപ്പബ്ലിക്കൻ സെനറ്റർമാർ ഒരു ബജറ്റ് പ്രൊപോസൽ മുൻപോട്ടു വച്ചു. ഇത് പ്രസിഡന്റ് ട്രംപിന്റെ ആഭ്യന്തര അജണ്ട അനുസരിച്ചുള്ള നിർദേശങ്ങൾ - നികുതി ഇളവുകൾ, ചെലവ് കുറയ്ക്കൽ, അതിർത്തി സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതാണ്.

എന്നാൽ കുറേകൂടി വിഷമകരമായ തീരുമാനങ്ങൾ -ഈ മൾട്ടി ട്രില്യൻ പാക്കേജിന് എങ്ങനെ ധനം കണ്ടെത്തും തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം ഒഴിവാക്കിയിരിക്കുകയാണ്, താല്കാലികമായെങ്കിലും. ഈ നിർദേശങ്ങൾ പാസ്സാക്കുവാൻ സെനറ്റ് ഈ വാരാന്ദ്യത്തിൽ സമ്മേളിക്കുന്നതിനു മുൻപായി ട്രംപ് തന്റെ പാർട്ടിയിലെ സെനറ്റർമാരെ വൈറ്റ് ഹാവ്‌സിൽ ഒരു സൽക്കാരത്തിന് ക്ഷണിച്ചു. ഡെമോക്രറ്റുകളുടെ പ്രതിഷേധത്തിന്റെ വന്മതിൽ നേരിടുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് സെനറ്റർമാരോട് പരസ്യമായും സ്വകാര്യമായും ട്രംപ് സംസാരിച്ചു എന്നാണ് റിപോർട്ടുകൾ.

അവരോട് സെനറ്റിൽ ഉയരാവുന്ന എതിർപ്പുകളെ കുറിച്ചും തന്റെ പിന്തുണ എപ്പോഴും ഉണ്ടായിരിക്കും എന്ന ഉറപ്പും ട്രംപ് നൽകി. യുഎസിന്റെ കട പരിധി 5 ട്രില്യൻ ഡോളേഴ്‌സായി ഉയർത്തുന്നതിന് കുറിച്ചും ട്രംപ് സംസാരിച്ചു. അതിനു ശേഷം സെനറ്റ് പ്ലാനിനു തന്റെ പൂർണ പിന്തുണയുണ്ട് എന്ന് ട്രംപ് പറഞ്ഞു. ഈ ബിൽ പാസ്സാക്കിയില്ലെങ്കിൽ താൻ സെനറ്റർമാരെ ഇത്രയും ഇഷ്ടപ്പെടുകയില്ല എന്ന മുന്നറിയിപ്പും നൽകി. സെനറ്റ് റിപ്പബ്ലിക്കനുകളുടെ ബജറ്റ് പ്രൊപ്പോസലുകൾ ജന പ്രതിനിധി സഭയുടെ 4.5 ട്രില്യൻ ഡോളറിന്റെ നികുതി കുറയ്ക്കൽ നിർദേശങ്ങൾ പോലെയാണ്. ഇത് 2 ട്രില്യൻ ഡോളറിന്റെ ആരോഗ്യ പരിരക്ഷയ്ക്കും മറ്റുമുള്ള ചിലവുകൾ കുറക്കുവാൻ ശുപാർശ ചെയ്യുന്നു. ഇതിനു അംഗീകാരം ലഭിക്കുകയാണെങ്കിൽ ട്രംപിനും ചില സെനറ്റർമാർക്കും തമ്മിൽ ഇപ്പോഴുള്ള അകൽച്ച ഒഴിവാക്കുന്നതിന് സഹായിക്കും എന്ന് നിരീക്ഷകർ കരുതുന്നു.

വലിയ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ട്രംപിന്റെ സിഗ്നേച്ചർ നയമായി പലരും വിശേഷിപ്പിക്കുന്ന നികുതിഭാരം കുറയ്ക്കൽ (2017ൽ ട്രംപിന്റെ ആദ്യ ഭരണ കാലത്തു മുൻപോട്ടു വച്ചതാണ്, ഇതിന്റെ കാലാവധി ഈ വർഷാന്ത്യത്തിൽ തീരും). മുൻ ഇളവുകളിൽ ടിപ്പുകളിൽ നികുതി വേണ്ട എന്ന ട്രംപ് മന്ത്രവും ഉൾപ്പെടുത്താനാണ് ഇപ്പോഴത്തെ നിർദേശം. ഇതിലൂടെ നികുതി അളവുകളിൽ ഇതുവരെ പ്രഖ്യാപിച്ച 4 ട്രില്യൻ ഡോളർ നില നിർത്തുകയും പുതിയതായി 1.5 ട്രില്യൻ ഡോളർ ഇതോടൊപ്പം ചേർക്കുകയുമാണ് നിർദേശങ്ങൾ. ഒപ്പം പ്രതിരോധ ചെലവുകൾ വർധിപ്പിക്കുക, ജുഡീഷറി, കോസ്റ്റ് ഗാർഡ് എന്നിവക്കായി 500 ബില്യൻ അധികമായി ചേർക്കുക എന്നിവയും നിർദേശങ്ങളിൽ പെടുന്നു.

സെനറ്റ് ബജറ്റ് കമ്മിറ്റി ചെയർ ലിൻഡ്‌സെ ഗ്രഹാം ഇതിനു 345 ബില്യൻ ഡോളറാണ് നിർദേശിച്ചത്. പ്രതിനിധി സഭയും സെനറ്റും തമ്മിലുള്ള പ്രധാന തർക്കം 4.5 ട്രില്യൻ ഡോളറിന്റെ നിലവിലെ ചെലവ് കുറക്കൽ (ഒരു ദശ വർഷത്തിനുള്ളിൽ ) ചെലവ് കുറക്കൽ നടപടികളിലൂടെ ഇപ്പോഴേ ആരംഭിക്കണോ എന്നതാണ്. ഈ ചെലവുകൾക്ക് ട്രംപിന്റെ നികുതി ഇളവുകൾ കൂടി കൂട്ടിയാൽ ഉണ്ടാകുന്ന തുക വളരെ വലുതായിരിക്കും. രാജ്യത്തിൻറെ നിലവിലെ 36 ട്രില്യൻ ഡോളർ കമ്മി വാനോളം ഉയരാതിരിക്കുവാൻ പദ്ധതികളിലും സേവനങ്ങളിലും വലിയ വെട്ടിച്ചുരുക്കൽ വേണമെന്ന് റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ പറയുന്നു.

English Summary:

Donald Trump, US president announced that duty on goods coming from India will now be 26%. Imports from Pakistan have been announced at a 3% increase - 29%.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com