പെൻഗ്വിനുകൾക്കും താരിഫ് നിർബന്ധം! ജനവാസമില്ലാത്ത ദ്വീപിന് 10 ശതമാനം തീരുവയുമായി ട്രംപ്

Mail This Article
വാഷിങ്ടൻ ∙ വ്യാപാര പങ്കാളികൾക്ക് മാത്രമല്ല പെൻഗ്വിനുകൾക്കും പകരം തീരുവ ചുമത്തി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഒട്ടുമിക്ക ലോക രാജ്യങ്ങൾക്കും പകരം തീരുവ ചുമത്തുന്ന തിരക്കിനിടെയാണ് പെൻഗ്വിനുകളുടെ ആവാസ കേന്ദ്രങ്ങളിലൊന്നായ ജനവാസമില്ലാത്ത ദ്വീപിനും 10 ശതമാനം തീരുവ ചുമത്തിയിരിക്കുന്നത്.
ഇന്ത്യൻ സമുദ്രത്തിലെ മനുഷ്യവാസമില്ലാത്ത ഹേർഡ് ആൻഡ് മക്ഡോണൾഡ് ദ്വീപിനാണ് ട്രംപ് 10 ശതമാനം തീരുവ ചുമത്തിയിരിക്കുന്നത്. പെൻഗ്വിനുകളും പക്ഷികളും മാത്രമാണ് ഇവിടെ വസിക്കുന്നത്. ഓസ്ട്രേലിയയുടെ എക്സ്റ്റേണൽ ടെറിട്ടറിയിൽ ഉൾപ്പെടുന്ന പ്രദേശമായതിനാലാണ് ദ്വീപ് പട്ടികയിൽ ഉൾപ്പെട്ടതെന്നാണ് വൈറ്റ് ഹൗസ് വക്താവിന്റെ സ്ഥിരീകരണമെന്നാണ് റിപ്പോർട്ടുകൾ. വൈറ്റ് ഹൗസ് പുറത്തുവിട്ട യുഎസ് തീരുവ ചുമത്തുന്ന രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടികയിലാണ് ദ്വീപിന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓസ്ട്രേലിയൻ സർക്കാരിന്റെ ഭരണത്തിന് കീഴിലാണ് ദ്വീപ്.
ഭൂമിയിലെ ഏറ്റവും വിദൂരവും വന്യവുമായ പ്രദേശമാണ് ഹേർഡ് ആൻഡ് മക്ഡോണൾഡ് ദ്വീപ് എന്നാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ വെബ്സൈറ്റിൽ ദ്വീപിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം ദ്വീപിനും തീരുവ ചുമത്തിയുള്ള ട്രംപിന്റെ പ്രഖ്യാപനത്തോട് ഭൂമിയിൽ ആരും സുരക്ഷിതമല്ലെന്നാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് പ്രതികരിച്ചത്.
പെൻഗ്വിനുകളുടെ ആവാസ കേന്ദ്രമാണ് ഈ ദ്വീപ്. കഴിഞ്ഞ 10 വർഷത്തിനിടെ ഒരു മനുഷ്യൻ പോലും സന്ദർശിക്കാത്ത ദ്വീപാണിതെന്ന് ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നു. പെൻഗ്വിനുകൾക്കും തീരുവ ചുമത്തിയിരിക്കുന്ന ട്രംപിന്റെ നടപടിയിൽ സമൂഹമാധ്യമങ്ങളിൽ പരിഹാസവും കൗതുകവും വിമർശനവും രൂക്ഷമാണ്.
അന്റാർട്ടിക് ഭൂഖണ്ഡത്തിൽ നിന്ന് 1,700 കിലോമീറ്ററും പെർത്തിന്റെ തെക്ക്പടിഞ്ഞാറ് നിന്ന് 4,100 കിലോമീറ്ററും അകലെയായാണ് ഹേർഡ് ആൻഡ് മക്ഡോണൾഡ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും പ്രാകൃതമായ ദ്വീപ് ആവാസ സംവിധാനമാണ് ഇവിടെയുള്ളത്. മനുഷ്യനോ മൃഗങ്ങളോ ഇല്ലാത്ത ദ്വീപ് എന്നാണ് യുനെസ്കോ വിശേഷിപ്പിച്ചിരിക്കുന്നത്.