'ദുരൂഹദ്വീപ് ' നിവാസികളെ കാണാൻ തേങ്ങയും ഒരു കുപ്പി കോളയുമായെത്തി; യുഎസ് പൗരൻ അറസ്റ്റിൽ: പുറംലോകവുമായി ബന്ധപ്പെട്ടാൽ രോഗങ്ങൾ പിടിപെടും?

Mail This Article
കഴിഞ്ഞദിവസം ആൻഡമാനിൽ നിന്ന് അറസ്റ്റിലായ യുഎസ് പൗരൻ മിഹൈലോ പോളിയാകോവ്(24) ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ പ്രവേശനം നിയന്ത്രിക്കപ്പെട്ട ദ്വീപായ നോർത്ത് സെന്റിനലിൽ പ്രവേശിച്ചെന്ന് റിപ്പോർട്ട്. പ്രവേശനം നിയന്ത്രിക്കപ്പെട്ട ദ്വീപാണ് സെന്റിനൽ. അറുപതിനായിരത്തിലധികം വർഷമായി ഒരുകൂട്ടം മനുഷ്യർ ഈ ദ്വീപിൽ പുറംലോകവുമായി ബന്ധപ്പെടാതെ ജീവിക്കുകയാണ്.
ബംഗാൾ ഉൾക്കടലിൽ ആൻഡമാനിൽ ഉൾപ്പെട്ട ദ്വീപാണു സെന്റിനൽ. ഇതിനു തെക്കായി തെക്കൻ സെന്റിനൽ എന്ന ആൾപാർപ്പില്ലാത്ത ദ്വീപും സ്ഥിതി ചെയ്യുന്നു. തെക്കൻ ആൻഡമാനിലെ വണ്ടൂർ പട്ടണത്തിൽ നിന്നു 36 കിലോമീറ്റർ പടിഞ്ഞാറായാണു ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 60 ചതുരശ്ര കിലോമീറ്റർ വിസ്തീർണം ദ്വീപിനുണ്ട്. ദ്വീപ് വാസികൾക്കു നൽകാനായി തേങ്ങയും ഒരു കുപ്പി കോളയുമായിട്ടാണു പോളിയാകോവ് ദ്വീപിലെത്തിയത്.
ആൻഡമാൻ ദ്വീപസമൂഹത്തിൽ താർമുഗ്‌ലി ദ്വീപിലെ നിരോധിത ഗോത്രവർഗ വനമേഖലയിൽ അനധികൃതമായി പ്രവേശിച്ചതിനാണു മിഹൈലോ പിടിയിലായത്. പിന്നീട് ഇയാളുടെ ഗോപ്രോ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സെന്റിനൽ സന്ദർശിച്ച കാര്യം വെളിവായത്. ദുരൂഹതയുണർത്തുന്ന ദ്വീപാണു സെന്റിനൽ. കപ്പലുകൾക്കു തീരത്ത് അടുക്കാനാകാത്ത വിധം പവിഴപ്പുറ്റുകൾ നിറഞ്ഞ ഒരു മേഖല ദ്വീപിനു ചുറ്റുമുണ്ട്.
ദ്വീപിനു കുറുകെ ഹെലികോപ്റ്റർ പറത്തരുതെന്ന് ഒരു ചട്ടമുണ്ട്.നിബിഡവനം നിലനിൽക്കുന്ന ദ്വീപിലെ മനുഷ്യവാസം ആദ്യമായി കണ്ടെത്തിയത് ബ്രിട്ടിഷ് പര്യവേക്ഷകനായ ജോൺ റിച്ചിയാണ്. 1880ൽ ബ്രിട്ടിഷ് ഉദ്യോഗസ്ഥനായ മോറിസ് പോർട്മാൻ ഇവിടെ ആദ്യമായി കാലുകുത്തി. ബ്രീട്ടിഷുകാർ ദ്വീപിനെ കോളനിയാക്കിയപ്പോഴും സ്ഥിതി നിലനിന്നു. മറ്റു ഗോത്രങ്ങളും ബ്രിട്ടനുമായി യുദ്ധങ്ങളുണ്ടായപ്പോഴും സെന്റിനലീസ് ഗോത്രക്കാർക്കു പ്രശ്‌നം കുറവായിരുന്നു.
ബ്രിട്ടിഷുകാർക്ക് ഈ ദ്വീപുകളിൽ വലിയ താൽപര്യമില്ലാത്തതായിരുന്നു കാരണം. പിൽക്കാലത്തും ദ്വീപിലേക്കു മറ്റുളളവർ അധികം എത്തിയില്ല. അതിനാൽ തന്നെ ദ്വീപുനിവാസികൾ തങ്ങളുടെ തനതുരീതികൾ നിലനിർത്തി. വേട്ടയും വനോൽപന്നങ്ങളുമാണ് പ്രധാന ഭക്ഷണമാർഗം. കാട്ടുപന്നിയുടെ മാംസം വ്യാപകമായി ഭക്ഷിക്കപ്പെടുന്നു. മൽസ്യം, കടലാമ, തേൻ, പാൻഡനസ് എന്ന പഴം, വിവിധവേരുകൾ തുടങ്ങിയവയും കഴിക്കാറുണ്ട്.
തീയുപയോഗിച്ച് വറുത്താണ് ഇവർ മാംസവും മൽസ്യവുമൊക്കെ കഴിക്കാറുള്ളത്. ദ്വീപിലെത്തുന്നവരെ അമ്പെയ്തു കൊല്ലുന്നവരായിട്ടാണു സെന്റിനലുകളെ കണക്കാക്കുന്നത്. എന്നാൽ ഇവരുടെ ആക്രമണം ഒരുപക്ഷേ സ്വയരക്ഷയിലുള്ള പേടിമൂലമാകാമെന്നു വിലയിരുത്തപ്പെടുന്നു. പുറംലോകവുമായി ബന്ധപ്പെട്ടാൽ സെന്റിനലീസ് ഗോത്രങ്ങൾക്കു രോഗങ്ങൾ പിടിപെട്ടേക്കാൻ സാധ്യതയുണ്ട്. കുറഞ്ഞ രോഗപ്രതിരോധശേഷിയാണു കാരണം.