പണം നൽകിയാൽ രേഖകളില്ലാതെ അമേരിക്കൻ അതിർത്തി കടക്കാം; അതിർത്തി രക്ഷാ ഉദ്യോഗസ്ഥരുടെ ‘സ്പെഷൽ സർവീസിന്’ പിടി വീണു

Mail This Article
സാൻ ഡിയേഗൊ ∙ അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടിയാണ് രണ്ടാം തവണ അധികാരത്തിലേറിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിക്കുന്നത്. അതിനിടെ ഇപ്പോഴിതാ അമേരിക്കയുടെ അതിർത്തിയിൽ ഉദ്യോഗസ്ഥർ ‘കൈക്കൂലി’ വാങ്ങിയ ശേഷം രേഖകളില്ലാത്തവരെ അനധികൃതമായി രാജ്യത്തേക്ക് കടത്തിവിട്ടെന്ന വാർത്ത പുറത്തുവന്നിരിക്കുന്നു.
സൗത്ത് കലിഫോർണിയയിൽ കൈക്കൂലി വാങ്ങി അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ രേഖകളില്ലാത്തവർക്ക് അനുമതി നൽകിയ സംഭവത്തിൽ അതിർത്തി രക്ഷാ സേനയിലെ രണ്ട് ഇൻസ്പെക്ടർമാർ അറസ്റ്റിലായി. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഓഫിസർമാരായ ഫാർലിസ് അൽമോണ്ടെ, റിക്കാർഡോ റോഡ്രിഗസ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്. സാൻ യിസിഡ്രോ പോർട്ട് ഓഫ് എൻട്രിയിലെ ഇമിഗ്രേഷൻ പരിശോധനാ ബൂത്തുകളിൽ ജോലി ചെയ്തിരുന്ന ഇവർക്കെതിരെ ഫോൺ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. മനുഷ്യക്കടത്തുകാരുമായി ഇവർ സന്ദേശങ്ങൾ കൈമാറിയതായി തെളിഞ്ഞിട്ടുണ്ട്.
ഒരു വാഹനം ഡ്രൈവറും ഒരു യാത്രക്കാരനുമായി ചെക്ക്പോയിന്റിൽ നിർത്തി. രേഖകളിൽ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത് ഡ്രൈവർ മാത്രമാണ് രാജ്യത്തേക്ക് പ്രവേശിച്ചതെന്നാണ്. എന്നാൽ നിരീക്ഷണ വിഡിയോയിൽ യാത്രക്കാരനും പ്രവേശിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി പ്രോസിക്യൂട്ടർമാർ അറിയിച്ചു. രേഖകളില്ലാതെ ആളുകളെ കടത്തിയ ഡസൻ കണക്കിന് വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർ കൈ കാണിച്ചു നിർത്തി പണം കൈപ്പറ്റിയിരുന്നു.
കേസിലെ വാദങ്ങളെ റോഡ്രിഗസിന്റെ അഭിഭാഷകൻ മൈക്കിൾ ഹോക്കിൻസ് നിഷേധിച്ചു. കഴിഞ്ഞ വർഷം അറസ്റ്റിലായ മൂന്ന് അനധികൃത കുടിയേറ്റക്കാർ ഫെഡറൽ അന്വേഷകരോട് യുഎസ് അതിർത്തി പരിശോധകർ സഹായിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് അൽമോണ്ടെ, റോഡ്രിഗസ് എന്നിവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചതെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.
അൽമോണ്ടെ കസ്റ്റഡിയിലിരിക്കെ, അദ്ദേഹത്തിന്റെ കാമുകി ടിജുവാനയിലേക്ക് മാറ്റാൻ ശ്രമിച്ചുവെന്ന് കരുതുന്ന ഏകദേശം 70,000 ഡോളർ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ, നീതി തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ അൽമോണ്ടെക്കെതിരെ ചുമത്താൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ സമർപ്പിച്ച രേഖകളിൽ സൂചിപ്പിക്കുന്നു.