‘വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു, ദേഹപരിശോധന നടത്തിയത് പുരുഷ ഓഫിസർ’; യുഎസ് വിമാനത്താവളത്തിൽ ഇന്ത്യൻ സംരംഭകയെ എട്ട് മണിക്കൂർ തടഞ്ഞുവച്ചു

Mail This Article
അങ്കറേജ്∙ ലഗേജിൽ പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിലെ അങ്കറേജ് വിമാനത്താവളത്തിൽ എട്ട് മണിക്കൂർ തടഞ്ഞുവച്ചതായി ഇന്ത്യൻ സംരംഭക ശ്രുതി ചതുർവേദി ആരോപിച്ചു. ഇന്ത്യ ആക്ഷൻ പ്രോജക്ട്, ചായിപാനി എന്നിവയുടെ സ്ഥാപകയായ ശ്രുതി തനിക്കുണ്ടായ ദുരനുഭവം ഇന്ന് രാവിലെയാണ് എക്സിലെ പോസ്റ്റിൽ പങ്കുവച്ചത്.
‘‘ പുരുഷ ഉദ്യോഗസ്ഥൻ ദേഹപരിശോധന നടത്തുകയും അത് കാമറയിൽ ചിത്രീകരിക്കുകയും ചെയ്തു. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. പൊലീസ്, എഫ്ബിഐ എന്നിവർ ചോദ്യം ചെയ്തു. ഒരു ഫോൺ കോൾ പോലും അനുവദിച്ചില്ല. ഹാൻഡ്ബാഗിൽ പവർ ബാങ്ക് "സംശയാസ്പദമായ" വസ്തുവായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇതെല്ലാം.
ശുചിമുറി ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ചു. വിമാനയാത്രയും നടത്താൻ സാധിച്ചില്ല. സങ്കൽപ്പിക്കാൻ സാധിക്കാത്ത ഏറ്റവും മോശമായ 7 മണിക്കൂറിലൂടെയാണ് താൻ കടന്നുപോയത്’’– ശ്രുതി സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. ശ്രുതി വിദേശകാര്യ മന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.