‘അമേരിക്കയിൽ ദിവസവും ജോലിക്ക് പോകുന്ന അനധികൃത കുടിയേറ്റക്കാർ’: ആശങ്കകളും യാഥാർഥ്യവും

Mail This Article
ഫിലഡൽഫിയ∙ ഒരുകോടി 17 ലക്ഷം ആളുകൾ വിവിധ രാജ്യങ്ങളിൽ നിന്ന് അനധികൃതമായി അമേരിക്കയിൽ കുടിയേറിയിട്ടുണ്ടെന്നാണ് 2023 ജൂലൈയിലെ സെന്റർ ഫോർ മൈഗ്രേഷൻ ഓഫ് ന്യൂയോർക്ക് വിജ്ഞാപനം പറയുന്നത്. 2022 ജനുവരിയിലെ ഹോംലാൻഡ് സെക്യൂരിറ്റി ജനസംഖ്യാ വിവരം അനുസരിച്ച് ഒരുകോടി 10 ലക്ഷം പേരാണ് അനധികൃതമായി അമേരിക്കയിൽ കഴിയുന്നന്നത്. 2 കോടി 60 ലക്ഷം വിദേശികൾ നിയമപരമായി കുടിയേറിയിട്ടുണ്ട്. വിവിധ ഗവൺമെന്റ് ഏജൻസികളുടെ കണക്കുകളിലെ ഈ പൊരുത്തമില്ലായ്മ സംശയാസ്പദമാണ്.
യുഎസ്– മെക്സിക്കോ അതിർത്തിയിലെ ശക്തമായ കമ്പിവേലി ഭേദിച്ച് അമേരിക്കയിലേക്ക് പ്രവേശിക്കാനുള്ള അനധികൃത കുടിയേറ്റക്കാരുടെ ശ്രമം വർധിച്ചു വരികയാണ്. അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുമെന്നും അതിർത്തികളിൽ കൂടുതൽ ശക്തമായ ബോർഡർ സെക്യൂരിറ്റി പൊലീസിനെ നിയമിക്കുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരഞ്ഞെടുപ്പിന് മുൻപ് അമേരിക്കൻ ജനതയ്ക്ക് ഉറപ്പ് നൽകിയിരുന്നു.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഭാഗമായി 9980 കൊടും കുറ്റവാളികൾ ഉൾപ്പെടെ 14111 അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചതായി മാർച്ച് 13 ലെ ഇമിഗ്രേഷൻ കസ്റ്റംസ് ആൻഡ് എൻഫോഴ്സ്മെന്റ് (ഐസിഇ) അറിയിച്ചിട്ടുണ്ട്. ഫ്ലോറിഡയിൽ നിന്ന് 1722 കിലോമീറ്റർ (1070 മൈൽ) അകലെയുള്ള എൽ സാൽവഡോറിലേക്കുള്ള നാടുകടത്തൽ നിർത്തണമെന്ന കോടതി ഉത്തരവ് ലംഘിച്ച് ട്രംപ് ഭരണകൂടം കൊലപാതകികളും പീഡന കേസുകളിൽ പ്രതികളായവരുമായ 17 കുറ്റവാളികളെ നാടുകടത്തിയതായി സ്റ്റേറ്റ് സെക്രട്ടറി മാക്രോ റുപിയോ മാധ്യമങ്ങളോട് പറഞ്ഞു.
2009 മുതൽ 2024 വരെ 16000 ൽ അധികം അനധികൃത ഇന്ത്യൻ പൗരന്മാരെ വിവിധ ഗ്രൂപ്പുകളായി നാടുകടത്തി. മാർച്ച് 30ന് പനാമയിൽ നിന്ന് 12 ഇന്ത്യക്കാരുമായി യുഎസ് സൈനിക വിമാനം ഇസ്താംബുൾ വഴി ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഇറങ്ങിയെന്നും അവരെ പൊലീസ് സഹായത്തോടെ പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ വീടുകളിൽ എത്തിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂയോർക്ക്, ഷിക്കാഗോ, ലൊസാഞ്ചലസ്, ഫിലഡൽഫിയ, ഹൂസ്റ്റൺ തുടങ്ങിയ വലിയ നഗരങ്ങളിൽ സുഹൃത്തുക്കളോ ബന്ധുക്കളോടൊപ്പം താമസിക്കുന്ന അനധികൃത കുടിയേറ്റക്കാർ ദിവസവും ജോലിക്ക് പോകുന്നു. ജോലിക്കാർ ഇല്ലാത്തതിനാൽ പല ബിസിനസ് ഉടമകളും നിയമപരമായ താമസാനുമതിയോ വർക്ക് പെർമിറ്റോ ഉള്ളവരെ അന്വേഷിക്കാറില്ല.
32 ശതമാനം അമേരിക്കൻ ജനത അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കണമെന്ന് അഭിപ്രായപ്പെട്ടതായി സിഎംഎസ് റിപ്പോർട്ടിൽ പറയുന്നു. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട അനധികൃതരെ ജയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്തണമെന്ന് 97 ശതമാനം സാധാരണ അമേരിക്കക്കാരും ആവശ്യപ്പെടുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും വ്യത്യസ്ത അഭിപ്രായങ്ങൾ പുലർത്തുന്നു. രേഖകളില്ലാത്ത വിദേശികളെ തിരിച്ചയയ്ക്കണമെന്ന് 54 ശതമാനം റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ആവശ്യപ്പെടുമ്പോൾ 10 ശതമാനം ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ മാത്രമാണ് ഇതിനെ പിന്തുണയ്ക്കുന്നത്.
വാഹന പരിശോധനയ്‌ക്കൊപ്പം ഉടമയുടെയും യാത്രക്കാരുടെയും ഇമിഗ്രേഷൻ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് 81 ശതമാനം റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ആവശ്യപ്പെടുമ്പോൾ 33 ശതമാനം ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ മാത്രമാണ് ഈ നിലപാടിനെ അനുകൂലിക്കുന്നത്.
2022 ജനുവരി 19 ന് യുഎസ്-കനേഡിയൻ അതിർത്തിയിലെ മഞ്ഞുമൂടിയ മിനസോഡയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലൂടെ ഗുജറാത്തിലെ പട്ടേൽ കുടുംബത്തിന്‍റെ ദാരുണമായ അനധികൃത യാത്രയും അവരുടെ മരണവും ഓരോ ഇന്ത്യക്കാരന്‍റെയും മനസ്സിൽ ഇപ്പോഴും വേദനയോടെ ഓർമിക്കപ്പെടുന്നു.