എട്ട് മാസത്തോളം ഓൺലൈൻ ഡേറ്റിങ്; കാമുകനെ കാണാൻ യുഎസിൽ നിന്നും ഇന്ത്യയിലെത്തി യുവതി, വിഡിയോ വൈറൽ

Mail This Article
കടലും കരയും താണ്ടിയുള്ള ഒരു പ്രണയകഥയാണ് ഇന്ന് സമൂഹമാധ്യമത്തിലെ പ്രധാന ചർച്ച. യുഎസിൽ നിന്നുള്ള ഫൊട്ടോഗ്രഫറായ ജാക്ലിൻ ഫോറെറോ എന്ന യുവതിയും ഇന്ത്യക്കാരനായ ചന്ദൻ എന്ന യുവാവും തമ്മിലുള്ള പ്രണയം എത്ര മനോഹരമെന്നാണ് കമന്റുകൾ.
സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഏറെ നാൾ വിഡിയോ കോളിലൂടെയായിരുന്നു സംസാരം. പ്രണയ ബന്ധം ദൃഢമായപ്പോൾ ആന്ധ്രപ്രദേശ് സ്വദേശിയായ ചന്ദനെ കാണാനായി ജാക്ലിൻ യുഎസിൽ നിന്നും ഇന്ത്യയിലേക്കെത്തി. എയർപോർട്ടിൽ ഇരുവരും ആദ്യമായി കാണുന്നതിന്റെ വിഡിയോയും സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.
ഒരുമിച്ച് 14 മാസങ്ങൾ, ഒരു പുതിയ അധ്യായത്തിന് തയാറാണ് എന്ന അടികുറിപ്പോടെയാണ് ജാക്ലിൻ വിഡിയോ പങ്കുവച്ചത്. എട്ട് മാസത്തോളമാണ് പരസ്പരം നേരിൽ കാണാതെ ഇവർ പ്രണയിച്ചത്. ഇന്ത്യയിലെത്തിയ ജാക്ലിൻ കാമുകന്റെ യുഎസ് വീസക്കായി കാത്തിരിക്കുകയാണ്. തനിക്ക് കാമുകനെക്കാൾ ഒൻപത് വയസ്സ് കൂടുതലാണെന്നും ജാക്ലിൻ പറയുന്നു. ഇരുവരും പരിചയപ്പെട്ടതും തമ്മിൽ കാണാതെ പ്രണയിച്ചതും പിന്നീട് ജാക്ലിൻ ചന്ദനെ കാണാനായി ഇന്ത്യയിലേക്ക് എത്തുന്നതിന്റെയും വിഡിയോ ആണ് ഇന്ന് വൈറലാകുന്നത്.