സിനിമാ ചിത്രീകരണത്തിനിടെ ലോഹവസ്തു ഉപയോഗിച്ച് ജനനേന്ദ്രിയത്തിൽ പരുക്കേൽപ്പിച്ചു; സഹതാരത്തിനെതിരെ ആരോപണവുമായി ബെല്ലാ തോൺ

Mail This Article
ലൊസാഞ്ചലസ്∙ ഹോളിവുഡ് നടി ബെല്ലാ തോൺ നടൻ മിക്ക് റൂർക്കിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. 'ഗേൾ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മിക്ക് റൂർക്ക് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും ശാരീരികമായി ദ്രോഹിച്ചുവെന്നുമാണ് ബെല്ലയുടെ ആരോപണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.
'ഗേൾ' എന്ന സിനിമയിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. കൈകൾ ബന്ധിച്ച് മുട്ടിൽ നിൽക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു ബെല്ല. ഈ സമയം, ലോഹ ഗ്രൈൻഡർ ഉപയോഗിച്ച് കാൽമുട്ടിൽ പ്രഹരിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. എന്നാൽ മിക്ക് റൂർക്ക് ജീൻസിന് മുകളിലൂടെ ഈ ഉപകരണം തന്റെ ജനനേന്ദ്രിയത്തിൽ ആവർത്തിച്ച് ഉപയോഗിച്ചെന്നും ഇത് കാരണം പെൽവിക് അസ്ഥിയിൽ ചതവുണ്ടായി.
കൂടാതെ, മിക്ക് റൂർക്ക് കാറോടിച്ച് തന്റെ ശരീരത്തിൽ ചെളി തെറിപ്പിച്ചു. നടിയെന്ന നിലയിൽ ജീവിതത്തിലെ ഏറ്റവും മോശം അനുഭവങ്ങളിലൊന്നായിരുന്നു മിക്ക് റൂർക്കിനൊപ്പമുള്ള ജോലി എന്നും ബെല്ല കൂട്ടിച്ചേർത്തു.
അതേസമയം, ബെല്ല തോണിന്റെ ആരോപണങ്ങൾ മിക്ക് റൂർക്കിന്റെ പ്രതിനിധികൾ നിഷേധിച്ചു. എല്ലാ കക്ഷികളോടുമുള്ള ബഹുമാനം കണക്കിലെടുത്ത്, ആരോപണങ്ങളുടെ ഗൗരവം പരിഗണിച്ച് റൂർക്ക് കൂടുതൽ പ്രതികരണത്തിന് തയ്യാറല്ല. എന്നാൽ, ഈ വിഷയത്തിൽ ഉണ്ടാകുന്ന ഏത് അന്വേഷണവുമായും പൂർണ്ണമായി സഹകരിക്കാൻ അദ്ദേഹം തയ്യാറാണെന്നും അദ്ദേഹത്തിന്റെ ടീം അറിയിച്ചു.