സാമ്പത്തിക ഉപദേശവുമായി ട്രംപ്: അനുസരിച്ചവർക്ക് ഓഹരി വിപണിയിൽ വൻ നേട്ടം

Mail This Article
ഹൂസ്റ്റണ്‍ ∙ ബുധനാഴ്ച രാവിലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ 'ഇത് വാങ്ങാൻ പറ്റിയ സമയമാണ്!' എന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തപ്പോൾ വിപണിയിൽ ഓഹരികൾ ചാടിക്കളിക്കുകയായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം, മിക്ക താരിഫുകളിലും 90 ദിവസത്തെ താൽക്കാലിക വിരാമം അദ്ദേഹം പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ യുഎസ് ഓഹരി വിപണി കുതിച്ചുയർന്നു.
ഇതോടെ ചർച്ചയായത് ട്രംപിന്റെ സാമ്പത്തിക ഉപദേശമാണ്. ഇത് വളരെ കൃത്യമാണെന്ന് ഓഹരി വിപണിയിലെ വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതായത് ട്രംപിന്റെ ഉപദേശം കേട്ട് വിപണിയിൽ പണം ഇറക്കിയവർക്ക് ജാക്‌പോട്ട് അടിച്ചുവെന്നു സാരം. ബുധനാഴ്ച രാവിലെ ഡോണൾഡ് ട്രംപ് ചില സാമ്പത്തിക ഉപദേശങ്ങളുമായി എത്തിയപ്പോൾ യുഎസ് ഓഹരികൾ നേട്ടങ്ങൾക്കും നഷ്ടങ്ങൾക്കുമിടയിൽ ചാടിക്കളിക്കുകയായിരുന്നു.
കഴിഞ്ഞ നാല് വ്യാപാര ദിവസങ്ങളിൽ നഷ്ടപ്പെട്ടതിന്റെ ഏകദേശം 70% ഒറ്റ പ്രഖ്യാപനത്തിൽ ട്രംപ് തിരിച്ചുപിടിച്ചു. പ്രസിഡന്റിൽ നിന്നുള്ള ശ്രദ്ധേയമായ സമയോചിതമായ ഒരു തീരുമാനമായി ഇതിനെ സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നു.
'അദ്ദേഹത്തിന് ഇത് ഇഷ്ടമാണ്, വിപണികളുടെ മേലുള്ള ഈ നിയന്ത്രണം, പക്ഷേ അദ്ദേഹം ജാഗ്രത പാലിക്കുന്നതാണ് നല്ലത്.'- എന്നായിരുന്നു ട്രംപിന്റെ വിമർശകനും മുൻ വൈറ്റ് ഹൗസ് അഭിഭാഷകനുമായ റിച്ചഡ് പെയിന്റർ പ്രതികരിച്ചത്.
വലിയ ചോദ്യം ഇതാണ്, ആ പോസ്റ്റ് ഇടുമ്പോൾ താരിഫ് താൽക്കാലികമായി നിർത്തൽ പ്രഖ്യാപിക്കുമെന്ന് ട്രംപ് നേരത്തെ അറിഞ്ഞിരുന്നോ? താരിഫ് മരവിപ്പിക്കുന്നതിനെക്കുറിച്ച് എപ്പോഴാണ് തീരുമാനമെടുത്തതെന്ന് ചോദിച്ചപ്പോൾ, ട്രംപ് അൽപ്പം ആശയക്കുഴപ്പമുണ്ടാക്കുന്ന മറുപടിയാണ് നൽകിയത്- 'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു' എന്ന ഒഴുക്കൻ മറുപടിയായിരുന്നു ട്രംപിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നത്.
വിശദീകരണം തേടി എപിയിൽ നിന്ന് വൈറ്റ് ഹൗസിലേക്ക് അയച്ച ഒരു ഫോളോ-അപ്പ് ഇമെയിലിന് നേരിട്ടുള്ള ഉത്തരം ലഭിച്ചില്ല. ''നിരന്തരമായ മാധ്യമ ഭീതി പടർത്തലുകൾക്കിടയിൽ വിപണികളെയും അമേരിക്കക്കാരെയും അവരുടെ സാമ്പത്തിക സുരക്ഷയെക്കുറിച്ച് ബോധ്യപ്പെടുത്തേണ്ടത് അമേരിക്കൻ പ്രസിഡന്റിന്റെ ഉത്തരവാദിത്തമാണ്.''- എന്നാണ് ഇതിനുള്ള ഉത്തരമായി വക്താവ് കുഷ് ദേശായി പ്രസിഡന്റിന്റെ പോസ്റ്റിനെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത്.
ട്രംപ് തന്റെ പോസ്റ്റിന്റെ അവസാനം 'DJT' ഉപയോഗിച്ചത് ഗൂഢാലോചനയ്ക്ക് ആക്കം കൂട്ടി - ട്രൂത്ത് സോഷ്യലിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പിന്റെ സ്റ്റോക്ക് ടിക്കർ കൂടിയാണിത്. ട്രംപ് പൊതുവെ ആളുകളെ ഓഹരികൾ വാങ്ങാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നോ അതോ ട്രംപ് മീഡിയയെ പ്രത്യേകമായി പ്രോത്സാഹിപ്പിക്കുകയായിരുന്നോ എന്ന് വ്യക്തമല്ല. വൈറ്റ് ഹൗസും ആ ചോദ്യത്തോട് പ്രതികരിച്ചില്ല. ട്രംപ് പലപ്പോഴും പോസ്റ്റുകൾ താനാണ് എഴുതിയതെന്ന് സൂചിപ്പിക്കുന്നതിനായി 'DJT' സിഗ്നേച്ചർ ഉപയോഗിക്കാറുണ്ട്.
ഉദ്ദേശ്യം എന്തുതന്നെയായാലും, നിക്ഷേപകർ ട്രംപ് മീഡിയ സ്റ്റോക്കിലേക്ക് ഒഴുകിയെത്തി. കഴിഞ്ഞ വർഷം കമ്പനിക്ക് 400 മില്യൻ ഡോളർ നഷ്ടം സംഭവിച്ചിട്ടും താരിഫ് നയവുമായി ബന്ധമില്ലെന്ന് തോന്നിയിട്ടും കമ്പനിയുടെ ഓഹരികൾ 22.67% ഉയർന്നു. ഇത് വിപണിയുടെ നേട്ടത്തിന്റെ ഇരട്ടിയോളം വരും. മൂത്ത മകൻ ഡോണൾഡ് ട്രംപ് ജൂനിയറിന്റെ മേൽനോട്ടത്തിലുള്ള ഒരു ട്രസ്റ്റിൽ ട്രംപിന്റെ കൈവശമുള്ള കമ്പനിയുടെ 53% ഓഹരികളുടെ മൂല്യം അന്ന് 415 മില്യൻ ഡോളർ വർധിച്ചു എന്നതും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്.
രസകരമെന്നു പറയട്ടെ, ട്രംപ് മീഡിയയുടെ അതിശയകരമായ കുതിപ്പ് ടെസ്ലയെ വരെ മറികടക്കുന്നതായിരുന്നു. ടെസ്ലയ്ക്കു വേണ്ടി കഴിഞ്ഞ മാസം കമ്പനിയെയും അതിന്റെ കാറുകളെയും പ്രശംസിക്കാൻ ട്രംപ് വൈറ്റ് ഹൗസിന് പുറത്ത് അസാധാരണമായ ഒരു പത്രസമ്മേളനം നടത്തിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ വാണിജ്യ സെക്രട്ടറി ഫോക്സ് ന്യൂസിൽ പ്രത്യക്ഷപ്പെട്ടു, കാഴ്ചക്കാരെ ടെസ്ലയിൽ നിക്ഷേപിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച നടന്ന ടെസ്ലയുടെ കുതിപ്പ് ഇലോൺ മസ്കിന്റെ സമ്പത്തിലേക്ക് 20 ബില്യൻ ഡോളർ ചേർത്തു എന്നതും ട്രംപ് ക്യാംപിന് കരുത്തായി.