പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപിറോയുടെ ഔദ്യോഗിക വസതിയിൽ അജ്ഞാതൻ തീയിട്ടു

Mail This Article
പെൻസിൽവേനിയ ∙ പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപിറോയുടെ ഔദ്യോഗിക വസതിയിൽ അജ്ഞാതൻ തീയിട്ടു. ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം നടന്നത്. ഈ സമയം ഗവർണറും കുടുംബവും വസതിയിൽ ഉറങ്ങുകയായിരുന്നു.
മനഃപൂർവം ആരോ തീവച്ചതായിട്ടാണ് വിവരം. വീടിന്റെ തെക്കുവശത്തെ മുറിയിൽ നാശനഷ്ടമുണ്ടായി. വീട്ടിലുണ്ടായിരുന്ന ഗവർണറും കുടുംബവും മറ്റൊരു മുറിയിലായതിനാൽ സുരക്ഷിതമായി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ചോ തീയിടാനുള്ള കാരണത്തെക്കുറിച്ചോ ഇതുവരെ വിവരങ്ങൾ ലഭ്യമല്ല. ഇതുസംബന്ധിച്ച വിവരം നൽകുന്നവർക്ക് 10,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
1968 മുതൽ പെൻസിൽവേനിയ ഗവർണർമാർ താമസിക്കുന്നത് ഹാരിസ്ബർഗിലെ 2035 നോർത്ത് ഫ്രണ്ട് സ്ട്രീറ്റിലുള്ള ഈ വസതിയിലാണ്. നിയമപാലകരുടെയും രക്ഷാപ്രവർത്തകരുടെയും സമയോചിതമായ ഇടപെടലിന് നന്ദിയുണ്ടെന്ന് ഗവർണർ ജോഷ് ഷാപിറോ അറിയിച്ചു.