ADVERTISEMENT

 ന്യൂയോർക്ക്∙  സ്വയം വിവാഹം കഴിക്കുക...സോളഗമി എന്ന ട്രെൻഡ് യുഎസിൽ വ്യാപകമാകുകയാണെന്നു റിപ്പോർട്ട്. സ്ത്രീകളാണത്രേ ഈ വിചിത്ര വിവാഹ ട്രെൻഡിനു പിന്നിൽ. വിവാഹവേദികൾ വാടകയ്ക്കെടുത്തും കല്യാണവസ്ത്രങ്ങൾ അണിഞ്ഞും അതിഥികളെ ക്ഷണിച്ചുമൊക്കെയാണ് ഈ സ്വയം വിവാഹം. സ്വയം വിവാഹത്തിന് യുഎസിൽ നിയമസാധുതയില്ല, യുഎസിൽ മാത്രമല്ല പല രാജ്യങ്ങളിലും ഇതിനു സാധുതയില്ല.

എങ്കിലും ഇത്തരം വിവാഹങ്ങൾക്കു സൗകര്യങ്ങളൊരുക്കുന്ന മാരി യുവർസെൽഫ്, ഐ മാരീഡ് മി തുടങ്ങിയ സ്റ്റാർട്ടപ്പുകളും അവിടെ ഉയർന്നിട്ടുണ്ട്. പല പ്രായങ്ങളിലുള്ള ആളുകൾ സോളോഗമി തിരഞ്ഞെടുക്കുന്നെന്നും റിപ്പോർട്ടുണ്ട്. യുഎസിൽ സോളോഗമിക്ക് നീണ്ട നാളുകളുടെ ചരിത്രമുണ്ട്. യുഎസിൽ മാത്രമല്ല, മറ്റു രാജ്യങ്ങളിലും ഈ രീതിയിലുള്ള വിവാഹം ഇടയ്ക്കിടെ സംഭവിക്കാറുണ്ട് ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ സ്കൂൾ ടീച്ചറായ പട്രീഷ്യ ക്രിസ്റ്റീന കുറച്ചുവർഷങ്ങൾക്കു മുൻപ് തന്നെത്തന്നെ വിവാഹം കഴിച്ചു.

ഒരു വിവാഹത്തിനു വേണ്ട എല്ലാ ആഘോഷങ്ങളോടെയും തന്നെയായിരുന്നു പട്രീഷ്യയുടെ ചടങ്ങുകൾ. ആഴ്ചകളോളമെടുത്തു ചടങ്ങുകൾ പ്ലാൻ ചെയ്തു. വിലകൂടിയ കല്യാണമോതിരവും പൂക്കളും ബൊക്കെയും 7000 രൂപ വിലയുള്ള കല്യാണവസ്ത്രവും വാങ്ങി. ഒട്ടേറെ അതിഥികളെയും കല്യാണത്തിനായി ക്ഷണിച്ചു. ഒൻപതു കൂട്ടുകാരുടെ അകമ്പടിയോടെ പട്രീഷ്യ കല്യാണവേദിയിലെത്തി. വരൻ ഇല്ലെന്നതൊഴിച്ചാൽ ബാക്കിയെല്ലാം സാധാരണ ഒരു വിവാഹം പോലെ തന്നെ.

അതിഥികൾക്കു വ‌ിവാഹച്ചടങ്ങുകൾക്കു ശേഷം വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പട്രീഷ്യ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനു മികച്ച പ്രതികരണങ്ങളും വിമർശനങ്ങളും ധാരാളം ലഭിച്ചു. 2007ൽ ചൈനയിലെ ല്യു യെ എന്ന യുവാവും ഇതുപോലെ തന്നെത്തന്നെ വിവാഹം കഴിച്ചിരുന്നു. തന്റെ അതേ രൂപത്തിലുള്ള ഒരു കട്ടൗട്ട് ഉണ്ടാക്കി അതിൽ വിവാഹമോതിരം അണിയിക്കുകയാണ് ല്യു ചെയ്തത്.

2003ൽ നെതർലൻഡ്സിലെ ഡച്ച് ചിത്രകാരിയായ ജെന്നിഫർ ഹോസും ഇതുപോലെ സ്വയം വിവാഹം കഴിച്ചു. ഒട്ടേറെ അതിഥികളെ വിളിച്ചുകൂട്ടി അവരുടെ സാന്നിധ്യത്തിലായിരുന്നു ഈ വിവാഹം.2010ൽ തയ്‌വാനിൽ മുപ്പതുകാരിയായ ചെൻ വെയ് യിയും ഇത്തരത്തിൽ സ്വയം കല്യാണം കഴിച്ചയാളാണ്.

ഇത്തരത്തിലുള്ള വിചിത്രമായ വിവാഹവാർത്തകൾ ലോകത്തു പലപ്പോഴും സംഭവിക്കാറുണ്ട്. 2008ൽ യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള എറിക എന്ന മുൻ വനിതാ സൈനിക ഓഫിസർ വിവാഹം കഴിച്ചതാരെയെന്നോ? ഫ്രാൻസിലെ പ്രസിദ്ധമായ ഈഫൽ ടവറിനെ.

വിവാഹശേഷം എറിക ലടോർ ഈഫൽ എന്നു പേരുമാറ്റുകയും ചെയ്തു ഇവർ. ഈഫൽ ടവറിനെ വിവാഹം കഴിക്കുന്നതിനു മുൻപ് വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു വില്ല്, വീടിനു ചുറ്റുമുള്ള മതിൽ എന്നിവരോട് തനിക്കു പ്രണയമായിരുന്നെന്നും എന്നാൽ ഏറ്റവും സ്നേഹം ഈഫൽ ടവറിനോടായതിനാൽ അതിനെ വിവാഹം കഴിക്കുകയായിരുന്നെവെന്നും എറിക പറഞ്ഞിരുന്നു. 2010ൽ ദക്ഷിണകൊറിയക്കാരനായ ലീ ജിൻ ഗ്യു തന്റെ തലയണയെയാണ് വിവാഹം കഴിച്ചത്.

English Summary:

Marrying yourself...the trend of Sologamy is spreading in the US

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com