ADVERTISEMENT

വാഷിങ്ടൻ ∙ ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതുമുതല്‍ അമേരിക്കയുടെ ഇമിഗ്രേഷന്‍ നയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. വീസയുമായി നിലവില്‍ അമേരിക്കയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്കിടയിലും വീസക്ക് പുതുതായി അപേക്ഷിക്കുന്നവര്‍ക്കിടയിലും ഇത് ആശങ്ക ഉയര്‍ത്തുന്നു. ഇതിനിടയിലാണ് വെറും 40 സെക്കന്‍ഡില്‍ മൂന്നു ചോദ്യങ്ങളില്‍ തനിക്ക് വീസ നഷ്ടപ്പെട്ട അനുഭവം പങ്കുവച്ച് യുവാവ് രംഗത്തെത്തിയിരിക്കുന്നത്.

യുഎസ് വീസക്ക് അപേക്ഷിച്ച് ഉദ്യോഗസ്ഥരുമായുള്ള അഭിമുഖം കഴിഞ്ഞ് 40 സെക്കൻഡിനുള്ളിൽ തനിക്ക് യുഎസ് ബി1/ബി2 ടൂറിസ്റ്റ് വിസ നഷ്ടപ്പെടുകയായിരുന്നു എന്നാണ് ഇന്ത്യക്കാരനായ യുവാവ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഫ്ലോറിഡയിൽ രണ്ടാഴ്ചത്തെ അവധിക്കാലം ആഘോഷിക്കാനായിരുന്നു യുവാവിന്‍റെ പദ്ധതി. എന്നാല്‍ ‘എന്തുകൊണ്ട് നിങ്ങൾ യുഎസ് സന്ദര്‍ശിക്കുന്നു?, ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്തിട്ടുണ്ടോ?, യുഎസിൽ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഉണ്ടോ? എന്നിങ്ങനെ മൂന്ന് ചോദ്യങ്ങള്‍ക്ക് പിന്നാലെ തന്‍റെ വീസ നിഷേധിക്കപ്പെട്ടു എന്ന് യുവാവ് കുറിച്ചു.

തനിക്ക് ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്ത് പരിചയമില്ലെന്നും തന്‍റെ കാമുകി ഫ്ലോറിഡയിലാണ് താമസിക്കുന്നതെന്നുമായിരുന്നു ചോദ്യങ്ങള്‍ക്കുള്ള യുവാവിന്‍റെ മറുപടി. പിന്നാലെ ഓഫീസര്‍ യുവാവിനെ അയോഗ്യനാണെന്ന് വിലയിരുത്തുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. പിന്നാലെ സമൂഹമാധ്യമത്തിൽ നിരവധി കമന്റുകളാണ് യുവാവിന് ലഭിച്ചത്. ‘ഇതൊരു പാഠമാണ്. നിങ്ങൾക്ക് യാത്രാ ചരിത്രമില്ല മാത്രമല്ല യുഎസില്‍ കാമുകിയുമുണ്ട്. യുഎസില്‍ ഒരു ബന്ധമുള്ളത് അമേരിക്കയുമായുള്ള ശക്തമായ ബന്ധമാണ്.

ഒരുപക്ഷേ നിങ്ങള്‍ അമേരിക്കയിലെത്തിയാല്‍ തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ ശക്തമായ കാരണവുമില്ല. അതിനാല്‍ സ്വന്തം രാജ്യവുമായി ശക്തമായ ബന്ധം പ്രകടിപ്പിക്കുന്നതിൽ നിങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ടാകാം. അതാണ് വീസ നിരസിക്കപ്പെടുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിൽ ഒന്ന് ' - ഒരാൾ കുറിച്ചു. അപേക്ഷകന് ഇന്ത്യയിൽ സ്ഥിരമായ ജോലി ഉണ്ടായിരുന്നിട്ടും രാജ്യാന്തര യാത്രകള്‍‌ ചെയ്തിട്ടില്ല എന്നതും യുഎസിലെ ഒരു പ്രണയ പങ്കാളിയുടെ പരാമർശവും ഒരുപക്ഷേ വീസ കാലാവധിക്ക് ശേഷവും നിങ്ങള്‍ അധികകാലം താമസിക്കാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കാം.

വീസ അപേക്ഷകർ അവരുടെ യാത്രാ ഉദ്ദേശ്യം വ്യക്തമായി അവതരിപ്പിക്കണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്’.‘യാത്രകളെ കുറിച്ച് തെറ്റായതോ പൊരുത്തമില്ലാത്തതോ ആയ വിവരങ്ങൾ നൽകുന്നത്, യാത്രയുടെ ലക്ഷ്യം വ്യക്തമാക്കുന്നതില്‍ പരാജയപ്പെടുക എന്നിവ നിങ്ങളെ കുറിച്ച് സംശയം ഉയര്‍ത്തുകും വീസ നിഷേധിക്കപ്പെടുന്നതിന് കാരണമാകുകയും ചെയ്യാം’ എന്നിങ്ങനെയാണ് കമന്റുകൾ.

കൂടുതല്‍ ജാഗ്രതയോടെയുള്ള സമീപനം ആവശ്യമാണെന്നാണ് മിക്കവരും നിര്‍ദേശിക്കുന്നത്, ‘കാമുകി എന്ന് പറയേണ്ട ആവശ്യമില്ലായിരുന്നു, സുഹൃത്ത് എന്ന് പറയാമായിരുന്നു, അമേരിക്കയിലേക്ക് പോകുന്നതിന് മുന്‍പ് യൂറോപ്പിലോ ഏഷ്യയിലോ ഉള്ള രാജ്യങ്ങൾ സന്ദർശിച്ച് യാത്രാ പരിചയം നേടുന്നത് നല്ലതായിരിക്കും’ എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍.

English Summary:

Indian Man's US Visa Rejected In 40 Seconds For being Honest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com