ADVERTISEMENT

കലിഫോർണിയ ∙ ഫാഷൻ ലോകത്ത് ചിറകടിച്ച് പറന്ന മലയാളിയായിരുന്നു കോട്ടയം മല്ലപ്പള്ളി സ്വദേശിയായ ആനന്ദ് ജോൺ. ഉയർന്ന പറന്ന ആനന്ദ് ജോൺ ഒരിക്കൽ വീണുപോയി. വീണതോ വീഴ്ത്തിയതോ? എന്ന ചോദ്യങ്ങളും പലക്കുറി ഉയർന്നു. കൃത്യമായി പറഞ്ഞാൽ 18 വർഷത്തിലധികമായി ഉയരുന്ന ഈ ചോദ്യത്തിന് ഇന്നും ഉത്തരമില്ല. യുഎസിലെ ഇരുമ്പഴിക്കുള്ളിൽ തുടുരുന്ന ആനന്ദ് ജോണിന് ഇനി മോചനത്തിന് 34 വർഷം കൂടി കാത്തിരിക്കണമെന്നാണ് യുഎസിലെ നിയമം പറയുന്നത്. 

ലൈംഗിക പീഡനക്കുറ്റങ്ങൾ ചുമത്തിയാണ് 'ഫാഷൻ ഐക്കൺ' എന്ന് അറിയപ്പെട്ടിരുന്ന ആനന്ദ് ജോണിനെ തടവിലാക്കിയത്. 59 വർഷത്തെ തടവിനാണ് കോടതി വിധിച്ചത്. എന്നാൽ, ആനന്ദ് പെൺകുട്ടികളെ പീഡിപ്പിച്ചില്ലെന്ന് മെഡിക്കൽ റിപ്പോർട്ടുകളും നുണ പരിശോധനാ ഫലങ്ങളും തെളിയിച്ചതോടെ ന്യൂയോർക്ക്, ഹൂസ്റ്റൺ, ഡാലസ് കോടതികളിലെ കേസുകൾ പൂർണമായും റദ്ദാക്കപ്പെട്ടു. നിലവിൽ, കലിഫോർണിയയിലെ കേസുകൾ മാത്രമാണ് നിലനിൽക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ കേസുകൾ തള്ളിക്കളഞ്ഞതോടെ, ഫാഷൻ ലോകത്തെ ആനന്ദിന്റെ ഉയർച്ച തടയാനുള്ള ഗൂഢാലോചനയാണോ ഈ ആരോപണങ്ങൾ എന്ന ചോദ്യം പലരും ഉയർത്തുന്നു.

ബിജെപി നേതാവ് ഉദിത് രാജ്, സ്വാമി പത്മ പ്രകാശ്, ഷിബാനി കശ്യപ്, മഹാജൻ, ആന്റണി രാജ്, ആത്മീയ നേതാക്കളായ ശൈലേഷ് തിവാരി, ബാബ അസീസ് നിസാമി, നിർമൽ ജെയിൻ, അങ്കിത് ഡേ എന്നിവർ ആനന്ദിന്റെ മോചനത്തിനായി പല ഘട്ടങ്ങളിലും ശബ്ദമുയർത്തി. പ്രശസ്ത ഫാഷൻ ഡിസൈനറായ സഹോദരി സഞ്ജന ആനന്ദിന്റെ മോചനത്തിനായി  ശ്രമം നടത്തിയിരുന്നു.

കേരളത്തിലും ചെന്നൈയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ആനന്ദ്, സ്‌പെഷ്ൽ സ്‌കോളർഷിപ്പോടെ യുഎസിലെ 'ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോർട്ട് ലോഡർഡെയ്‌ലി'ൽ പഠനത്തിനായി ചേർന്നു. ലോകത്തിലെ ഏറ്റവും ആകർഷകമായ പത്ത് പുരുഷന്മാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടതോടെ ആനന്ദ് പ്രശസ്തിയുടെ കൊടുമുടി കയറി.

2005ൽ നടന്ന 'അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡൽ' പരിപാടിയിൽ ആനന്ദ് ശ്രദ്ധേയനായി. ഫാഷൻ ഡിസൈനിങ് മേഖലയിൽ ആനന്ദിന്റെ പ്രശസ്തി അതിവേഗം വളർന്നു. ആനന്ദിന്റെ ഡിസൈനുകൾക്കായി ആളുകൾ കാത്തിരുന്നു. വലിയ ഫാഷൻ പ്രോജക്ടുകൾക്കായി ആനന്ദ് സമയം ചെലവഴിച്ചു.

പാരിസ് ഹിൽട്ടൺ, ഇവാൻക ട്രംപ്, മെലാനിയ ട്രംപ്, ജെന്നിഫർ ലോപ്പസ്, മൈക്കിൾ റോഡ്രിഗ്, പ്രിൻസ്, റൊസാരിയോ ഡോസൺ, ലോറൻസ് ഫിഷ്ബേൺ, ജിന ടോറസ് തുടങ്ങിയ പ്രമുഖർക്കും രാജകുടുംബാംഗങ്ങൾക്കും ആനന്ദ് വസ്ത്രങ്ങൾ രൂപകൽപന ചെയ്തു.

റാംപിൽ ആനന്ദ് രൂപകൽപ്പന ചെയ്ത വസ്ത്രങ്ങൾ ധരിക്കാൻ മോഡലുകൾ ആഗ്രഹിച്ചു. പെൺകുട്ടികൾ ആനന്ദിനെ ആരാധിച്ചു. 2006ൽ, വാൾസ്ട്രീറ്റ് ആനന്ദിന്റെ പേരിൽ പുതിയ ഉത്പന്നം പുറത്തിറക്കാൻ തീരുമാനിച്ചു. ട്രെൻഡി ഹൈ-എൻഡ് ജീൻസിനായി കോടികൾ നിക്ഷേപിക്കാൻ അവർ തയ്യാറായി.

2007-ൽ ന്യൂസ്‌വീക്ക് മാസിക ആനന്ദിനെ ദക്ഷിണേഷ്യയിലെ മികച്ച ഡിസൈനർമാരിൽ ഒരാളായി തിരഞ്ഞെടുത്തു. പുതിയ ജീൻസ് പ്രോജക്ട് മാർച്ച് 20ന് പുറത്തിറങ്ങാൻ തയാറെടുക്കുമ്പോഴാണ് ആരോപണങ്ങൾ ഉയർന്നത്.

2007 മാർച്ചിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ചെന്നാരോപിച്ച് ആനന്ദിനെ ബെവർലി ഹിൽസിൽ അറസ്റ്റ് ചെയ്തു. അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സ്ത്രീകൾ ആനന്ദിനെതിരെ പീഡന പരാതികളുമായി കോടതികളെ സമീപിച്ചു. ആനന്ദിനൊപ്പം ജോലി ചെയ്തിരുന്ന പെൺകുട്ടികളാണ് ആദ്യം ആരോപണം ഉന്നയിച്ചത്.

പരാതി നൽകിയ പല സ്ത്രീകളും കെട്ടിച്ചമച്ച കഥകളാണ് ഉന്നയിച്ചതെന്ന് വിസ്താരത്തിൽ തെളിഞ്ഞു. പ്രായപൂർത്തിയായില്ലെന്ന് പരാതിയിൽ പറഞ്ഞ പെൺകുട്ടി യഥാർത്ഥ പ്രായം മറച്ചുവച്ചാണ് ആനന്ദിനെതിരെ പരാതി നൽകിയത്. ഈ തെളിവുകൾ പുറത്തുവന്നതോടെ കേസ് ഗൂഢാലോചനയാണെന്ന് വ്യക്തമായി.

അമേരിക്കയിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം സാധാരണമായതിനാൽ, ആനന്ദും സ്ത്രീകളും തമ്മിൽ ലൈംഗിക ബന്ധമുണ്ടായിരുന്നോ എന്ന് ഉറപ്പില്ല. എന്നിട്ടും, പല സ്ഥലങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഒരേസമയം പരാതി നൽകിയത് ദുരൂഹമാണെന്നും ആനന്ദിനായി വാദിക്കുന്നവർ ആവർത്തിക്കുന്നു. 

English Summary:

A Malayali man has been sentenced to 18 years in prison in the US - Anand John

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com