കാബിൻ ക്രൂ അംഗം ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; സാൻ ഫ്രാൻസിസ്കോയിൽ നിന്നും ലണ്ടനിലേക്കുള്ള സർവീസ് റദ്ദാക്കി എയർലൈൻ

Mail This Article
സാൻ ഫ്രാൻസിസ്കോ ∙ ബ്രിട്ടിഷ് എയർവേയ്സ് കാബിൻ ക്രൂ ജീവനക്കാരനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡ്യൂട്ടിക്ക് ശേഷം ഹോട്ടൽ മുറിയിലേക്ക് പോയ അംഗം അടുത്ത ദിവസം ജോലിക്കായി എത്തിയിരുന്നില്ല.
സഹപ്രവർത്തകരുടെ ആശങ്കയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച യുകെയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് പറന്ന വിമാനത്തിലെ ജീവനക്കാരനാണ് മരിച്ചത്. ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് ഏപ്രിൽ 17 ന് വൈകുന്നേരം 4.20 ന് സാൻ ഫ്രാൻസിസ്കോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടൻ ഹീത്രോയിലേക്കുള്ള BA 284 വിമാനം റദ്ദാക്കി. യാത്രക്കാർക്കായി താമസ സൗകര്യവും പകരം യാത്രാ സംവിധാനങ്ങൾ കമ്പനി ഒരുക്കി.
ജീവനക്കാരന്റെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നതായി ബ്രിട്ടിഷ് എയർവേയ്സ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടിണ്ട്. അന്വേഷണവുമായി തങ്ങൾ സഹകരിക്കുമെന്ന് ബ്രിട്ടിഷ് എയർവേയ്സ് അറിയിച്ചു.