‘മൂന്ന് ചതുരശ്ര അടി മാത്രം വലുപ്പമുള്ള സെല്ലിൽ 15 മണിക്കൂർ അടച്ചു’; ബ്രസീലിയൻ സൗന്ദര്യമത്സര ജേതാവിനെ യുഎസിൽ നിന്ന് നാടുകടത്തി

Mail This Article
ഷിക്കാഗോ∙ ബ്രസീലിയൻ സൗന്ദര്യമത്സരത്തിലെ മുൻ ജേതാവായ ഫ്രാൻസിസ്ലി ഔറിക്വെസിയെ യുഎസിൽ നിന്ന് നാടുകടത്തി. ഈ വർഷത്തെ കോച്ചെല്ല സംഗീതോത്സവത്തിൽ പങ്കെടുക്കാൻ കലിഫോർണിയയിലേക്ക് പോകുകയായിരുന്ന ഇവരെ ഏപ്രിൽ 10ന് ഷിക്കാഗോയിലെ ഓഹെയർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. വേദന സംഹാരിയായ ട്രമൽ ഗുളികകൾ കൈവശം വച്ചതിനും, ഒരു സുഹൃത്തിന്റെ ലഗേജ് കൊണ്ടുപോയതിനുമാണ് അധികൃതർ നടപടി സ്വീകരിച്ചത്. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അധികൃതർ വിലയിരുത്തി.
സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ, ഒരു പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി തന്നെ വിശദമായി ചോദ്യം ചെയ്തതായി ഔറിക്വെസ് പറഞ്ഞു. പേഴ്സ് പരിശോധിക്കുന്നതിനിടയിലാണ്, യുഎസിൽ നിയമവിരുദ്ധമായി കണക്കാക്കുന്ന ശക്തമായ വേദന സംഹാരിയായ ട്രമലിന്റെ നാല് ഗുളികകൾ കണ്ടെത്തിയത്.
"എനിക്കറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ, ഞാനൊരിക്കലും അത് പേഴ്സിൽ വയ്ക്കില്ലായിരുന്നു. മറ്റ് വിദേശ യാത്രക്കാരോടൊപ്പം അഞ്ച് മണിക്കൂർ ഒരു മുറിയിൽ ഇരുത്തി. സിബിപി ഉദ്യോഗസ്ഥർ തന്റെ സ്മാർട്ട് ഫോൺ പരിശോധിച്ചതിന് ശേഷം ഒടുവിൽ ടൂറിസ്റ്റ് വീസ റദ്ദാക്കി. അമേരിക്കയിൽ നിയമവിരുദ്ധമായി ജോലി ചെയ്യാൻ ശ്രമിക്കുന്നുവെന്നും, രാജ്യത്തിന് ഭീഷണിയാണെന്നും അവർ ആരോപിച്ചു
2024ൽ മുൻ കാമുകനോടൊപ്പം യുഎസ് സന്ദർശിച്ചിരുന്നെന്നും, ഒരുമിച്ച് ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഒരു മാസത്തെ താമസത്തിനിടയിലെ സന്ദേശങ്ങളും, വീസയുടെ കാര്യത്തിൽ കമ്പനിയുമായി നടത്തിയ സംഭാഷണങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തി. അങ്ങനെ എന്റെ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു, എന്റെ വീസ റദ്ദാക്കപ്പെട്ടു.
തണുപ്പുള്ള മൂന്ന് ചതുരശ്ര അടി മാത്രം വലുപ്പമുള്ള ഒരു സെല്ലിൽ 15 മണിക്കൂർ അടച്ചു. ഒരു കുപ്പി വെള്ളവും ഒരു ബോക്സ് ഭക്ഷണവും മാത്രമാണ് നൽകിയത്. എന്നെ ഒരു കൊള്ളക്കാരിയെപ്പോലെയാണ് കണക്കാക്കിയത്, പൂർണ്ണമായ അപമാനം " –ഔറിക്വെസ് കൂട്ടിച്ചേർത്തു.
ഔറിക്വെസിനെ സിബിപിയുടെ വാഹനത്തിൽ യുണൈറ്റഡ് എയർലൈൻസ് ടെർമിനലിലേക്ക് കൊണ്ടുപോയി, ബ്രസീലിലേക്കുള്ള മടക്കയാത്രയ്ക്ക് ശേഷം വിമാനം ലാൻഡ് ചെയ്തതിന് ശേഷമാണ് പാസ്പോർട്ട് തിരികെ നൽകിയത്.
നാടുകടത്തലിനെക്കുറിച്ച് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാൻ ഔറിക്വെസ് ബ്രസീലിന്റെ ഫെഡറൽ പൊലീസിനെ സമീപിച്ചെങ്കിലും, അത് അവരുടെ അധികാരപരിധിക്ക് പുറത്താണെന്ന് മറുപടിയാണ് ലഭിച്ചത്.
ഔറിക്വെസിന്റെ യാത്രാ ഉദ്ദേശ്യത്തെക്കുറിച്ച് സത്യസന്ധത ഇല്ലാത്തതിനാലാണ് പ്രവേശനം നിഷേധിച്ചതെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വക്താവ് പറഞ്ഞു.