ജെ. ഡി. വാൻസും കുടുംബവും താജ്മഹൽ സന്ദർശിച്ചു

Mail This Article
വാഷിങ്ടൻ ഡി സി/ആഗ്ര ∙ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കുടുംബവും താജ്മഹൽ സന്ദർശിച്ചു. ഭാര്യ ഉഷ വാൻസും മൂന്ന് മക്കളുമൊത്താണ് വാൻസ് താജ്മഹൽ സന്ദർശിച്ചത്.
'വിസ്മയിപ്പിക്കുന്നതാണ് താജ്മഹൽ. യഥാർഥ പ്രണയത്തിന്റെ സ്മാരകമാണത്. മനുഷ്യന്റെ മഹത്തായ കലാവിരുന്ന്. ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന് ആദരം.' -സന്ദർശനത്തിന് ശേഷം വാൻസ് സന്ദർശന ഡയറിയിൽ കുറിച്ചു. ജയ്പൂരിൽ നിന്ന് ബുധനാഴ്ചയാണ് വാൻസും കുടുംബവും ആഗ്ര വിമാനത്താവളത്തിലെത്തിയത്. ഇവരെ സ്വീകരിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയിരുന്നു.
വിമാനത്താവളത്തിൽ നിന്ന് കാറിലാണ് ഇവർ താജ്മഹലിൽ എത്തിയത്. നൂറുകണക്കിന് സ്കൂൾ കുട്ടികൾ തെരുവുകളിൽ യുഎസ് പതാകയും ത്രിവർണ പതാകയും വീശുകയും ചെയ്തു.
നാലുദിവസത്തെ സന്ദർശനത്തിനായാണ് വാൻസ് ഇന്ത്യയിലെത്തിയത്. നേരത്തേ അക്ഷർധാം ക്ഷേത്രം സന്ദർശിച്ചിരുന്നു. തിങ്കളാഴ്ചയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. യുഎസ് വൈസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള വാൻസിന്റെ പ്രഥമ ഇന്ത്യൻ സന്ദർശനമാണിത്.