പാക്ക് വ്യോമാതിർത്തിയിലെ വിലക്ക്: വിമാനനിരക്ക് കൂടും, ലഗേജിൽ നിയന്ത്രണം; ദീർഘദൂരയാത്രകൾക്ക് ഇടയ്ക്ക് സ്റ്റോപ്പ്!

Mail This Article
ന്യൂഡൽഹി ∙ പാക്കിസ്ഥാൻ വ്യോമാതിർത്തിയിലെ വിലക്ക് ഇന്ത്യയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന വിദേശവിമാനക്കമ്പനികൾക്ക് ബാധകമല്ലാത്തതിനാൽ ഇന്ത്യ കമ്പനികൾക്ക് തിരിച്ചടിയാകും. ബദൽ റൂട്ടുകൾ വഴി സഞ്ചരിക്കാൻ ഇന്ത്യൻ കമ്പനികളുടെ വിമാനങ്ങൾക്ക് ഇന്ധന, പ്രവർത്തന ചെലവുകൾ കൂടുമെന്നതിനാൽ ടിക്കറ്റ് നിരക്കും ഉയരാം. ദൂരക്കൂടുതലുള്ള ബദൽപാതകൾക്കായി കൂടുതൽ ഇന്ധനം വിമാനത്തിൽ കരുതണം.
ഭാരം കൂടുമെന്നതിനാൽ ലഗേജിൽ നിയന്ത്രണം കൊണ്ടുവരണം. ദീർഘദൂര റൂട്ടുകളിൽ ഇന്ധനം നിറയ്ക്കാൻ ഇടയ്ക്ക് സ്റ്റോപ് വേണ്ടി വരും. സമയക്കൂടുതലുള്ളതിനാൽ ക്രൂ ഷിഫ്റ്റുകളിലും മാറ്റം വേണ്ടി വരും. ഇതിനായി അധിക ക്രൂവിനെ കമ്പനി നിയോഗിക്കേണ്ടി വരാം. ഇത് ഷെഡ്യൂളുകളെ ആകെ ബാധിക്കാം. എയർ ഇന്ത്യയുടെ പല ദീർഘദൂര നോൺ സ്റ്റോപ് സർവീസുകൾക്കും യാത്രയ്ക്കിടയിൽ ഇന്നലെ സ്റ്റോപ് എടുക്കേണ്ടി വന്നു. ഡൽഹിയിൽ നിന്ന് വാഷിങ്ടനിലേക്കും ന്യൂയോർക്കിലേക്കുമുള്ള സർവീസുകൾ വിയന്നയിൽ ഇറക്കി.
കാനഡയിലെ വാൻകൂവറിൽ നിന്നുള്ള ഡൽഹി വിമാനം കോപ്പൻ ഹേഗനിൽ ഇറങ്ങിയ ശേഷമാണ് ഡൽഹിയിലേക്ക് പറന്നത്. ഡൽഹി – ഷിക്കാഗോ വിമാനവും കോപ്പൻഹേഗനിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു. പാരിസ് – ഡൽഹി സർവീസും, ലണ്ടൻ – ഡൽഹി സർവീസും ഇടയ്ക്ക് അബുദാബിയിൽ ഇറക്കേണ്ടി വന്നു. സാൻഫ്രാൻസിസ്കോ– മുംബൈ വിമാനവും വ്യാഴാഴ്ച രാത്രി കോപ്പൻഹേഗനിൽ ഇറക്കി.