ഇല്ലിനോയ് പ്ലെയിൻഫീൽഡിൽ മലയാളി ശിവൻ മുഹമ്മ വില്ലേജ് ട്രസ്റ്റി; ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജൻ

Mail This Article
പ്ലെയിൻഫീൽഡ്∙ ഇല്ലിനോയ് പ്ലെയിൻഫീൽഡിൽ മലയാളിയായ ശിവൻ മുഹമ്മ (ശിവ പണിക്കർ) വില്ലേജ് ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ഇദ്ദേഹം. മൂന്ന് ട്രസ്റ്റി സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ 2,500ൽ അധികം വോട്ടുകൾ നേടിയാണ് ശിവൻ വിജയിച്ചത്. മേയ് ആദ്യവാരത്തിൽ അദ്ദേഹം ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്യും.
കേരളത്തിലെ മുഹമ്മ സ്വദേശിയായ ശിവൻ 1995ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം സോഫ്റ്റ്‌വെയർ എൻജിനീയർ, ഐടി സ്പെഷ്യലിസ്റ്റ്, സംരംഭകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. എഴുത്തുകാരൻ, മാധ്യമ പ്രവർത്തകൻ, കമ്മ്യൂണിറ്റി സംഘാടകൻ എന്നീ നിലകളിലും അറിയപ്പെടുന്നു. ഭാര്യ ഡോ. ആനന്ദവല്ലി, മകൾ നയന, മകൻ വിഷ്ണു, മരുമകൾ ശാരി കുമാർ എന്നിവരടങ്ങുന്നതാണ് കുടുംബം.
സാമൂഹിക പ്രവർത്തനങ്ങളിലും സാംസ്കാരിക സംരംഭങ്ങളിലും സജീവമായ അദ്ദേഹം പ്ലെയിൻഫീൽഡിലെ എല്ലാ താമസക്കാരെയും സത്യസന്ധതയോടെയും സമർപ്പണത്തോടെയും സേവിക്കുമെന്നും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ചെറുകിട ബിസിനസ്സുകളെ പിന്തുണയ്ക്കുന്നതിനും പ്രാധാന്യം നൽകുമെന്നും വ്യക്തമാക്കി.
(വാർത്ത: ശങ്കരൻകുട്ടി ഹൂസ്റ്റൺ )