ഡാലസിൽ മലയാളി സ്ഥാനാർഥികൾ പ്രതീക്ഷയിൽ; ഏർലി വോട്ടിങ്ങിൽ പോളിങ് മന്ദഗതിയിൽ

Mail This Article
ഡാലസ്∙ നോർത്ത് ടെക്സസിൽ വിവിധ സിറ്റി കൗൺസിലുകളിലേക്ക് ഇതുവരെ നടന്ന ഏർലി വോട്ടിങ്ങിൽ പോളിങ് മന്ദഗതിയിലാണെങ്കിലും മലയാളി സ്ഥാനാർഥികൾ വിജയ പ്രതീക്ഷയിൽ. ഏപ്രിൽ 22നാണ് ഏർലി വോട്ടിങ് ആരംഭിച്ചത്. ഇന്ന് ഏർലി വോട്ടിങ് സമാപിക്കും. തിരഞ്ഞെടുപ്പ് മേയ് മൂന്നിന് നടക്കും.
ഇതുവരെയുള്ള പോളിങ് ശതമാനം കണക്കാക്കുമ്പോൾ പോളിങ് മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഇന്ത്യൻ വോട്ടർമാരുടെ, പ്രത്യേകിച്ചും മലയാളി കമ്യൂണിറ്റിയിലെ വോട്ടർമാർ കഴിഞ്ഞ കാലങ്ങളിൽ പ്രകടിപ്പിച്ചിരുന്ന ആവേശം ഇത്തവണ കാണുന്നില്ലെന്നും സ്ഥാനാർഥികൾ അഭിപ്രായപ്പെട്ടു.
മർഫി സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന എലിസബത്ത് ഏബ്രഹാം, ഗാർലൻഡ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന പി.സി. മാത്യു, ഡോ. ഷിബു സാമുവൽ, സണ്ണിവെയ്ൽ സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന സജി ജോർജ് എന്നിവരുടെ വിജയ സാധ്യതകൾ നിർണയിക്കുന്നതിൽ മലയാളി വോട്ടർമാരുടെ വോട്ടുകൾ നിർണായകമാണ്.
ഗാർലൻഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ പരസ്പരം ഏറ്റുമുട്ടുന്നത് ശക്തരായ രണ്ട് മലയാളികളാണ്. ഇരുവരും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും ഈ മത്സരത്തിൽ ആര് വിജയിക്കും എന്നുള്ളത് പ്രവചനാതീതമാണ്. പി.സി. മാത്യു, ഡോ. ഷിബു സാമുവൽ എന്നീ രണ്ട് ഗാർലൻഡ് മേയർ സ്ഥാനാർഥികളും ഇന്ത്യൻ കമ്യൂണിറ്റിയിൽ, പ്രത്യേകിച്ചും മലയാളി കമ്യൂണിറ്റിയിൽ വളരെ അറിയപ്പെടുന്ന, സ്വാധീനം ചെലുത്തുന്ന ശക്തമായ സാന്നിധ്യമാണ്. സണ്ണിവെയ്ൽ സിറ്റി മേയർ സ്ഥാനാർഥി കഴിഞ്ഞ 20 വർഷമായി കൗൺസിലിൽ സേവനമനുഷ്ഠിക്കുന്നു. സിറ്റി മേയർ സ്ഥാനത്തേക്ക് മൂന്നാമതും മത്സരിക്കുന്ന സജി ജോർജ് വിജയം ഏറെക്കുറെ ഉറപ്പാക്കിയിരിക്കുന്നു.
മർഫി സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന എലിസബത്ത് ഏബ്രഹാം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വർഷത്തെ തിരഞ്ഞെടുപ്പ് അത്ര ആയാസകരമല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏർലി വോട്ടിങ്ങിന്റെ സമാപന ദിനവും തിരഞ്ഞെടുപ്പ് ദിനമായ മേയ് മൂന്നിനും ഇന്ത്യൻ കമ്യൂണിറ്റി, പ്രത്യേകിച്ചും മലയാളി കമ്യൂണിറ്റി വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കണമെന്ന് സ്ഥാനാർഥികൾ അഭ്യർഥിച്ചു.