കാനഡ ‘കാർണി’വൽ: കാനഡയിൽ ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേക്ക്; അഭിനന്ദിച്ച് നരേന്ദ്രമോദി

Mail This Article
ടൊറന്റോ ∙ കാനഡയിൽ കടുത്ത ട്രംപ് വിമർശകൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടിക്ക് അധികാരത്തിലേക്ക്. യുഎസിന്റെ തീരുവ ചുമത്തലും കാനഡയെ അമേരിക്കയുടെ 51–ാം സംസ്ഥാനമാക്കുമെന്ന ട്രംപിന്റെ ഭീഷണിയും പ്രചാരണത്തിലുടനീളം ശക്തമായി ഉന്നയിച്ചത് മാർക്ക് കാർണിക്ക് അപ്രതീക്ഷിത മുന്നേറ്റം സമ്മാനിച്ചു.
മുഖ്യഎതിരാളി കൺസർവേറ്റീവ് പാർട്ടി നേതാവ് പിയെ പൊയ്‌ലീവ്രയ്ക്ക് സ്വന്തം സീറ്റ് പോലും നഷ്ടമായി. 343 അംഗ പാർലമെന്റിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം (172) ലഭിച്ചിട്ടില്ല. ലിബറൽ പാർട്ടി 169 സീറ്റിൽ വിജയിച്ചിട്ടുണ്ട്. 144 സീറ്റ് നേടിയ കൺസർവേറ്റീവുകളാവും മുഖ്യ പ്രതിപക്ഷം. ബ്ലോക് ക്യൂബക്കോ 23 സീറ്റും, ഗ്രീൻ പാർട്ടി ഒരു സീറ്റും നേടി. 75 ഇന്ത്യൻ വംശജർ മത്സരിച്ചതിൽ 23 പേർ ജയിച്ചു.
‘ട്രംപ് ഞങ്ങളെ തകർക്കാൻ ശ്രമിക്കുന്നു, പക്ഷേ കാനഡ ഞങ്ങളുടേത് തന്നെയെന്നു ഞങ്ങൾ തീരുമാനിക്കും’ കാർണി പ്രഖ്യാപിച്ചു. ട്രംപ് വിരുദ്ധതയുടെ ആഗോളനേതാവായി കാർണി ഉയർന്നുവരുന്നതായാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദി കാർണിയെ അഭിനന്ദിച്ചു. അതേസമയം, ന്യൂ ഡെമോക്രാറ്റിക് പാർട്ടി മേധാവി ജഗ്മീത് സിങ് ബർണബി സെൻട്രൽ മണ്ഡലത്തിൽ പരാജയപ്പെട്ടു. ട്രൂഡോയുടെ ഭരണം 24 ന്യൂ ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു.